ശതോത്തര സുവര്‍ണ ജൂബിലി നിറവില്‍

കരുനാഗപ്പള്ളി. തഴവ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയം ശതോത്തര സുവര്‍ണ ജൂബിലി നിറവില്‍.
ആത്മീയ സപര്യയില്‍ 150 പൂര്‍ണവര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മധ്യതിരുവിതാംകൂറിലെ പുരാതന ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നായ തഴവ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയും ദേവാലയവും 1962ല്‍ സ്ഥാപിക്കപ്പെട്ടതാണ്.
പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹയാല്‍ സ്ഥാപിതമായ നിലയ്ക്കല്‍ പള്ളിയുടെ പവിത്രപാരമ്പര്യം പേറുന്ന ഈ ദേവാലയത്തിന്റെ പഴയ മദ്ബഹയ്ക്കു ശിലാസ്ഥാപനം നടത്തിയതു പരിശുദ്ധ പരുമല തിരുമേനിയാണ്. നാനൂറില്‍പ്പരം കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഈ ദേവാലയത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സ്വതന്ത്ര ഇടവകകളായി നില്‍ക്കുന്ന മണപ്പള്ളി സെന്റ് മേരീസ് ശാലോം ദേവാലയവും ഇടക്കുളങ്ങര സെന്റ് ഗ്രിഗോറിയോസ് ദേവാലയവും.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്കു 12നും 13നും തുടക്കമാകുമെന്നു വികാരി ഫാ. വി. തോമസ് പട്ടാഴി, ട്രസ്റ്റി ബിനു ജോര്‍ജ്, സെക്രട്ടറി ജോജി കെ. ജോണ്‍, ജനറല്‍ കണ്‍വീനര്‍ പ്രഫ. ജി. അലക്സാണ്ടര്‍ എന്നിവര്‍ പറഞ്ഞു.
12ന് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ തിരുവിതാംകോട് മാര്‍ത്തോമ്മന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നു ദീപശിഖാപ്രയാണം ആരംഭിക്കും. തീര്‍ഥാടനകേന്ദ്രം മാനേജര്‍ റവ. ബര്‍സ്ലീബി റമ്പാന്‍ ഉദ്ഘാടനം ചെയ്യും. ദീപശിഖാ പ്രയാണം 2.30നു ശാസ്താംകോട്ട മൌണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ എത്തി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ കബറിങ്കല്‍ ധൂപപ്രാര്‍ഥന നടത്തും. ദീപശിഖ വിളംബര ഘോഷയാത്രയ്ക്കു തഴവ അരമത്തുമഠം ജംക്ഷനില്‍ പൌരസ്വീകരണം നല്‍കുമെന്നു മറ്റു ഭാരവാഹികളായ അനില്‍ മത്തായി, കെ.ഒ. ജേക്കബ്, ജോണ്‍ കോശി, മത്തായി ഡാനിയല്‍ എന്നിവര്‍ പറഞ്ഞു.
ഘോഷയാത്രയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിയിലേക്കു സ്വീകരിച്ചാനയിക്കും. 5.30നു സഖറിയാസ് മാര്‍ അന്തോണിയോസിന്റെയും മാത്യൂസ് മാര്‍ തേവോദോസിയോസിന്റെയും നേതൃത്വത്തില്‍ ജൂബിലി ദീപം തെളിയിക്കലും ജൂബിലി പതാക ഉയര്‍ത്തലും നടക്കും. 13നു മുന്നിന്‍മേല്‍ കുര്‍ബാന, 10.15നു ഗാനാര്‍ച്ചന.  11നു ചേരുന്ന സമ്മേളനം കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സഖറിയാസ് മാര്‍ അന്തോനിയോസ് അധ്യക്ഷനായിരിക്കും. തോമസ് മാര്‍ അത്തനാസിയോസ് ജൂബിലി ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി ഷിബു ബേബിജോണ്‍ ജൂബിലി സന്ദേശം നല്‍കും. മാത്യൂസ് മാര്‍ തേവോദോസിയോസ് പ്രഭാഷണം നടത്തും.  യുവജനപ്രസ്ഥാനം പ്രസിദ്ധീകരിക്കുന്ന ജൂബിലി വാര്‍ത്താ പത്രികയായ ‘എഴുത്തോലയുടെ പ്രകാശനം സി. ദിവാകരന്‍ എംഎല്‍എ നിര്‍വഹിക്കും. റവ. സി.ഒ. ജോസഫ് റമ്പാന്‍ ഏറ്റുവാങ്ങും. ഫാ. കെ.ജി. അലക്സാണ്ടര്‍ ജൂബിലി ഗാനസമര്‍പ്പണം നടത്തും.

Comments

comments

Share This Post