ദര്‍പ്പണത്തിന് അഭിമുഖമായപ്പോള്‍-ഷാജി വി.മാത്യു, പത്തിച്ചിറ

ദീപ്ത സ്മരണകളുമായി അഭിവന്ദ്യ ഒസ്താത്തിയോസ് തിരുമേനി നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു. ഓര്‍മ്മയുടെ ദിനങ്ങള്‍ പെരുന്നാളുകളെന്ന് വിളിക്കപ്പെടുവാന്‍ തക്കവിധം ജനഹൃദയങ്ങളില്‍ വിശുദ്ധി വിതറിയ ഭാഗ്യതാരകം. ഇത് സഭയുടെ മൂല്യതയാര്‍ന്നതും അമൂല്യമായതുമായ സമ്പാദ്യം ആകുന്നു. യേശുക്രിസ്തുവിനെപ്പോലെ തന്നെയായിരുന്നു, അതായത് യേശുക്രിസ്തുവിനോട് സാമാനതപ്പെടുന്നതായിരുന്നു അഭിവന്ദ്യ തിരുമേനി.
ധനവാന്മാരെ ശാസനകളില്‍ ഒതുക്കുക മാത്രമല്ല അവരെ ദയാതല്പരരായി രൂപാന്തരപ്പെടുത്താനും ഈ മഹത് വ്യക്തിത്വത്തിന്റെ പ്രാഗല്‍ഭ്യത്തിന് സാധിച്ചു. രണ്ട് ഉള്ളവന്‍ ഒന്നില്ലാത്തവന് കൊടുക്കട്ടെയെന്ന കേട്ടമൊഴി തിരുത്തി ഒന്ന് ഉള്ളവരും അത് പങ്കിടണം എന്ന് ഈ സാമൂഹ്യശാസ്ത്രങ്ങള്‍ പഠിപ്പിച്ചു. സ്വന്തമായി ഉണ്ടായിരുന്നതെല്ലാം എന്റേതല്ലായെന്നും അന്യന്റെ കൈവശം ഇരിക്കുന്ന സ്വാധീന സ്വത്തുക്കള്‍ എന്റേതാണെന്നും വിശ്വസിപ്പിച്ച് അനേകരെ ക്രിസ്തുവിലേക്ക് വിളിച്ചു ചേര്‍ത്ത് സ്വര്‍ഗ്ഗീയനിക്ഷേപം അനേകര്‍ക്കു സമ്പാദ്യമായി നല്‍കിയ യഥാര്‍ത്ഥ മാര്‍ത്തോമ്മാ പിന്‍ഗാമി.
യേശു തന്റെ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു “ദരിദ്രരായ നിങ്ങള്‍ ഭാഗ്യവാന്മാര്‍, ഇപ്പോള്‍ വിശപ്പു സഹിക്കുന്നവരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍, ഇപ്പോള്‍ കരയുന്നവരെ നിങ്ങള്‍ ഭാഗ്യവാന്മാര്‍-കാരണം സ്വര്‍ഗ്ഗത്തില്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കു”. ഇങ്ങനെ സാമാന്യവല്‍ക്കരിക്കപ്പെട്ട ജീവിതങ്ങളെ തേടിപ്പോകുകയും അവരോട് സുവിശേഷം പ്രസംഗിക്കുകയും ഇവരെ സഹായിച്ചവര്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ഉണ്ടാക്കുവാനും ഇദ്ദേഹത്തിന്റെ വാക്കുകള്‍ക്കു സാധിച്ചു. ഇതാണ് സുവിശേഷത്തിന്റെ വ്യാപ്തി. ദരിദ്രര്‍ക്കും വിശക്കുന്നവര്‍ക്കും സഹായങ്ങള്‍ സമാഹരിക്കുവാന്‍ ഈ പ്രേഷിതന് സാധിച്ചു. ക്രിസ്തുവിനെപ്പോലെ തന്നെ ഒസ്താത്തിയോസ് തിരുമേനിയും ധനവാന്മാരെ അകറ്റിനിര്‍ത്തുകയോ ഇവരെ ശപിക്കുകയോ ചെയ്തില്ല. എന്നാല്‍ മറ്റുള്ളവര്‍ക്കു കൂടി അര്‍ഹതപ്പെട്ട ആസ്തി സ്വയത്തിനായി മാത്രം വിനിയോഗിക്കുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഇവിടെയാണ് പങ്കിടീലിന്റെ പാഠങ്ങള്‍ അദ്ദേഹം പഠിപ്പിച്ചത്. സ്ഥാപനവല്‍ക്കരിക്കപ്പെട്ട ആതുരസേവന സംസ്ക്കാരത്തിനെതിരെ വാക്കുകളിലൂടെ വിമര്‍ശിക്കുകയും പ്രാവര്‍ത്തിക പഥത്തിലൂടെ വ്യക്തത നല്‍കുകയും ചെയ്തു.
