17 ഭദ്രാസനങ്ങളുടെ ചരിത്ര ഗ്രന്ഥത്തിന്റെ പ്രകാശനം ജനുവരി 20ന്

മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ 21 ബിഷപ്പുമാര്‍ ഉള്‍പ്പെടെ 28 ഇടയന്മാരുമായി ആകാശവാണി ന്യൂസ് എഡിറ്റര്‍ റോയ് ചാക്കോ ഇളമണ്ണൂര്‍ നടത്തിയ അഭിമുഖം പുസ്തകമായി പ്രസിദ്ധീകരിക്കുന്നു.
17 ഭദ്രാസനങ്ങളുടെ സമഗ്രവിവരം ഉള്‍പ്പെട്ട ഇത്തരമൊരു ഗ്രന്ഥം ആദ്യമായിട്ടാണ് പുറത്തിറങ്ങുന്നത്. 1100ല്‍പ്പരം ചോദ്യങ്ങള്‍ക്ക് 450-ഓളം പേജുകളിലായി മെത്രാപ്പോലീത്താമാര്‍ നല്‍കിയ മറുപടി ഉള്‍പ്പെട്ട ഈ പുസ്തകത്തിന്റെ പ്രകാശനം അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ജനുവരി 20ന് കൊട്ടാരക്കര ഓര്‍ത്തഡോക്സ് കണ്‍വന്‍ഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നിര്‍വഹിക്കും. അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത ആദ്യപ്രതി ഏറ്റുവാങ്ങും.
മതപണ്ഡിതനായ ഡോ. ഡി.ബാബു പോളിന്റേതാണ് അവതാരിക. വേദശാസ്ത്രജ്ഞരായ ഫാ.ഡോ. ടി.ജെ. ജോഷ്വാ, ഫാ.ഡോ. കെ.എം. ജോര്‍ജ്ജ് എന്നിവരും പ്രൊഫ. ഡി. മാത്യു, ഡോ. ജോസ് പാറക്കടവില്‍ എന്നീ എഴുത്തുകാരും ഗ്രന്ഥത്തെ വിലയിരുത്തി തയ്യാറാക്കിയ ലേഖനങ്ങളും പുസ്തകത്തിന്റെ ആദ്യഭാഗത്ത് കൊടുത്തിട്ടുണ്ട്.
ഈ ഗ്രന്ഥത്തെക്കുറിച്ച് പ്രഗത്ഭര്‍ എഴുതിയ അവലോകനത്തില്‍ നിന്ന് :   
ഫാ. ഡോ. റ്റി.ജെ. ജോഷ്വ
സഭയുടെ ആധുനിക ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന ഒരു ദര്‍പ്പണമായി ഈ കൃതിയെ കാണാം.  മലങ്കരസഭയുടെ മിനിവിജ്ഞാനകോശമെന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല.  അവധാനപൂര്‍ണ്ണമായ ചിന്തയും പഠനവും നടത്തിയാണ് ചോദ്യങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ചരിത്രവും ജീവചരിത്രവുമുണ്ട്; ആത്മീയദര്‍ശനവും വേദശാസ്ത്രവിചിന്തനവുമുണ്ട്; സ്ഥിതിവിവര കണക്കുകളും സഭയുടെ സാക്ഷ്യചിത്രവുമുണ്ട്; ഭാവിയെപ്പറ്റിയുള്ള സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്.  സമാനതയില്ലാത്ത ഈ കൃതിയുടെ വായന എനിക്ക് ഹൃദ്യമായ ഒരനുഭവം നല്‍കി എന്ന് സാക്ഷിക്കുന്നു.  മലങ്കരസഭാമക്കള്‍ ഏവരും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ ഗ്രന്ഥം.
ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്
