കൂട്ടായ്മയുടെ അനുഭവത്തില്‍ പ്രവര്‍ത്തിക്കണം

കുവൈറ്റ്: കൂട്ടായ്മയുടെ അനുഭവത്തില്‍ പ്രവര്‍ത്തിക്കുവാനും, വിശുദ്ധജീവിതം നയിച്ച പരിശുദ്ധ ബാവാതിരുമേനിയുടെ മദ്ധ്യസ്ഥതയില്‍, കൂടുതല്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും കല്‍ക്കത്താ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. Photo Gallery
മൂന്നാമത് കാതോലിക്കായായി മലങ്കര സഭയെ ദീര്‍ഘകാലം നയിച്ച പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതിയന്‍ ബാവായുടെ 49-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്, സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്മെന്റ് സംഘടിപ്പിച്ച കുടുംബസംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഭവന്ദ്യ മെത്രാപ്പോലീത്താ.
ജനുവരി 4-ന് വെള്ളിയാഴ്ച്ച വൈകിട്ട് യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് മഹാ ഇടവക വികാരിയും പ്രസ്ഥാനത്തിന്റെ പ്രസിഡണ്ടുമായ റവ. ഫാ. ജോസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ കുടുംബസംഗമത്തില്‍, വൈസ് പ്രസിഡണ്ട് റ്റി.വി. ജോര്‍ജ്ജ് സ്വാഗതവും, കണ്‍വീനര്‍ എബ്രഹാം വര്‍ഗീസ് നന്ദിയും പറഞ്ഞു.
സഭാ മാനേജിംഗ് കമ്മിറ്റിയംഗം സാബു റ്റി. ജോര്‍ജ്ജ്, സെക്രട്ടറി പി. ഗീവര്‍ഗീസ് ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക സെക്രട്ടറി സന്ദീപ് പുളിക്കല്‍, ഇടവകയിലെ മറ്റു ജീവകാരുണ്യ പ്രസ്ഥാനങ്ങളുടെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
4-ാം തീയതി രാവിലെ നാഷണല്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിലും, വൈകിട്ട് സാല്‍മിയ സെന്റ് മേരീസ് ചാപ്പലിലും, 5ന് വൈകിട്ട് പുതിയതായി കൂദാശ ചെയ്ത അബ്ബാസിയ സെന്റ് ജോര്‍ജ്ജ് ചാപ്പലിലും പരിശുദ്ധ ബാവാതിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുകയും, പ്രത്യേകമായ നേര്‍ച്ചവിതരണം നടത്തുകയും ചെയ്തു.

Comments

comments

Share This Post