ഓശാന വീഥി-ഫാ. ബിജു പി.തോമസ്

ഒരു പഴമൊഴി പറയുന്നത്; ഹോശാനയില്‍ പങ്കെടുക്കാത്തവര്‍ക്ക് യഥാര്‍ത്ഥ ആനന്ദം എന്തെന്നറിയുകയില്ല എന്നാണ്. യഹൂദന്മാരുടെ ഏറ്റവും പ്രധാനപ്പെട്ട പെരുനാളുകളില്‍ ഒന്നാണ് കൂടാരപ്പെരുന്നാള്‍. ആഘോഷങ്ങളുടെയും ആഹ്ളാദത്തിന്റെയും വേളയാണ് യഹൂദന്മാരുടെ കൂടാരപ്പെരുന്നാള്‍ കാലഘട്ടം. Ref. 1 Mach 13/51-52.
“ഹോശാനാ”’യഹൂദന്മാരുടെ കൂടാരപ്പെരുന്നാളിന്റെ ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരാധനയുടെ ഉച്ചസ്ഥിതിയില്‍ താളമേളങ്ങളുടെ അകമ്പടിയോടു കൂടി ആരാധകര്‍ ‘ഹോശാന്നാ’’പാടി തിമിര്‍ക്കുന്നു. ആരാധനയിലും, സ്തുതികളിലും, ഗാനങ്ങളിലും പ്രസാദിയ്ക്കുന്ന സര്‍വ്വശക്തനായ ദൈവത്തോട് ‘നാഥാ! ഇപ്പോള്‍ ഞങ്ങളെ രക്ഷിച്ചാലും’ എന്ന് വികാരനിര്‍ഭരമായി, അക്ഷരാര്‍ത്ഥത്തില്‍ പാടി നിലവിളിയ്ക്കുകയാണ്. ഒന്ന് കാണുന്നതിനും, പരസ്പരം ഒന്നാകുന്നതിനും വികാരതീവ്രതയോടെ കാത്തിരിക്കുന്ന പ്രണയേതാക്കള്‍ അനുഭവിക്കുന്ന മാനസികാവസ്ഥയേക്കാള്‍ തീവ്രമാണ് ഭക്തന്മാരുടെ ഉള്ളറയില്‍ ആത്മാവ് പരമാത്മാവായ ദൈവത്തെ കാണുവാനും, ഭൌതിക അടിമത്തത്തില്‍ നിന്നും രക്ഷിക്കുവാന്‍ ദൈവത്തോട് ആവശ്യപ്പെടുന്ന അവസ്ഥ. അതിനാലാകം സംഗീത സാമ്രാട്ടായ എ.ആര്‍. റഹ്മാന്‍ തന്റെ ഒരു പ്രണയ ഗീതത്തിനു ‘ഹോശാന്ന’ എന്ന് നാമകരണം ചെയ്തത്.
യേശുക്രിസ്തുവിന് അതിഗംഭീരമായ വരവേത്പാണ് യെറുശലേമിന്റെ അതിര്‍ത്തിയില്‍ ജനങ്ങള്‍ നല്‍കുന്നത്. യെറുശലേം സമാധാനനഗരമാണ്. ഹൃദയമാണ് സമാധാനനഗരവും ആരാധനയുടെ ശ്രീകോവിലും. ഭക്തന്മാര്‍ ദൈവത്തെ ഹര്‍ഷാരവത്തോടെ, തീവ്രമായ ആനന്ദത്തോടെ ശ്രിയേശുവിനെ ഹൃദയകോവിലിലേയ്ക്ക് ആനയിക്കേണ്ടതാകുന്നു.
