ആത്മീയതയുടെ ഈണം പകര്‍ന്ന പുത്തന്‍കാവ് കൊച്ചുതിരുമേനി

മെത്രാന്‍ സ്ഥാനത്തേക്കുള്ള നിയോഗം വീട്ടുപടിക്കല്‍ നിന്നു വിളിക്കുന്നു. ഏറ്റെടുക്കേണ്ട ശെമ്മാശന്‍ ആറ്റുവക്കത്തെവിടെയോ ഫുട്ബോള്‍ കളിക്കുകയാണ്. പന്ത് കാലില്‍ കിട്ടിയാല്‍ മുന്നോട്ടു കുതിക്കാന്‍ അര നിമിഷം വേണ്ടാത്തയാളാണ്. ദൈവനിയോഗത്തിന്റെ വാര്‍ത്ത കേട്ടപ്പോള്‍ മൂന്നു ദിവസം സമയം ചോദിച്ചു. അവസാനം പന്തുകളിയെ പാട്ടിനു വിട്ട് ആ നിയോഗം സ്വീകരിക്കുക തന്നെ ചെയ്തു കെ.ടി. ഗീവര്‍ഗീസ് ശെമ്മാശന്‍. അവിടെ തുടങ്ങി സംഗീതം പോലെ മധുരമായൊരു ശുശ്രൂഷ.
കര്‍മം സംഗീതം പോലെ അയത്നമായി തുടരുകയും അതിനായി പന്തുകളിയിലെക്കാള്‍ അധ്വാനിക്കുകയും ചെയ്ത ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് എന്ന പുത്തന്‍കാവ് കൊച്ചുതിരുമേനിയെ ഓര്‍ക്കുന്നവരിലെല്ലാം നിറയും ആ ‘സംഗീതാരാധനയുടെയും ‘ചടുല നീക്കങ്ങളുടെയും ഉന്മേഷം.
കളിക്കളത്തില്‍നിന്നു ദൈവവേലയുടെ വിശാലമായ മേച്ചില്‍പ്പുറങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പകര്‍ച്ചയ്ക്കു നിദാനമായത് ചെങ്ങന്നൂര്‍ പുത്തന്‍കാവ് കിഴക്കേത്തലയ്ക്കല്‍ കുടുംബത്തിലേക്കുള്ള പരിശുദ്ധ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന്റെ വരവായിരുന്നു.
മാര്‍ പീലക്സിനോസിന്റെ പിതാവ് തോമസ് കത്തനാരെ വിളിപ്പിച്ച് മാര്‍ ദിവന്നാസിയോസ് ഒരാഗ്രഹം പറഞ്ഞു. ഗീവര്‍ഗീസ് ശെമ്മാശനെ മേല്‍പ്പട്ട സ്ഥാനത്തു കാണണം. ആഗ്രഹം അറിയിച്ചപ്പോള്‍ ആലോചിക്കാന്‍ മൂന്നു ദിവസം വേണമെന്നു ശെമ്മാശന്‍.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാര്‍ ദിവന്നാസിയോസും ശെമ്മാശനും പള്ളിയില്‍ തന്നെ താമസിച്ചു. മൂന്നാം ദിവസം  ശെമ്മാശന്‍ തീരുമാനം അറിയിച്ചു: തിരുമേനിയുടെ ഇഷ്ടം പോലെയാവട്ടെ.
ആ മൂന്നു ദിവസവും ശെമ്മാശന്‍ തനിച്ചിരുന്ന് ആലോചിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. അദ്ദേഹം എപ്പോഴും അങ്ങനെയായിരുന്നു. അതുകൊണ്ടാണ് മേല്‍പ്പട്ടക്കാരനായ ശേഷവും പലപ്പോഴും ഇരുട്ടില്‍ ആളൊഴിഞ്ഞ കുരിശടികളില്‍ പലരും അദ്ദേഹത്തെ തനിച്ചു കണ്ടിട്ടുള്ളത്. ഒരിക്കല്‍ രാത്രി വൈകി കടയടച്ചു മടങ്ങിയ വ്യാപാരി സമീപത്തെ കുരിശടിയില്‍ ആളനക്കം കണ്ടു. മോഷ്ടാവാണോ എന്ന സംശയത്തില്‍ ആളെ പിടികൂടാനൊരുങ്ങുമ്പോഴുണ്ട് അത് കൊച്ചുതിരുമേനിയാണ്. ‘ഞാന്‍ പ്രാര്‍ഥിക്കുകയാ, നീയിതാരോടും പറയരുത് എന്നു മാത്രം പറഞ്ഞ് കൊച്ചുതിരുമേനി പോയി. അദ്ദേഹം 54-ാം വയസ്സില്‍ കാലം ചെയ്ത ശേഷമേ വ്യാപാരി ഈ അനുഭവം പുറത്തു പറഞ്ഞുള്ളൂ.
