ആംബുലന്‍സിനു മുന്നിലെ ‘ദൈവത്തിന്റെ സീറ്റ്’

ആംബുലന്‍സില്‍ ഇരിക്കുമ്പോള്‍ മാത്രമല്ല, ഒാടിക്കുമ്പോഴും ദൈവത്തെ വിളിക്കാത്തവരായി ആരുമുണ്ടാവില്ല. പക്ഷേ, ഫാ. പി.കെ. വര്‍ഗീസിന് ആംബുലന്‍സിന്റെ വളയം പിടുത്തവും ദൈവവിളിയുടെ ഒരു പാത മാത്രം.
മാവേലിക്കര അറനൂറ്റിമംഗലം ശാലോം ഭവന്‍ ഡയറക്ടര്‍ ഫാ. പി.കെ. വര്‍ഗീസ് പാലക്കടവില്‍ എന്ന നാല്‍പത്തിരണ്ടുകാരനെ നിരാലംബരുള്ളിടത്തൊക്കെ വെളുത്ത അത്യാഹിത വണ്ടിയുമായി ഒാടിയെത്തുന്നവര്‍ പലപ്പോഴും കണ്ടിരിക്കും. നിരാലംബരുടെ കണ്ണീരൊപ്പാന്‍ ആയിരം കൈകള്‍ നീളുന്ന ഇക്കാലത്ത് അതിലൊരു വ്യത്യസ്ത മുദ്ര പതിക്കുന്നു, ഫാ. വര്‍ഗീസിന്റെ കാരുണ്യം. ശാലോം ഭവന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി സ്റ്റേറ്റ് ബാങ്ക് ഒാഫ് ട്രാവന്‍കൂര്‍ കൊച്ചാലുംമൂട് ശാഖ സൌജന്യമായി ആംബുലന്‍സ് സമ്മാനിക്കുകയായിരുന്നു. ഇപ്പോള്‍ പല പണിക്കും ആളെ കിട്ടാത്തതുപോലെ ആംബുലന്‍സിന്റെ ഡ്രൈവിങ് സീറ്റിലേക്കും ആളെ കിട്ടാതെ വന്നപ്പോള്‍ ഫാ. വര്‍ഗീസ് ളോഹയ്ക്കു മുകളില്‍ കാക്കിയിടാതെതന്നെ വളയക്കാരന്റെ സീറ്റിലേക്കു കയറി. ഒന്നര വര്‍ഷമായി, ആലംബഹീനരെ തേടിയെത്തുന്ന സേവനവണ്ടിയുടെ മുന്‍സീറ്റില്‍ ഫാദര്‍ എപ്പോഴുമുണ്ട്.
കൊല്ലകടവ് കല്ലിമേല്‍ പാലക്കടവില്‍ ഡി. കൊച്ചുകുഞ്ഞിന്റെയും ഗ്രേസിയുടെയും മകനായ ഫാ. വര്‍ഗീസ്, ഏവൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി കൂടിയാണ്. പന്ത്രണ്ടു വര്‍ഷം മുന്‍പാണു ശാലോം ഭവനു തുടക്കമിട്ടത്. റോഡരികിലും മറ്റും ആരോരുമില്ലാതെ കഴിയുന്നവരെക്കുറിച്ചു കേട്ടാല്‍ ഫാദര്‍ കുതിച്ചെത്തും. അവരെ ഏറ്റെടുത്തു സാന്ത്വനത്തിന്റെ തണലേകും. 120 അന്തേവാസികള്‍ ഇപ്പോള്‍ ശാലോം ഭവനിലുണ്ട്. സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡിന്റെ അംഗീകാരത്തോടെയാണു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം.

കടപ്പാട്-മനോരമ

Comments

comments

Share This Post