മാര്‍ ഈവാനിയോസിന് വിടചൊല്ലി കണ്ണീര്‍പൂക്കളുമായി ആയിരങ്ങള്‍

നട്ടുവളര്‍ത്തിയ ചെടികളും പൂക്കളും പരത്തിയ സുഗന്ധം. പ്രാര്‍ത്ഥനകളുടെയും പള്ളിമണികളുടെയും മുഴക്കം. ആത്മീയ വെളിച്ചം പകര്‍ന്നു നല്‍കിയ വിശ്വാസസമൂഹം, ദിവ്യബലി അര്‍പ്പിച്ചിരുന്ന വിശുദ്ധ മദ്ബഹായും ദേവാലയവും ദേശവും….എല്ലാത്തിനോടും എല്ലാവരോടും യാത്രചോദിച്ച് മാര്‍ ഈവാനിയോസ് ഇനി നിത്യനിദ്രയിലേക്ക്. Photo Gallery
തങ്ങളുടെ ആത്മീയ ശ്രേഷ്ഠാചാര്യന് വിടനല്‍കാന്‍ ആയിരങ്ങള്‍ ഞാലിയാകുഴി മാര്‍ ബസേലിയോസ് ദയറായില്‍ ഒഴുകിയെത്തി. ദയറാ ചാപ്പലിന്റെ മദ്ബഹായ്ക്കു മുന്നില്‍ തയ്യാറാക്കിയ കല്ലറയിലായിരുന്നു കബറടക്കം.
കാലംചെയ്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ കബറടക്ക ശുശ്രൂഷകള്‍ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തുടങ്ങിയത്. തിരുമേനിയുടെ ആഗ്രഹപ്രകാരം നഗരികാണിക്കല്‍ ചടങ്ങ് ഒഴിവാക്കിയിരുന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തിലും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകാര്‍മികത്വത്തിലും ആയിരുന്നു കബറടക്ക ശുശ്രൂഷകള്‍.
തടിച്ചുകൂടിയ വിശ്വാസ സമൂഹം മെത്രാപ്പോലീത്തായ്ക്ക് കണ്ണീരോടെ വിടനല്‍കി. ദയറായില്‍ താമസിച്ചു പഠിച്ചിരുന്ന ശിഷ്യഗണങ്ങള്‍ പൊട്ടിക്കരഞ്ഞാണ് പൊന്നുതിരുമേനിയെ യാത്രയാക്കിയത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്ത്യോപചാരം അര്‍പ്പിക്കാന്‍ മാര്‍ ബസേലിയോസ് ദയറായിലെത്തി. വിശ്വാസം കാത്തുസൂക്ഷിക്കുന്നതോടൊപ്പം ദൃഢമായ തീരുമാനങ്ങള്‍ എടുത്തിരുന്ന ആചാര്യ ശ്രേഷ്ഠനായിരുന്നു കാലംചെയ്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് തിരുമേനിയെന്ന് ദയറായില്‍ നടത്തിയ അനുസ്മരണ പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നിരവധി മത-രാഷ്ട്രീയ-സാമുദായിക-സാമൂഹിക നേതാക്കളും വൈദികരും കന്യാസ്ത്രീകളും ആയിരക്കണക്കിന് വിശ്വാസികളും അന്ത്യോപചാരം അര്‍പ്പിച്ചു.

Comments

comments

Share This Post