തോമസ് കത്തനാരുടെ രണ്ടാമത്തെ മകനായി 1897 ജൂണ്‍ 10നു ജനിച്ച ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് നല്ല വിദ്യാര്‍ഥിയായി തുടങ്ങി നല്ല അധ്യാപകനും പ്രസംഗകനുമൊക്കെയായാണു മുതിര്‍ന്നത്. പുത്തന്‍കാവിലും മാവേലിക്കര ഗവ. ഹൈസ്കൂളിലും കോട്ടയം സിഎംഎസ് കോളജിലും പഠിച്ച ശേഷം സെറാംപൂരില്‍നിന്ന് ബിഡി ബിരുദം നേടി. കോട്ടയം എംഡി സെമിനാരി ഹൈസ്കൂളില്‍ അധ്യാപകനായി. അക്കാലത്ത് ‘ബിഡി ശെമ്മാശന്‍ എന്ന് ആളുകള്‍ ബഹുമാനത്തോടെ വിളിച്ചു. സെറാംപൂരില്‍നിന്നു തന്നെ ഇംഗിഷില്‍ എംഎ നേടി. ശേഷം പുത്തന്‍കാവ് സ്കൂളില്‍ പ്രധാനാധ്യാപകനുമായി. അക്കാലത്താണ് വൈദിക പട്ടം കിട്ടിയത്.
കുടുംബത്തിലെ 41-ാമത്തെ വൈദികനായിരുന്നു അദ്ദേഹം. മെത്രാനാകുമ്പോള്‍ പ്രായം 33 മാത്രം. 1930 നവംബര്‍ രണ്ടിന് പരുമല പെരുനാള്‍ ദിനത്തിലായിരുന്നു തുമ്പമണ്‍ ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പയായുള്ള അഭിഷേകം.
പുത്തന്‍കാവ് മെട്രോപ്പൊലിറ്റന്‍ ഹൈസ്കൂള്‍ നിര്‍മിക്കുന്ന കാലത്തെ കഥകള്‍ പഴയ തലമുറയ്ക്ക് അറിയാം. ആലുവയില്‍നിന്ന് ഇഷ്ടിക എത്തിച്ചപ്പോള്‍ ഇറക്കാന്‍ ആളില്ല. അദ്ദേഹം തന്നെ ആദ്യത്തെ രണ്ടിഷ്ടിക ഇറക്കി. അതോടെ ജനം ഒപ്പം ചേര്‍ന്നു.
പത്തനംതിട്ട കാതോലിക്കറ്റ് കോളജിന് അപേക്ഷിച്ച ശേഷം കുടുംബ വീട്ടിലെത്തിയപ്പോള്‍ പിതൃസഹോദരന്‍ ചോദിച്ചു: ‘കോളജ് തുടങ്ങാന്‍ കയ്യില്‍ പണമൊക്കെയുണ്ടോ?
അദ്ദേഹം പഴ്സെടുത്തു മേശപ്പുറത്തേക്കു കുടഞ്ഞു. വീണത് അര രൂപയുടെ നാണയം! ‘എന്റെ കയ്യില്‍ ഇത്രയുമുണ്ട്. ബാക്കി ദൈവം തരും എന്നു മറുപടിയും. പള്ളികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍മിക്കുമ്പോള്‍ മേല്‍നോട്ടത്തില്‍ ആദ്യാവസാനക്കാരനായി അദ്ദേഹമുണ്ടാവും. രണ്ടു ബെഞ്ച് ചേര്‍ത്തിട്ട് അതിലായിരുന്നു ഉറക്കം. കിട്ടുന്ന ഭക്ഷണം കഴിക്കും.