ഈ ഗ്രന്ഥത്തിലെ ചോദ്യങ്ങള്‍ക്ക് ഒരു ഋജുഭാവമുണ്ട്.  നേരേചൊവ്വേ രീതിയാണത്.  ഈ പുസ്തകത്തിലെ അന്വേഷണങ്ങളും അഭിമുഖങ്ങളും സഭയുടെ നന്മയ്ക്കും കെട്ടുപണിക്കും വേണ്ടിയാണ്. സഭാംഗങ്ങള്‍ക്ക് തങ്ങളുടെ സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുന്‍പില്ലാതിരുന്ന ധാരാളം അറിവുകള്‍ ഈ ഗ്രന്ഥത്തിലൂടെ കിട്ടുന്നു.  ഇതു പുതിയ പ്രത്യാശയും വിശ്വാസവും ജനങ്ങള്‍ക്ക് നല്‍കുന്നു.  
ഡോ.  ഡി. ബാബുപോള്‍
സഭയെ സ്നേഹിക്കുന്നവര്‍ക്ക് അത്യന്തം പ്രയോജനകരവും പ്രോത്സാഹജനകവുമായ വിവരങ്ങള്‍ സമാഹരിച്ച് തയ്യാറാക്കിയിട്ടുള്ള ഈ പുസ്തകം അസാധാരണമായ ഒരു കൃതിയാണ്.  സഭയിലെ നല്ല കാര്യങ്ങളറിയാന്‍ ഈ കൃതി സഹായിക്കുന്നു.   ഈ കൃതിയിലൂടെ നമ്മുടെ മേല്‍പ്പട്ടക്കാരെ, പറഞ്ഞതും പറയാത്തതുമായ വാക്കുകള്‍ കൊണ്ട് തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.  ചോദ്യങ്ങള്‍ നിര്‍മ്മിച്ചതിലെ പ്രാഗത്ഭ്യം ഉത്തരങ്ങളെ ഛായാഗ്രഹണയന്ത്രങ്ങളാക്കി മാറ്റിയിരിക്കുന്നു.  
പ്രൊഫ. ഡി. മാത്യു
ഭദ്രാസനങ്ങളില്‍ക്കൂടിയുള്ള ഈ തീര്‍ത്ഥയാത്ര അനുഗ്രഹപ്രദമാണ്, അര്‍ത്ഥവത്താണ്, വിജ്ഞാനപ്രദമാണ്, ഭാവിതലമുറയ്ക്ക് പ്രചോദനവുമാണ്.  അതിലുമുപരി, ഈ കാലത്തിന്റെ ഒരാവശ്യവുമാണ്.  1100 ഓളം ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ഈ പുസ്തകത്തിലുണ്ട്.  ലളിതമായ ഭാഷയില്‍ ശുദ്ധമായ ശൈലിയില്‍ സഭാചരിത്രം പ്രദാനം ചെയ്യുന്നു ഈ ഗ്രന്ഥം.  മലങ്കരസഭയിലെ വിവരങ്ങള്‍ അറിയുന്നതിനായി എല്ലാ ഭവനങ്ങളിലും ഇത് ഒരു കോശഗ്രന്ഥമായി സൂക്ഷിക്കേണ്ടതാണ്.  
ഡോ. ജോസ് പാറക്കടവില്‍
താന്‍ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സഭയെ അടുത്തറിയുവാനും അതിന്റെ ദര്‍ശനങ്ങള്‍ സമകാലികജീവിതത്തില്‍ പ്രസക്തമാകുന്നുണ്ടോ എന്നു നിരീക്ഷിക്കുവാനും ഉയര്‍ത്തുന്ന ചോദ്യങ്ങളാണ് ഈ ഗ്രന്ഥത്തെ ശ്രദ്ധേയമാക്കുന്നത്.  മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണത്വരയും ജിജ്ഞാസയും അഭിമുഖങ്ങള്‍ക്ക് ചൂടും വെളിച്ചവും പകരുന്നു.  സഭയുടെ വിശാലത എത്രത്തോളം ഉണ്ടെന്ന് കണ്ടെത്തുവാന്‍ സഹായകമാണ് ഈ ഗ്രന്ഥം.

കോപ്പി വേണ്ടവര്‍ 9446529577 എന്ന നമ്പരില്‍ വിളിക്കുക.  
ഇ-മെയില്‍: roychackoelamannur@gmail.com
ഒരു കോപ്പിക്ക് നിരക്ക് 200 രൂപയാണ്.

Comments

comments

Share This Post