അക്രമത്തിന്റെ മാര്‍ഗം വെടിഞ്ഞാലെ സമാധാനമുണ്ടാകൂ

പാത്രിയര്‍ക്കീസ് വിഭാഗം അക്രമത്തിന്റെയും നീതിനിഷേധത്തിന്റെയും മാര്‍ഗം ഉപേക്ഷിച്ചാല്‍ മാത്രമേ മലങ്കര സഭാതര്‍ക്കത്തിന് ശാശ്വത പരിഹാരം ഉണ്ടാകൂ എന്ന് വൈദീകട്രസ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട് പ്രസ്താവിച്ചു.
എല്ലാ പള്ളികളും എപ്പോഴും ആരാധയ്ക്കായി തുറന്നിരിക്കണം എന്നു തന്നെയാണ് സഭയുടെ ആവശ്യം. എന്നാല്‍ അത് അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടും നീതി നിഷേധിച്ചുകൊണ്ടും ആകരുത്. 2001-ല്‍ സ്വന്തമായി പുതിയ ഭരണഘടന അംഗീകരിച്ച് വിഘടിച്ചു പോയ. പാത്രിയര്‍ക്കീസ് വിഭാഗം ഓര്‍ത്തഡോക്സ് സഭയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലിരുന്ന മാമ്മലശേരി, വെട്ടിത്തറ മുതലായപള്ളികളില്‍ അക്രമം അഴിച്ചുവിട്ട് പള്ളികള്‍ പൂട്ടിച്ചശേഷം ഇരുവിഭാഗത്തിനും ഊഴം വച്ച് പള്ളി തുറക്കണമെന്ന വാദത്തിന് യാതൊരുന്യായികരണവുമില്ല. പള്ളികള്‍ പൂട്ടുന്നതിനു മുന്‍പുള്ള സ്റാറ്റസ്ക്കോ പുനസ്ഥാപിച്ചുകൊണ്ട് പള്ളിതുറക്കുകയാണണ് ന്യായമായി നടപ്പാക്കേണ്ടത്. പൂട്ടിക്കിടക്കുന്ന പള്ളികളെല്ലാം പാത്രിയര്‍ക്കീസ് വിഭാഗത്തിന്റതാണെന്ന നിലപാടുതന്നെ സത്യവിരുദ്ധമാണ്. പള്ളികളുടെ ഉടമസ്ഥതയെസംബന്ധിച്ച് സുപ്രീംകോടതി ചില നിര്‍വചനങ്ങള്‍ നല്‍കിയിട്ടുണ്ട്. അവയൊന്നും കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് പാത്രിയര്‍ക്കീസ് വിഭാഗം സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. എത്രയോ മദ്ധ്യസ്ഥന്മാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടന്നു കഴിഞ്ഞു. ഒരു മന്ത്രിസഭാ ഉപസമിതിപോലും അനേകദിവസങ്ങള്‍ ചര്‍ച്ചയ്ക്ക മദ്ധ്യസ്ഥം വഹിച്ചു. എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ കടുംപിടുത്തം ഒന്നുകൊണ്ടുമാത്രമാണ് ചര്‍ച്ചകള്‍ വിജയം കാണാതിരുന്നത്. ജില്ലാ കളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം ഒന്നിലധികം പ്രാവശ്യം ജുഡീഷ്യല്‍ മീഡിയേഷനും ഓര്‍ത്തഡോക്സ് സഭ സഹകരിച്ചു. എന്നാല്‍ പാത്രിയര്‍ക്കീസ് വിഭാഗം എന്തു വിട്ടുവീഴ്ചയ്ക്കു തയ്യാറാണെന്ന് പ്രസ്താവിക്കുന്നതല്ലാതെ കാര്യത്തോടടുക്കുമ്പോള്‍ ഒരു ഒത്തുതീര്‍പ്പിനും സഹകരിക്കുന്നില്ല. ഓര്‍ത്തഡോക്സ് സഭയ്ക്കനുകൂലമായി പക്ഷപാദപരമായ യാതൊരു നിലപാടും ഗവണ്‍മമെന്റ് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. നീതി ഉറപ്പാക്കണമെന്നും, കോടതി വിധികള്‍ നടപ്പാക്കണമെന്നും മാത്രമാണ് സഭയുടെ ആവശ്യം. എല്ലാ സ്ഥലങ്ങളിലും കോടതിവിധികള്‍ നടപ്പാക്കാന്‍ ഗവവണ്‍മെന്റ് ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്നില്ല എന്ന ദുഖം സഭയ്ക്കുണ്ട്. കോടതിവിധികളെ ബഹുമാനിക്കുക എന്നത് ഒരു ജനാധിപത്യ രാജ്യത്തെ ഗവണ്‍മെന്റ് പാലിക്കേണ്ട മിനിമം കാര്യമാണ്.

Comments

comments

Share This Post