മെത്രാനായിരുന്നപ്പോഴും ബസിലായിരുന്നു യാത്ര. ഏറെക്കഴിഞ്ഞാണ് ഒരു കാര്‍ വാങ്ങിയത്. വസ്ത്രത്തിന്റെ മേന്മയിലുള്‍പ്പെടെ സ്വന്തം കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധിച്ചിട്ടില്ലെന്ന് സഹോദരപുത്രനായ തോമസ് മാര്‍ അത്തനാസിയോസ് ഓര്‍ക്കുന്നു. വില കുറഞ്ഞ തുണികൊണ്ടാണ് കുപ്പായം തുന്നിച്ചിരുന്നത്. ആകെ ഒന്നോ രണ്ടോ കുപ്പായം.
പണത്തിന്റെ കാര്യത്തില്‍ വലിയ കണിശക്കാരനായിരുന്നു. കാലം ചെയ്യുന്നതിന്റെ തലേന്ന് എഴുതിയ കത്തിലും കടമായി വാങ്ങിയ പണം തിരികെ നല്‍കാനുള്ള നിര്‍ദേശമുണ്ടായിരുന്നു. ‘സഭയുടെ പണം തീയാണ്. അതു നമ്മെ ദഹിപ്പിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മപ്പെടുത്തല്‍.
പിതൃസഹോദരനെപ്പറ്റി തന്റെ കുട്ടിക്കാലത്തെ ഒരനുഭവം തോമസ് മാര്‍ അത്തനാസിയോസ് പറയും. മാര്‍ അത്തനാസിയോസിനെയും അനുജനെയും സ്കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത് മാര്‍ പീലക്സിനോസ് ആയിരുന്നു. വഴിയില്‍നിന്നു വെള്ളക്കടലാസ് വാങ്ങി അപേക്ഷയെഴുതിയതും അദ്ദേഹം തന്നെ. സ്കൂള്‍ പ്രവേശനം കഴിഞ്ഞു മടങ്ങിയപ്പോള്‍ കുട്ടികളോട് അദ്ദേഹം പറഞ്ഞു:
‘എടാ, ഊണു വാങ്ങിത്തരാം. വീട്ടില്‍ ചെല്ലുമ്പോള്‍ അമ്മയുടെ കയ്യില്‍നിന്ന് അതിന്റെ കാശിങ്ങു വാങ്ങിത്തരണം.  സഭയുടെ പണം കുടുംബത്തു ചെലവാക്കാനുള്ളതല്ലെന്നു പ്രമാണം.
നല്ല പ്രഭാഷകനായിരുന്ന അദ്ദേഹത്തിന്റെ പ്രാര്‍ഥനയും ആരാധനയും സംഗീതസാന്ദ്രമായിരുന്നു. ആ മനസ്സില്‍നിന്നൊഴുകിയ പ്രാര്‍ഥനയുടെ ഇൌണം മനുഷ്യമനസ്സുകളില്‍ പ്രത്യാശയുടെ താളം പകര്‍ന്നു.  വിശ്വാസികളുടെ തലമുറകളില്‍ പാടിപ്പതിഞ്ഞ ദിവ്യഗാനംപോലെ അദ്ദേഹത്തിന്റെ സ്മരണയും നിലകൊള്ളുന്നു.
കബറിങ്കല്‍ മനോരമയുടെ മുഖപ്രസംഗം സ്ഥാപിച്ചു
ചെങ്ങന്നൂര്‍ . ആറു ദശാബ്ദങ്ങള്‍ക്കു മുന്‍പ് മലയാള മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗം ചരിത്രത്തിലേക്കു വിരല്‍ ചൂണ്ടി പുത്തന്‍കാവില്‍ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസിന്റെ കബറിങ്കല്‍. 1951 ഏപ്രില്‍ 17 നു കാലം ചെയ്ത മെത്രാപ്പൊലീത്തയെക്കുറിച്ചു പിറ്റേന്ന് മനോരമയില്‍ വന്ന മുഖപ്രസംഗമാണു  കബറിടത്തിനു സമീപം സ്ഥാപിച്ചത്.  ഗീവര്‍ഗീസ് മാര്‍ പീലക്സിനോസിനെക്കുറിച്ചു മനോരമയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്

കടപ്പാട്-മനോരമ

Comments

comments

Share This Post