ഉത്തമമായ ഒരു ആരാധനാ അന്തരീക്ഷമാണ് ഓശാനയില്‍ ദര്‍ശിക്കുന്നത്. ആരാധനയില്‍ ഭക്തന്മാരായ മനുഷ്യര്‍ മാത്രമല്ലല്ലോ. മനുഷ്യനെ മാത്രം കേന്ദ്രീകരിച്ച ആരാധന സമ്പൂര്‍ണ്ണമല്ല. അത് ശ്രഷ്ടിയില്‍ മനുഷ്യമേധാവിത്വത്തിന്റെ അഹന്തയായി മാറും. ആരാധനയില്‍ പ്രപഞ്ചത്തിലെ സര്‍വ്വസ്രിഷ്ടികളും പങ്കാളികളാകുന്നു. ഹരിതസ്രിഷ്ടിയില്‍ നിന്നും മരചില്ലകളും, മൃഗലോകത്തില്‍ നിന്നും കഴുത കുട്ടിയും, കുട്ടികളും, സ്ത്രീകളും വൃദ്ധരും എല്ലാം സമൂഹമായി ആരാധനയില്‍ ഈശ്വരസമക്ഷം സമ്മേളിക്കുന്ന സമ്മോഹനസന്ദര്‍ഭമാണ് ആരാധന.
ആരാധനയില്‍, ആരാധകരുടെ വിനയവും സമ്പൂര്‍ണ്ണ സമര്‍പ്പണവും അനുപേക്ഷണനീയം തന്നെ. ആരാധനയുടെ ഭാവം തന്നെ സര്‍വ്വശക്തന്റെ മുന്‍പില്‍ എളിമപ്പെടുന്നതാണെല്ലോ. എല്ലാ മുഴംങ്കാലും ദൈവസന്നിധിയില്‍ മടങ്ങണം. തങ്ങളെ മൂടിവെച്ചിരുന്ന വസ്ത്രം ഊരി സ്നേഹനിധിയായ യേശുക്രിസ്തുവിന്റെ വീഥി അലങ്കരിച്ച മനുഷ്യരുടെ ആരാധനാഭാവം അത്യുത്തമവും അനുപമവും ആകുന്നു.
യേശുക്രിസ്തുവിന്റെ തെരഞ്ഞെടുപ്പുകള്‍ മനുഷ്യന്റെ മേധാശക്തിക്ക് വെല്ലുവിളിയാണ്. ‘നിന്ദ്യമൃഗം’, ‘ബുദ്ധിയില്ലാത്ത കഴുത’ ഇങ്ങനെ എന്തെല്ലാം നിക്ഷേധാല്‍മക വിശേഷണങ്ങളാണ് കഴുതയെന്ന മൃഗം പേറുന്നത്. യേശുക്രിസ്തുവിന്റെ തെരഞ്ഞെടുപ്പുകള്‍ എല്ലാം മനുഷ്യര്‍ തിരസ്കരിച്ചവയാണ്. ശിഷ്യന്മാരുടെ തെരഞ്ഞെടുപ്പിലും, തനിക്ക് ജനിക്കാന്‍ തെരഞ്ഞെടുത്ത വ്യക്തിയും സ്ഥലവും, തൊഴിലും എല്ലാം അനാകര്‍ഷകങ്ങളാണ്. മരണത്തിനായി കൈകൊണ്ട മാര്‍ഗ്ഗവും അത്ഭുതാവഹം തന്നെ. തകര്‍ന്ന ചെറിയ ജീവിതങ്ങള്‍ക്ക് പ്രത്യാശയ്ക്കു കാരണം ഉണ്ട്.
ആരാധന ദൈവത്തെ മുഖാമുഖം കാണുന്ന ആനന്ദവേളയാണ്. ക്രിസ്തുവിന്റെ ചിത്രങ്ങളില്‍, ക്രിസ്തു ഏറ്റവും നന്നായി പുഞ്ചിരിക്കുന്ന, ആനന്ദം വിടരുന്ന ഒരു സന്ദര്‍ഭം കഴുതപ്പുറത്തേറിയ ഹോശന്നയുടെ വേളയാണ്. ജനങ്ങളും സ്വയം മറന്ന്, ചുറ്റുപാടുകളെ അവഗണിച്ച് ആനന്ദനൃത്തം ചെയ്യുന്നു. ആരാധന എത്ര മനോഹരമായ അനര്‍ഘനിമിഷമാണ്. ഇന്ന് ആരാധന പലപ്പോഴും വരണ്ടതും, മരവിച്ച അവസ്ഥയുമായി മാറിപ്പോകുന്നു.
