ലാളിത്യത്തിന്റെ ഇടയന് സ്മരണാഞ്ജലി

ഫിലഡല്‍ഫിയാ: ലാളിത്യത്തിന്റെ ആള്‍രൂപവും നിഷ്കളങ്കതയുടെ പ്രതിരൂപവുമായ ഇടയശ്രേഷ്ഠന്റെ 30-ാം അടിയന്തിരം നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനം പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.
വിശ്വസിച്ചതില്‍ വിട്ടുവീഴ്ചയില്ലാതെയും വിശ്വസിക്കാത്തിനോട് വിരോധം പുലര്‍ത്താതെയും ബന്ധങ്ങളെ മാനിച്ചും അവ ബന്ധനങ്ങളാവാതെ സൂക്ഷിച്ചും ഈ ഭൂമയിലൂടെ നടന്നു പോയ മഹാനുഭാവനെന്ന് ഡോ. ഡി. ബാബു പോള്‍ വിശേഷിപ്പിച്ച ആചാര്യശ്രേഷ്ഠന്‍.
ജനുവരി 5 ന് രാവിലെ മുതല്‍ വാഷിഗ്ടണ്‍ മുതല്‍ ബോസ്റ്റണ്‍ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ തങ്ങളുടെ ആത്മീയ പിതാവിന്റെ 30-ാം അടിയന്തിര ശുശ്രൂഷകളില്‍ പങ്കെടുക്കുവാന്‍ പ്രാര്‍ഥനാപൂര്‍വം എത്തിയിരുന്നു. 9ന് തുടങ്ങിയ പ്രഭാത നമസ്കാരത്തിനുശേഷം നടന്ന വി. കുര്‍ബാനയില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ പ്രധാന കാര്‍മ്മികനായിരുന്നു. ഭദ്രാസനത്തിലെ ഒട്ടുമിക്ക വൈദികരും സഹകാര്‍മ്മികരായി ശുശ്രൂഷകളില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന അനുസ്മരണയോഗത്തിന് മുന്നോടിയായി എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ജീവിത രേഖകളിലേക്ക് വെളിച്ചം വീശുന്ന കവിത പാരായണം ചെയ്തു.
യോഗത്തില്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരുന്നു. അമേരിക്കന്‍ ഭദ്രാസനങ്ങളെ വിശുദ്ധിയുടെയും സ്നേഹത്തിന്‍െറയും താഴ്മയുടെയും പാഠങ്ങള്‍ പഠിപ്പിച്ച തന്റെ ആത്മീയ പിതാവിനോടൊപ്പം കഴിയുവാന്‍ കഴിഞ്ഞ ധന്യമുഹൂര്‍ത്തങ്ങളെ സ്മരിച്ച മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്ത സാധാരണഗതിയില്‍ വികാര വിദ്വേങ്ങള്‍ക്ക് അടിമപ്പെടാത്ത ആളാണ് താനെന്ന് പറഞ്ഞു. പക്ഷെ ഇപ്പോള്‍ വികാരാധീനനാവുകയാണ്. എന്റെ പിതാവിനോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ കഴിഞ്ഞ 10 വര്‍ഷങ്ങള്‍ മാര്‍ ബര്‍ണബാസ് തിരുമേനിയോടൊപ്പം ഉണ്ടും ഉറങ്ങിയും അടുത്തിടപഴകി ജീവിക്കുവാന്‍ സാധിച്ചു. ആരെയും വ്രണപ്പെടുത്താതെ ആശാവഹമായ, ആശ്വാസദായകമായ ഒരു തലത്തില്‍ എത്തുവാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. നേരെ വാ നേരെ പോ എന്ന പ്രകൃതക്കാരനായിരുന്നു തിരുമേനി.  കാര്യബോധത്തിന്റെയും വിചാരശീലത്തിന്റെയും ഉത്തമ ഉദാഹരണവും ആയിരുന്നു. ഭദ്രാസനത്തിലെ ഇടവകകളുടെയും ഇടവക ജനങ്ങളുടെയും ആത്മീയാഭിവൃദ്ധി ജീവിത വ്രതമായി കണ്ടു. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്നതൊരു പ്രശ്നമേയല്ലായിരുന്നു.  ക്രിസ്തുവിന്റെ പ്രതിപുരുഷനായിരിക്കുക എന്നതായിരുന്നു എപ്പോഴത്തെയും ചിന്ത. ചില കാര്യങ്ങളില്‍ ഞങ്ങള്‍ വ്യത്യസ്ത ധ്രുവങ്ങളിലും ആയിരുന്നു. മെത്രാപ്പോലീത്താമാരുടെ ഇടയില്‍ ഏറ്റം കുറിയ  ആള്‍ മാര്‍  ബര്‍ണബാസ് തിരുമേനിയും വലുത് ഞാനുമായിരുന്നു. കൂട്ടച്ചിരിക്ക് തിരികൊളുത്തി മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ പറഞ്ഞു. മാര്‍ ബര്‍ണബാസ് തിരുമേനിയുടെ ആത്മീയ പൈതൃകം ഭദ്രാസനം തുടരണം എന്ന ആഹ്വാനത്തോടെയാണ് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ തന്റെ അദ്ധ്യക്ഷപ്രസംഗം ഉപസംഹരിച്ചത്.