കുഷ്ടരോഗികളുടെ കുഞ്ഞുങ്ങള്‍ക്ക് കുഷ്ഠമില്ലായെന്ന ശാസ്ത്രീയസത്യം സമൂഹത്തിന് മനസ്സിലാക്കാന്‍ ഇതിനായി ഒരു പ്രസ്ഥാനം തന്നെ പടുതുയര്‍ത്തിയ ധൈര്യശാലി. ഗ്രാമഗ്രാമാന്തരങ്ങളിലെ സൌമ്യത മിഷന്‍ വേലയ്ക്കു പറ്റിയ വലയാണെന്നും അതിലെ വിതയ്ക്കപ്പെടുന്ന വിത്തുകള്‍ മുപ്പതും അറുപതുമല്ല നൂറില്‍പ്പരം മേനി വിളയുമെന്ന് ലോകത്തിന് തെളിയിച്ചു തന്ന ഉത്തമകര്‍ഷകന്‍. ഇന്നും ഈ വിളനിലങ്ങളിലേക്ക് പോകുവാന്‍ യുവാക്കള്‍ ശക്തരാകുന്നത് ഈ ദിവ്യദൃഷ്ടിയുടെ സ്വാധീനം തന്നെയാണ്.
60-ല്‍പരം പുസ്തകങ്ങള്‍ എഴുതി ഈ ലോകത്തിന് സമ്മാനിച്ച ഗുരുഭൂതനായ തിരുമേനി കാലത്തിന് മുമ്പേ നടന്ന് ലോകത്തേ വരും തലമുറയ്ക്ക് വരച്ചുകാട്ടിയ ചിത്രകാരനാണ്. തിരുമേനി എഴുതിയ ഗാനങ്ങള്‍ ഒരുപക്ഷെ നമ്മള്‍ക്കു പാടുവാന്‍ പേടിതോന്നും. മരണത്തെ പേടിയില്ലാത്ത ഒരാള്‍ക്കല്ലെ ഇങ്ങനെ പാടാന്‍ സാധിക്കു. “ജീവിച്ചാലും മരിച്ചാലും ദൈവം മാത്രം മതിയെനിക്ക്” എന്നും ധനവനും ബലവാനും ആയ നീ ലാസറിനെ മറക്കല്ലേയെന്നും ഓര്‍മ്മിപ്പിച്ചത് വിസ്മരിക്കുവാന്‍ എനിക്കു സാധിക്കുമോ…?
തിരുമേനിയുടെ ഓരോ പ്രസംഗങ്ങളും കേള്‍ക്കുമ്പോള്‍ നാം പ്രചോദിതരായെങ്കില്‍ അവിടെയാണ് വചനം ഒരു ചാലക ശക്തിയാണെന്ന് നാം തിരിച്ചറിയുന്നത്. കാലത്തിന്റെ ഒഴുക്കില്‍ കടപുഴകി പോകുന്നവയല്ല തിരുമേനിയുടെ വാക്കുകള്‍, പ്രത്യുത കാലത്തിന്റെ ഗതി നിശ്ചയിക്കാന്‍ പ്രാപ്തിയുള്ള വാക്കുകളാണ് അദ്ദേഹത്തില്‍ നിന്നും ഉതിര്‍ന്നത്. സുവിശേഷത്തിന്റെ കാതലായ ദൌത്യത്തിലേക്ക് അദ്ദേഹം ചൂണ്ടിയ വിരല്‍ അനേകര്‍ക്കു ദിശാബോധം നല്‍കി. ഇത് വിശന്നിരിക്കുന്നവര്‍ക്കു ഭക്ഷണമായി, ദാഹിച്ചിരിക്കുന്നവര്‍ക്കു ജീവജലമായി. സൌജന്യമായി ലഭിച്ചത് സൌജന്യമായി കൊടുപ്പാനും ഈ വാക്കുകള്‍ നമ്മെ പഠിപ്പിച്ചു.