ആരാധന നിര്‍ത്തുവാന്‍ ആവശ്യപ്പെടുന്നു. പൈശാചിക ശക്തി ഏറ്റവും അസ്വസ്ഥമാകുന്നത് ആത്മാവിലും സത്യത്തിലും ഭക്തന്മാര്‍ ആരാധന നടത്തുമ്പോഴാണ്. ആരാധനയില്‍ അപാരമായ ശക്തിയാണ് സംജാതമാകുന്നത്. ആരാധനയില്‍ സര്‍വ്വശക്തന്‍ സംപ്രീതനാകുന്നു. മനുഷ്യന് ആനന്ദവും ശക്തിയും ലഭിക്കുന്നു. സാത്താന്‍ സര്‍വ്വശക്തിയും ഉപയോഗിച്ച് ആരാധനാവേളകളിലെ സന്തോഷം നശിപ്പിക്കുന്നു. ആരാധനാസമയം കലഹവേളകളാകുന്നു.
കല്ലുകള്‍ ആര്‍ത്തുവിളിക്കും. ക്രിസ്തുവിന്റെ ഉത്തരങ്ങള്‍ എല്ലാം കുറിക്കുകൊള്ളുന്നവയും ചോദ്യകര്‍ത്താവിന്റെ വായടപ്പിക്കുന്നവയും ആകുന്നു. മനുഷ്യന്‍ സൃഷ്ടിപരമായിതന്നെ ആരാധനാജീവിയാണ്. ദൈവം സൃഷ്ടിയില്‍ നിന്നും ആരാധന ആവശ്യപ്പെടുന്നു. മനുഷ്യന്‍ പരാജയപ്പെടുമ്പോള്‍ ദൈവത്തിനു നിര്‍ജ്ജീവ വസ്തുക്കളെ പോലും ആരാധനാ ജീവികളാക്കി രൂപാന്തരപ്പെടുത്തുവാന്‍ കഴിയും.
ഇതാ ഹോശാന്നയില്‍ ക്രിസ്തു വരുന്നു. മനുഷ്യ ഹൃദയങ്ങളാണ് ക്രിസ്തുവിന്റെ ലക്ഷ്യം. ഹൃദയങ്ങള്‍ അലങ്കോലപ്പെട്ടിരിക്കുന്നുവോ… പെട്ടെന്ന് ഉണര്‍ന്നു ശുദ്ധീകരണ കര്‍മ്മം ആരംഭിക്കുക. ഹൃദയവീഥികളെ സത്ചിന്തകളാലും, വിശുദ്ധ ധ്യാനത്താലും നിര്‍മ്മലീകരിക്കാം, ആകര്‍ഷകമാക്കാം. ക്രിസ്തുവിനു കയറി ഇരിക്കുവാന്‍ ജീവിതത്തെ താഴ്ത്തി സമര്‍പ്പിക്കാം. യേശുക്രിസ്തു എല്ലാ ജീവിതങ്ങളിലും പ്രവേശിച്ചിരുന്നെങ്കില്‍… യേശുവേ! എന്റെ ജീവിതത്തില്‍ പ്രവേശിക്കണമെ”എന്നു അപേക്ഷിക്കാം.
“ഓശാന തിരുന്നാള്‍ വീഥിയില്‍ ഇന്ന്
രാജാതി രാജനെ വരവേല്‍ക്കാം,
കൈകളില്‍ കുരുത്തോല ചിന്തുമായ്
ദൈവപുത്രനെ സ്വീകരിക്കാം”

Comments

comments

Share This Post