ഗുരു സ്മരണയില്‍ പരി.കാതോലിക്കാ ബാവായുടെ കാല്‍കഴുകല്‍ ശുശ്രൂഷ

ഇന്ന് അപൂര്‍വമായ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കാണ് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ സാക്ഷ്യം വഹിക്കുന്നത്. പതിവിനു വിരുദ്ധമായി വൈദികര്‍ക്കു പകരം ഇടവകയിലെ 11 ബാലന്മാരുടെ കാലുകള്‍ കഴുകിയായിരിക്കും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ശുശ്രൂഷ നിര്‍വഹിക്കുന്നത്.
പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ഒരു വൈദികനൊപ്പം 11 ബാലന്മാരെ കാല്‍കഴുകലിനു തിരഞ്ഞെടുത്തത്. ഇതിനു പിന്നില്‍ തന്നെ ആത്മീയ ജീവിതത്തോട് അടുപ്പിച്ച കഥ ബാവായ്ക്ക് പറയാനുണ്ട്. “എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആ അനുഭവം. ആ വര്‍ഷം ഇടവകയായ പഴഞ്ഞി പള്ളിയില്‍ ഹാശാ ആഴ്ചയിലെ നടത്തിയത് പൌലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്. പെസഹാ വ്യാഴം വന്നു. രാവിലെ കുര്‍ബ്ബാനയ്ക്കുശേഷം കാല്‍കഴുകല്‍ ശുശ്രൂഷയുടെ ഒരുക്കം തുടങ്ങി. കാല്‍കഴുകാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക തയാറാക്കാന്‍ തുടങ്ങി. ഞാനും പള്ളിയില്‍ ഹാജരുണ്ട്. വൈദികര്‍ ധാരാളം സന്നിഹിതരാണ്. സ്ളീഹന്മാര്‍ 12 പേരുടെ കാലുകള്‍ കഴുകണമെന്നു മാര്‍ സേവേറിയോസ് തിരുമേനി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒപ്പം ഒരു കാര്യംകൂടി പറഞ്ഞു. വൈദികര്‍ക്കൊപ്പം കുറച്ച് കൊച്ചുകാലുകളും കഴുകാന്‍ ഇരുത്തണം, അതില്‍ ഒരാള്‍ ഇവനായിരിക്കണമെന്ന് എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഞാന്‍ ആനന്ദം കൊണ്ട് തുള്ളിച്ചാടി. അങ്ങനെ സേവേറിയോസ് തിരുമേനി എന്റെയും കൂടി കാല്‍കഴുകി ശുശ്രൂഷ നിര്‍വഹിച്ചു. അതെനിക്കൊരു പ്രോത്സാഹനമായിരുന്നു. എന്നെ ഇവിടെവരെ എത്തിച്ച പ്രോല്‍സാഹനം’-കാതോലിക്കാ ബാവാ പറഞ്ഞു.

Comments

comments

Share This Post