തേവലക്കര മര്‍ത്തമറിയം പള്ളി “പൌരാണികതയുടെ പരിമളം”

ഏകദേശം 1500 വര്‍ഷത്തെ പുരാതനത്വമെങ്കിലും പറയപ്പെടുന്ന മലങ്കരയിലെ ഏറ്റവും പൌരാണികമായ ദേവാലയങ്ങളില്‍ ഒന്നായി ശോഭിക്കുന്ന തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് ദേവാലയം പ.സഭയുടെ മാര്‍ ആബോ തീര്‍ത്ഥാടന കേന്ദ്രം എന്ന പേരില്‍ ഒരു നാടിന്റെ തിലകക്കുറിയായി. തേവലക്കരയില്‍ ദേവാലയങ്ങളുടെ സംഗമ ഭൂമിയില്‍ ശോഭിച്ചുകൊണ്ടിരിക്കുന്നു. പ. മര്‍ത്തമറിയം അമ്മയുടെ നാമത്തില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന പൌരാണികമായ ഈ ദേവാലയം പ.മാര്‍ ആബോ പിതാവിന്റെ കബറിടത്താല്‍ ധന്യമായിരിക്കുന്നു. ഈ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥതാ സഹായങ്ങള്‍ കൊണ്ട് ചൈതന്യമുണരുന്ന ഈ ദേവാലയത്തില്‍ പ.മാര്‍ ആബോയുടെ ഓര്‍മപ്പെരുന്നാള്‍ ഫെബ്രുവരി മാസത്തില്‍ വിശ്വാസികള്‍ നടത്തിവരുന്നു.
മാറാബാന്‍, മാറാബോ, മാറാച്ചന്‍ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്ന ഈ പരിശുദ്ധനെക്കുറിച്ച് നിരണം ഗ്രന്ഥാവരിയില്‍ രേഖപ്പെടിത്തിയിരിക്കുന്നത് ഇപ്രകാരമാണ്. മിശിഹാക്കാലം 905ല്‍ കൊല്ലം 80ല്‍ മാര്‍ ദനഹാ എന്ന പേരുള്ള മെത്രാന്‍ വന്നു. അയാളുടെ കൂടെ റാബാന്‍ എന്നും യൌവാന്‍ എന്നും മാറാന്‍ എന്നും ഇങ്ങനെ 4 പേര്‍ മലയാളത്തു വന്നു. മാറായന്‍ എന്നയാള്‍ തേവലക്കര പള്ളിയില്‍ അടങ്ങി. ഈ ദേവാലയമാകട്ടെ, വി.തോമ്മാശ്ളീഹാ കൊല്ലത്ത് സ്ഥാപിച്ച പള്ളി (കുരക്കേണി കൊല്ലം) നാലാം നൂറ്റാണ്ടോടുകൂടി കടല്‍ കയറി നശിച്ചപ്പോള്‍ തുടര്‍ന്നുണ്ടായ ആദ്യ പള്ളിയില്‍ ഒന്നായി കരുതപ്പെടുന്നു. ഇപ്പോള്‍ തേവലക്കരയിലും പരിസര പ്രദേശത്തും ഉള്ള മിക്ക ദേവാലയങ്ങളും ഇവിടെ നിന്നും പിരിഞ്ഞു പോയതാണ്.മചാലിയത്ത് മരയ്ക്കാറുടെ അക്രമണത്തില്‍ ഈ ദേവാലയം ഒരിക്കല്‍ അഗ്നിക്കിരയായി. അക്രമണത്തെ ഭയന്ന് കുറേ ആളുകള്‍ ഇസ്ളാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു. അനേകം ആളുകള്‍ വധിക്കപ്പെടുകയും ചെയ്തു. മരണമടഞ്ഞവരെ പള്ളിയുടെ മുമ്പില്‍ ഒരു വലിയ കുഴിയെടുത്ത് അവിടെ അടക്കം ചെയ്തു. 1965നു ശേഷം പള്ളി പുതുക്കി പണിഞ്ഞപ്പോള്‍ കണ്ട അസ്ഥികൂമ്പാരങ്ങള്‍ ഈ സംഭവത്തിന് സ്ഥിരീകരണം നല്‍കുന്നു.
കടമറ്റം പള്ളിയുമായി ഈ ദേവാലയത്തിനുള്ള ബന്ധവും സുപ്രസിദ്ധമാണ്. സുപരിചിതനായ കടമറ്റത്തച്ചന്റെ ഗുരുവായിട്ടാണ് മാര്‍ ആബോ അറിയപ്പെടുന്നത്. എല്ലാ മാസത്തിലെയും രണ്ടാം വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഉപവാസ ധ്യാനത്തിലും മദ്ധ്യസ്ഥ പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും അനേകം ആളുകള്‍ സംബന്ധിക്കുന്നുണ്ട്. ഫെബ്രുവരി 7, 8 തീയതികളില്‍ പരിശുദ്ധ പിതാവിന്റെ നാമത്തിലുള്ള വലിയ പെരുന്നാളും ഒക്ടോബര്‍ മാസം 22, 23 തീയതികളില്‍ പരിശുദ്ധ പിതാവിന്റെ നാമത്തിലുള്ള ചെറിയ പെരുന്നാളും ആഗസ്റ് 15 പ.മാതാവിന്റെ മധ്യസ്ഥതയില്‍ വാങ്ങിപ്പു പെരുന്നാളും പ്രധാന പെരുന്നാളുകളായി പരിലസിക്കുന്നു. 2 ചാപ്പലുകളും രണ്ട് സണ്‍ഡേ സ്കൂളുകളും, രണ്ട് വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും, ഞായറാഴ്ചകളില്‍ പതിമൂന്ന് പ്രാര്‍ത്ഥനാ യോഗങ്ങളും, മര്‍ത്തമറിയം സമാജം, സുവിശേഷ സംഘം, ദിവ്യബോധനം, ബാല-ബാലികാ സമാജം, യുജവ പ്രസ്ഥാനം തുടങ്ങിയ എല്ലാ ആത്മീയ സംഘടനകളും ഭംഗിയായി നടക്കുന്നു. വെരി. റവ. അലക്സാണ്ടര്‍ വൈദ്യന്‍ കോര്‍-എപ്പിസ്കോപ്പാ, വെരി. റവ. ഡോ.കെ.എല്‍. മാത്യു വൈദ്യന്‍ കോര്‍-എപ്പിസ്കോപ്പാ, റവ. ഫാ. വര്‍ഗ്ഗീസ് തരകന്‍, റവ.ഫാ. എം.എം. വൈദ്യന്‍, റവ.ഫാ. അജി ഉമ്മന്‍, റവ. കെ.എം. കോശി വൈദ്യന്‍, റവ.ഫാ. ഷിബു കുറ്റിയില്‍, റവ. ഫാ. രഞ്ജു മാത്യു വൈദ്യന്‍, റവ.ഫാ. ജോണ്‍ ഗീവര്‍ഗീസ് എന്നീ പ്രദല്‍ഭരായ വൈദികര്‍ ഇടവകാംഗങ്ങളാണ്. ബുദ്ധിമാന്ദ്യം സംഭവിച്ച പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്ഥാപനമായ ബഥനി പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള ബഥാന്യാ ഭവന്‍ നന്മയുടെ കിരണമായി ഈ പ്രദേശത്ത് വെളിച്ചം വിതറുന്നു.

Comments

comments

Share This Post