സഭയെ സമൂഹനന്മയ്ക്ക് വിനിയോഗിച്ച കര്‍മയോഗി

ചെങ്ങന്നൂര്‍: സഭയെ സമൂഹനന്മയ്ക്കായി വിനിയോഗിച്ച കര്‍മയോഗിയാണ് അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ പറഞ്ഞു. Photo Gallery
ഓര്‍ത്തഡോക്സ് സഭയിലെ സീനിയര്‍ മെത്രാപ്പോലീത്തായും ചെങ്ങന്നൂര്‍ ഭദ്രാസനാധിപനുമായ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ ജന്മദിന പഞ്ചസപ്തതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായ്ക്ക് വിദ്യാഭ്യാസരംഗത്തുള്ള വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ കഴിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി.
ചെങ്ങന്നൂര്‍ എഞ്ചിനിയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഫാ. തോമസ് അമയില്‍ അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ ജീവിതരേഖ അവതരിപ്പിച്ചു. പഞ്ചസപ്തതിസ്മാരക പദ്ധതി മന്ത്രി അടൂര്‍ പ്രകാശും ഭവനദാന പദ്ധതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉദ്ഘാടനം ചെയ്തു.
അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തായുടെ ആത്മകഥ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് പ്രകാശനം ചെയ്തു. ആത്മകഥയുടെ ആദ്യപ്രതി നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത ഏറ്റുവാങ്ങി.
എല്ലാ ഇടവകയിലും പച്ചക്കറി സ്വയംപര്യാപ്തത ലക്ഷ്യമാക്കി നടപ്പാക്കുന്ന ഹരിത പദ്ധതി പി.സി.വിഷ്ണുനാഥ് എം.ല്‍.എ. ഉദ്ഘാടനം ചെയ്തു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ.ജോസഫ് മാര്‍ ദീവന്നാസിയോസ്, സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി അഡ്വ. കെ.അനന്തഗോപന്‍, ഫാ. വൈ.തോമസ്, നഗരസഭാ വൈസ് ചെയര്‍മാന്‍ ജോസ് പുതുവന, ബി.ജെ.പി. ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍, ബറോഡ റിഫൈനറി സ്കൂള്‍ അധ്യാപിക സഹീദ ഫറൂക്ക്, വിദ്യാര്‍ത്ഥി മാന്‍പ്രീത് സിങ് ബാര്‍ക്കി, ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കൊക്കാപറമ്പില്‍, വൈദികസംഘം സെക്രട്ടറി ഫാ. ഫിലിപ്പ് ജേക്കബ്, ഫാ. പി.കെ.കോശി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post