നാലാം തലമുറയ്ക്കൊപ്പം 75-ാം വിവാഹവാര്‍ഷികം

നാലാം തലമുറയ്ക്കൊപ്പം 75-ാം വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള അപൂര്‍വ്വഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പ്രക്കാനം വായിത്തറയില്‍ വി.ഇ.ജോണും ഭാര്യ ഏലിക്കുട്ടിയും. ഇന്നലെ വാര്‍ഷികം ആഘോഷിക്കുമ്പോള്‍ നാലാം തലമുറയുടെ ഇങ്ങേയറ്റത്തുള്ള 19തുകാരന്‍ ജസിലിനും പാരമ്പര്യത്തിന്റെ ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിക്കാന്‍ അപൂര്‍വ അനുഭവമാകും. 51-ാം വിവാഹവാര്‍ഷികം ആഘോഷിച്ച മൂത്തമകള്‍ ആനിയമ്മയുടെ കൊച്ചുമകനാണ് ജസില്‍.
പള്ളിയിലെ മദ്ബഹാ ശുസ്രൂഷകനായും അധ്യാപകനായും കംപൌണ്ടറായും പോസ്റ് മാസ്ററായും ക്ളാര്‍ക്കായും പലവേഷപ്പകര്‍ച്ച കണ്ട ജീവിതമാണ് ജോണിന്റേത്. ഓര്‍മകളുടെ ചങ്ങല ഇടയ്ക്ക് മുറിയുമെങ്കിലും 96-ാം വയസ്സിലും പഴയ ഇ.എസ്.എല്‍.സി.ക്കാരനായ (ഇംഗ്ളീഷ് സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കേറ്റ്) ജോണിന് ഇംഗ്ളീഷ് അനായാസം വഴങ്ങും. ഭാര്യ ഏലിക്കുട്ടി പഴയ 7-ാം ക്ളാസുകാരിയാണ്. നിലത്തെഴുത്ത് സജീവമായിരുന്ന അക്കാലത്ത് മൂന്നുമക്കളെയും വീട്ടിലിരുത്തി അക്ഷരം പഠിപ്പിച്ചത് ഏലിക്കുട്ടിയാണ്. ഭര്‍ത്താവിനെക്കാള്‍ രണ്ട് വയസ്സിന്റെ കുറവേയുള്ളെങ്കിലും ഏലിക്കുട്ടിയ്ക്ക് ഓര്‍മ്മയ്ക്കും കാഴ്ചയ്ക്കും കുറവ് വന്നിട്ടില്ല. ആനിയമ്മ ജോര്‍ജ്ജ്, മേരി സേവ്യര്‍, തോമസ് ജോണ്‍ എന്നിവരാണ് മക്കള്‍.
1938 ജനുവരി 17ന് പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു ജോണിന്റെയും ഏലിക്കുട്ടിയുടെയും വിവാഹം. അന്ന് വിവാഹ ശുശ്രൂഷ നടത്തിയത് മുളമൂട്ടില്‍ തോമസ് കത്തനാരായിരുന്നു. അദ്ദേഹത്തിന്റെ ചെറുമകനാണ് അടുത്തിടെ  മുംബൈയില്‍ കോര്‍-എപ്പിസ്കോപ്പാ പദവി ലഭിച്ച യൌനാന്‍ കോര്‍-എപ്പിസ്കോപ്പാ. വിവാഹം നടന്ന അന്നത്തെ പള്ളി ഇപ്പോള്‍ വലിയപള്ളിയായി ഉയര്‍ന്നു. 75-ാം വിവാഹ വാര്‍ഷികമായ ഇന്നലെ വലിയപള്ളിയില്‍ അഞ്ചിന്മേല്‍ കുര്‍ബ്ബാനയും നടന്നു.

Comments

comments