കുറേക്കൂടി കടന്നു ചിന്തിച്ചുപോയില്ലേ എന്നു നാം സന്ദേഹിക്കുന്ന ഒരു അന്ത്യസന്ദേശം ഈ ലോകത്തിന് ഒരു താക്കീതായി  നല്‍കി. താന്‍ ഈ ദരിദ്രലോകത്ത് ജീവിച്ചിരുന്നപ്പോള്‍ ധൂര്‍ത്തിനെതിരെയും അതിവിനിയോഗത്തിനെതിരെയും ഉയര്‍ത്തിയ ശബ്ദം വിമര്‍ശനവിധേയം ആക്കരുതെന്ന് ശഠിച്ചതു കൊണ്ടാകാം തന്റെ ഭൌതീകശരീരത്തിലേക്ക് ഈ ലോകത്തിന്റെ കൂറകള്‍ വലിച്ചിടരുതെ എന്ന് വിളംബരം ചെയ്തത്. ഈ തിരുമേനിയുടെ മര്‍ത്യശരീരം അമര്‍ത്യതയുടെ തേജോവസ്ത്രം     ധരിക്കുവാനുള്ളതാണെന്ന് ആര്‍ക്കാണ് അറിയാത്തതായിട്ടുള്ളത്.
അശരണരെ താങ്ങിയ ഈ കരങ്ങള്‍ എത്രയോ ശക്തമാണ്. താന്‍ തുടച്ച കണ്ണുനീരുകള്‍ എത്രയോ തുരുത്തി കവിഞ്ഞ് ഒഴുകുന്നതാകുമായിരുന്നു. അനാഥമാക്കപ്പെട്ട ബാല്യങ്ങളും വികലമാക്കപ്പെട്ട വാര്‍ദ്ധക്യങ്ങളും സനാഥനങ്ങളായപ്പോള്‍ ചൊരിഞ്ഞ പുഞ്ചിരികള്‍ ഇദ്ദേഹത്തെ മാലാഖമാരുടെ ഗണത്തിലും  പുണ്യവാന്മാരുടെ സൌഹൃദത്തിലുമാക്കി. നമുക്കുചുറ്റും ഒരു കാവല്‍മാലാഖയുണ്ടെന്ന് നാം വിശ്വസിക്കുന്നുവെങ്കില്‍ നമ്മില്‍ പലരുടെയും സാരഥ്യം ഏറ്റെടുത്തിരിക്കുന്നത് ഈ നവ ക്രൂബേനാണ്.
താന്‍ വിടവാങ്ങിയപ്പോള്‍ സൃഷ്ടിക്കപ്പെട്ട വിടവ് ഈ ഒരു വര്‍ഷം പൂര്‍ത്തിയായപ്പോഴും അങ്ങനെതന്നെ നില്‍ക്കുന്നു. ഈ വിടവിന്റെ അകലം ഒതുക്കുവാന്‍ കഴിയുന്നത് നാം ഓരോരുത്തര്‍ക്കുമാണ്. ദര്‍പ്പണത്തിന് അഭിമുഖമാകുമ്പോള്‍ തോന്നുന്ന അഭിമാനം നമ്മിലും പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും.
അള്‍ത്താരയില്‍ സ്പര്‍ശിച്ച പാദങ്ങള്‍ പരിശുദ്ധമാണ്. ദിവ്യതയാര്‍ന്ന ഗ്രന്ഥങ്ങള്‍ നോക്കിയ കണ്ണുകള്‍ പ്രകാശിതമാണ്. ദിവ്യവചനങ്ങള്‍ ഉരുവിട്ട അധരങ്ങള്‍ പരിപാവനമാണ്. ഈ ഓര്‍മ്മയുടെ വലിയ പെരുന്നാളില്‍ ഇപ്രകാരം പരിശുദ്ധവും പ്രകാശിതവും പരിപാവനവുമായ ചിന്തകള്‍ നമ്മെ ഈ പുണ്യപുരുഷന്റെ മദ്ധ്യസ്ഥതയിലേക്ക് അടുപ്പിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കാം.
(ലേഖകന്റെ മുക്തചേതസ്സ് എന്ന ലേഖന പരമ്പരയില്‍ നിന്നും)

Comments

comments

Share This Post