തുടര്‍ന്ന് അര്‍മ്മീനിയന്‍ അപ്പോസ്തോലിക് ചര്‍ച്ച് ഓഫ് യുഎസ്എ അദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് ഓഷാഗാന്‍ ചൊളോയോന്‍ അനുസ്മരണ പ്രഭാഷണം നടത്തി. മാര്‍ ബര്‍ണബാസ് തിരുമേനിയുടെ പാവന സ്മരണക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഭൌതികമായി മാത്രം ചിന്തിക്കുന്നവര്‍ ഈ വിയോഗത്തെ അന്ത്യമായി കാണുന്നു. പക്ഷെ യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ഇത് തുടക്കം മാത്രമാണ്. ഒരുങ്ങിയിരിക്കുക. ദൈവം എപ്പോഴാ വരുമെന്നറിയില്ല. ദനഹാ പെരുന്നാളിന്റെ ഈ നാളുകളില്‍ ബര്‍ണബാസ് തിരുനേനിയുടെ വേര്‍പാടിന്റെ ദുഃഖം നാമറിയുന്നു. പക്ഷെ നമുക്ക് സമാശ്വസിക്കാം കാരണം, ഒരിക്കല്‍ നാമോരോരുത്തരും ഈ  ജീവിതത്തില്‍ നിന്ന് വേര്‍പെട്ട് മാര്‍ ബര്‍ണബാസ് തിരുമേനിയോടൊപ്പം ചേരേണ്ടവരാണ്.
മാര്‍ത്തോമാ സഭ നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനാധിപന്‍ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയൊഡോഷ്യസ് എപ്പിസ്ക്കോപ്പാ, മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ ജീവിത സാക്ഷ്യത്തിനും പ്രേക്ഷിത പ്രവര്‍ത്തനങ്ങള്‍ക്കും ദൈവത്തിന് നന്ദി കരേറ്റിക്കൊണ്ടാണ് തന്റെ സ്മരണകള്‍ അയവിറക്കിയത്. ലാളിത്യത്തിന്റെ സ്വരൂപമായിരുന്നു തിരുമേനി. എന്തിലും സംതൃപ്തികണ്ടെത്തിയ മാഹനുഭാവന്‍. ഉളളത് ധാരാളം. മതി, വേണ്ട എന്ന രണ്ട് വാക്കുകള്‍ ജീവിത  സായന്തമാക്കിയ സാത്വികന്‍ പ്രത്യേകമായും കാര്യങ്ങളില്‍ തിരുമേനി ശ്രദ്ധചെലുത്തി. പ്രാര്‍ഥനാപുസ്തകങ്ങളും ആരാധനാക്രമങ്ങളും തര്‍ജ്ജമ ചെയ്ത് എല്ലാവരിലും എത്തിക്കുന്നതില്‍ പുതുതലമുറയെ ആത്മീയതിയലേക്കും നയിക്കുന്നതില്‍,  സ്ത്രീകള്‍ക്ക് വേണ്ട പ്രാതിനിധ്യം നല്‍കുന്നതില്‍.
സിറോ മലങ്കര കാത്തലിക് എക്സാര്‍ക്കേറ്റ് ഓഫ് യുഎസ്എ അധിപന്‍ മോസ്റ്റ് റവ. ഡോ.  തോമസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ മാര്‍ ബര്‍ണബാസ് തിരുമേനിയുടെ വിലപ്പെട്ട മേല്പട്ട ശുശ്രൂഷക്ക് ദൈവത്തിന് നന്ദി കരേറ്റിക്കൊണ്ടാണ് പ്രഭാഷണം ആരംഭിച്ചത്. ഞങ്ങളുടെ ആദ്യ കണ്ടുമുട്ടല്‍ വളരെ ശ്രേഷ്ഠമായിരുന്നു. അതിനുശേഷം അഭിവന്ദ്യ തിരുമേനിയെപ്പറ്റി കൂടുതല്‍ അറിയുവാനായി. തിരുമേനി വ്യത്യസ്ഥനായ ഒരു പിതാവായിരുന്നു. ഉപഭോക്ത  സംസ്കാരം നടമാടുന്ന യുഗത്തിലും താപസശ്രേഷ്ഠനായി അദ്ദേഹം ജീവിച്ചു. ഭൌതീകത മറി കടന്നും ജീവിക്കാനാവുമെന്ന് സ്വജീവിതത്തില്‍ അദ്ദേഹം പഠിപ്പിച്ചു. ക്രൈസ്തവ ജീവിതത്തിന്‍െറ ഉത്തമ ഉദാഹരണമാണ് മാര്‍ ബര്‍ണബാസ്. കാലഘട്ടതിനനുസരിച്ച്, ജീവിക്കുന്ന ചുറ്റുപാടുകള്‍ക്ക് അനുസൃതമായി കാര്യങ്ങളെ എങ്ങിനെ രൂപാന്തപ്പെടുത്താം എന്ന് അദ്ദേഹം പഠിപ്പിച്ചു.
