ജി. ജോണ്‍ വക്കീല്‍ ഇനി ഓര്‍മ

കായംകുളം: ആറുപതിറ്റാണ്ടത്തെ അഭിഭാഷകവൃത്തി സാമൂഹിക സേവനമാക്കിയ കന്നയില്‍ ജി. ജോണ്‍ വക്കീല്‍ ഇനി ഓര്‍മ.
നിയമത്തിന്റെ നൂലിഴകള്‍ കീറിമുറിച്ച് ഔദ്യോഗികരംഗത്തും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
1949 ല്‍ അഭിഭാഷകനായി. ബാര്‍ കൗണ്‍സില്‍ മുമ്പാകെ അദ്ദേഹത്തിന് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് ചീഫ് ജസ്റ്റിസായിരുന്ന കായംകുളം പുതുപ്പള്ളി പുതുശ്ശേരി കൃഷ്ണപിള്ളയാണ്. രണ്ടുതവണ പബ്ലിക് പ്രോസിക്യൂട്ടറായി സേവനം അനുഷ്ഠിച്ച ജോണ്‍ വക്കീല്‍ പതിനഞ്ചു വര്‍ഷം കേരള ബാര്‍കൗണ്‍സില്‍ അംഗമായിരുന്നു. മധുര അമേരിക്കന്‍ കോളജിലെ ബിരുദ പഠനത്തിനുശേഷം മദ്രാസ് ലോ കോളജില്‍ അദ്ദേഹം നിയമ പഠനത്തിന് ചേര്‍ന്നപ്പോഴുണ്ടായ സംഭവം പില്‍ക്കാലത്ത് ചരിത്ര ഭാഗമായി മാറി. ദിവാന്‍ സര്‍ സി.പി. രാമസ്വാമി അയ്യരെ വെട്ടിയ അമ്പലപ്പുഴ കെ.സി.എസ്. മണി ഒളിവില്‍ കഴിയാനെത്തിയത് ലോ കോളജ് ഹോസ്റ്റലിലെ ജോണിന്റെ മുറിയിലായിരുന്നു.
മലങ്കര സഭാ തര്‍ക്കവിഷയം പരിഹരിക്കാന്‍ 1950 ല്‍ രൂപം കൊടുത്ത പീസ് ലീഗിന്റെ ചെയര്‍മാനായും ജോണ്‍ വക്കീല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവിതാംകൂറില്‍ കോളിളക്കമുണ്ടാക്കിയ വാസുദേവന്‍പിള്ള കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളുടെ പ്രോസിക്യൂട്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മരിക്കുന്നതിന് നാളുകള്‍ക്കു മുമ്പും ജോണ്‍ വക്കീല്‍ കോടതിയില്‍ എത്തുമായിരുന്നു.

Comments

comments

Share This Post