നാടിന്റെ റോയി ഇനി ഓര്‍മ

പാമ്പാടി. ജനഹൃദയങ്ങളിലൂടെ ജീവിച്ച റോയി സഖറിയയ്ക്കു (50) കണ്ണീരിന്റെ നിറവില്‍ ഇന്നു വിട. കഴിഞ്ഞ ദിവസം നിര്യാതനായ കാഞ്ഞിരപ്പള്ളി മൃഗസംരക്ഷണ വകുപ്പ് ഫീല്‍ഡ് അസി.ഡയറക്ടറായ സൌത്ത് പാമ്പാടി പള്ളിപ്പീടികയില്‍ റോയി സഖറിയയുടെ സംസ്കാരം ഇന്നു രണ്ടിനു വസതിയിലെ ശുശ്രൂഷയ്ക്കുശേഷം മീനടം സെന്റ് തോമസ് ഒാര്‍ത്തഡോക്സ് പള്ളിയില്‍ നടത്തും. സര്‍ക്കാര്‍ ജോലിക്കൊപ്പം കൂട്ടുകാരുടെയും നാട്ടുകാരുടെയും ആവശ്യങ്ങള്‍ക്ക് ഓടിയെത്തിയിരുന്ന റോയിയുടെ വിടവാങ്ങല്‍ നാടിന് അപ്രതീക്ഷിത നൊമ്പരമായി.
വിദ്യാര്‍ഥിയായിരുന്ന കാലഘട്ടം മുതല്‍ സേവനമനോഭാവത്തോടെ പ്രവര്‍ത്തിച്ച മനസായിരുന്നു റോയിയുടേതെന്നു കൂട്ടുകാര്‍ അനുസ്മരിക്കുന്നു. ഡിഗ്രി പഠനത്തിനൊപ്പം കൂട്ടുകാരനായ ബാബു.സി. ജേക്കബിനൊപ്പം ആരംഭിച്ച നവഭാരത് പാരലല്‍ കോളജ് ഗ്രാമത്തിലെ അനേകം വിദ്യാര്‍ഥികള്‍ക്കു വര്‍ഷങ്ങളോളം സൌജന്യപഠനത്തിന് ഉപകരിച്ചു. അപൂര്‍വമായ ഒ നെഗറ്റീവ് രക്തഗ്രൂപ്പുകാരന്‍ കൂടിയായിരുന്ന റോയി. അടുത്തിടെ 60 തവണ രക്തം ദാനം ചെയ്തും മഹത്വം കാട്ടി. മൂന്നു മാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാന്‍ തയാറായിരുന്നു റോയി.
ഇതിനിടെ ആര്‍ക്കെങ്കിലും ഒ നെഗറ്റീവ് രക്തം ആവശ്യമായി വന്നാല്‍ നല്‍കുന്നതിനുവേണ്ടി നെഗറ്റീവ് ഗ്രൂപ്പുകാരുടെ ക്ളബ്ബും ഉണ്ടാക്കി. ഇടതുപക്ഷ അനുഭാവിയായിരുന്നെങ്കിലും രാഷ്ട്രീയത്തിനപ്പുറം സൌഹൃദങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ റോയിക്കായി. പരേതനായ മീനടം പാപ്പച്ചന്റെ മകനാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ റജി സഖറിയ സഹോദരനാണ്. പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സഹൃദയ വായനശാല സെക്രട്ടറി എന്നീ നിലകളിലും റോയി പ്രവര്‍ത്തിച്ചു.

കടപ്പാട്-മനോരമ

Comments

comments

Share This Post

Post Comment