ഓട്ടോറിക്ഷയില്‍ ടിപ്പര്‍ലോറിയിടിച്ച് ബാലിക മരിച്ചു

ചവറ: ദേശീയപാതയില്‍ കന്നേറ്റി പാലത്തിന് സമീപം ഓട്ടോറിക്ഷയില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ബാലിക മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ടിപ്പര്‍ ലോറി നിര്‍ത്താതെ പോയി.
ശാസ്താംകോട്ട പോരുവഴി ചാത്താംകുളം ആലുംമൂട്ടില്‍ കിഴക്കതില്‍ സന്തോഷ് കെ. ജോയ്, റീനാ ജോയ് ദമ്പതിമാരുടെ മകള്‍ ഷരോണ്‍ മറിയാ ജോയ് (ആറ്) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു അപകടം. കായംകുളം റെയില്‍വേസ്റ്റേഷനില്‍നിന്ന് തേവലക്കരയിലെ കുടുംബവീട്ടിലേക്ക് വരുമ്പോഴായിരുന്നു ദുരന്തം. ഓട്ടോറിക്ഷ സഞ്ചരിച്ചിരുന്ന അതേ ദിശയില്‍ത്തന്നെയാണ് ടിപ്പര്‍ ലോറിയും വന്നത്. ഓട്ടോയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍നിന്ന് വാഹനം വരുന്നതുകണ്ട് വെട്ടിത്തിരിക്കുന്നതിനിടയില്‍ ഓട്ടോയില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. റോഡിന്റെ വശത്തുള്ള കോണ്‍ക്രീറ്റ് സംരക്ഷണത്തൂണില്‍ ഇടിച്ചശേഷം ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു.
സന്തോഷ് കെ. ജോയിയുടെ അമ്മ മറിയാമ്മ ജോയ്, ഓട്ടോറിക്ഷ ഡ്രൈവര്‍ കായംകുളം എരുവ ശ്രീകൃഷ്ണ സദനത്തില്‍ എം. സദാനന്ദന്‍ എന്നിവര്‍ക്കാണ് പരിക്ക്. ഷാരോണിനെ കരുനാഗപ്പള്ളി താലൂക്കാസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. സന്തോഷ്‌ ജോയിക്കും റീനാജോയിക്കും പരിക്കില്ല.
ഡല്‍ഹിയില്‍ ലോക്‌സഭാ സ്പീക്കറുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണ് സന്തോഷ് കെ. ജോയ്. കുടുംബവുമായി ഡല്‍ഹിയില്‍നിന്ന് നാട്ടിലേക്ക് വന്നതാണ്. ഷാരോണിന്റെ സംസ്കാരം മേയ് 23ന് 2.30ന് ശാസ്താംകോട്ട പോരുവഴി മാര് ബസേലിയോസ് ഗ്രീഗോറിയോസ് പള്ളിയില്. റൂബേണ്‍ ജോയി സഹോദരനാണ്. ഫോണ്-09414296928.

Comments

comments

Share This Post