തുടര്‍ന്ന് ഫാ. അലക്സാണ്ടര്‍ കുര്യന്‍ സന്ദേശങ്ങള്‍ വായിച്ചു. യുഎസ് വൈസ് പ്രസിഡന്‍റ് ജോ ബൈഡന്‍,  ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രു കുമോ ഫിലഡല്‍ഫിയ മേയര്‍ മൈക്കിള്‍ നാഡര്‍, ന്യുയോര്‍ക്ക് സിറ്റി മേയര്‍ മൈക്കിള്‍  ബ്ലുംബര്‍ഗ്, ഫിലഡല്‍ഫിയ ടോം കോര്‍ബറ്റ്, യുഎസ് കോണ്‍ഗ്രസ് മാര്‍ ചാള്‍സ് സുഗര്‍ട്ടി എന്നിവരുടെ സന്ദേശങ്ങളാണ് വായിച്ചത്.
സൌത്ത് വെസ്റ്റ് അമേരിക്കന്‍ മെത്രാസന അധിപന്‍ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെ സന്ദേശം വായിച്ച ഭദ്രാസന സെക്രട്ടറി ഫാ. ജോയി പൈങ്ങോലില്‍ അനുസ്മരണ പ്രസംഗം നടത്തുകയും ചെയ്തു.
പിന്നീട് ഭദ്രാസനത്തിലെ വിവിധ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും പ്രതിനിധീകരിച്ച് താഴെപ്പറയുന്നവരും തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെച്ചു. ഫാ. ഫിലിപ്പ് സി. എബ്രഹാം (ക്ലേര്‍ജി ഫെല്ലോഷിപ്പ്), ഫാ. സിബി വര്‍ഗീസ് (മാര്‍ ബര്‍ണബാസിന്‍െറ പേഴ്സണല്‍ സെക്രട്ടറിമാര്‍), കോരസണ്‍ വര്‍ഗീസ് (സഭാ മാനേജിംഗ് കമ്മറ്റി), ഡോ. സാഖ് സഖറിയ (ഭദ്രാസന കൌണ്‍സില്‍), ബെന്നി വര്‍ഗീസ് (സണ്‍ഡേസ്കൂള്‍), ജെസി മാത്യു (മര്‍ത്തമറിയം വനിതാ സമാജം), ഡീക്കന്‍ ഡെന്നിസ് മത്തായി(എംജിഒസിഎസ്എം) ഫാ. സുജിത് തോമസ് (ഫൊക്കസ്- ഫാമിലി കോണ്‍ഫറന്‍സ്)
മുപ്പതാം അടിയന്തിരം പ്രമാണിച്ച് ഓര്‍ത്തഡോക്സ് ഹെറാള്‍ഡ് പ്രസിദ്ധീകരിച്ച അനുസ്മരണം ബുക്കിന്റെ ( ദ സെയിന്റ് ലി മാന്‍) പ്രകാശന കര്‍മ്മമാണ്  പിന്നീട് നടന്നത്. മാര്‍ ബര്‍ണബാസ് തിരുമേനിയെക്കുറിച്ച് അടുത്തറിയവുള്ളവരുടെ അനുസ്മരണങ്ങളും  കുറിപ്പുകളും ഫോട്ടോകളും പത്രറിപ്പോര്‍ട്ടുകളും  അടങ്ങിയ 100  പേജുകളുള്ള ബുക്കിന്‍െറ ആദ്യപ്രതി സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ, റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്കോപ്പക്ക് നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. ഫാ. ഷേബാലിയാണ് എഡിറ്റര്‍.
മാര്‍ ബര്‍ണബാസ് തിരുമേനിയുടെ പാവനസ്മരണ നില നിര്‍ത്തുന്നതിനായി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന കൌണ്‍സിലിംഗ് സെന്ററിന് വേണ്ടിയുള്ള എന്‍ഡോവ്മെന്റിന്റെ ഉദ്ഘാടനവും തദവസരത്തില്‍ തന്നെ നടന്നു.
ഭദ്രാസന സെക്രട്ടറി ഫാ. എം. കെ. കുറിയാക്കോസ് സ്വാഗതവും ഭദ്രാസന കൌണ്‍സില്‍ അംഗം ഫിലിപ്പോസ് ഫിലിപ്പ് നന്ദിയും രേഖപ്പെടുത്തി. മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ ആശീര്‍വാദത്തോടുകൂടിയാണ് അനുസ്മരണയോഗം  സമാപിച്ചത്.

Comments

comments