ധൂപക്കുറ്റിയുടെ വിശുദ്ധിയും ചുരികയുടെ മിന്നല്‍പ്പിണറുമായി ഫാ.ഡോ. ജേക്കബ്

അരമനയ്ക്കുള്ളിലും അള്‍ത്താരയ്ക്ക് മുന്നിലും കാര്യ ഗ്രാഹ്യമുള്ള വികാരിയാണ് ഫാ.ഡോ. ജേക്കബ് ജോണ്‍ ഇളമ്പല്‍. പള്ളിമുറ്റം പിന്നിട്ടാല്‍ കരാട്ടെയുടെയും കളരിയുടെയും മര്‍മ്മമറിഞ്ഞ തികഞ്ഞ അഭ്യാസിയുമാണ്. പ്രേതപ്പിശാചുകളെ അകറ്റിയോടിച്ച കടമറ്റത്ത് കത്തനാരച്ചനെപ്പോലെ വ്യത്യസ്തനാവുകയാണ് പുലൂര്‍ ഇളമ്പല്‍ ജേക്കബ് ഹൌസില്‍ ഫാ. ജേക്കബ് ജോണും. മലങ്കര ഓര്‍ത്തഡോക്സ് സുയായാനി സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനത്തിലെ കലയപുരത്തെയും കുളമുടിയിലെയും പള്ളി വികാരി കൂടിയാണ് ഈ അച്ചന്‍.
കരാട്ടെയില്‍ ഫോര്‍ത്ത് ഡാന്‍ ബ്ളാക്ബെല്‍റ്റ് നേടിയ അച്ചന്‍ കുങ്ഫൂ, ജൂഡോ, കളരി, കിക് ബോക്സിംഗ്, ഖുബുഡോ, യോഗ എന്നിവയിലും വിദഗ്ദ്ധാണ്. അഭ്യാസമുറകള്‍ പഠിക്കുന്നതിനൊപ്പം അത് പകര്‍ന്ന് കൊടുക്കാന്‍ മൂന്നു പതിറ്റാണ്ട് മുമ്പുതന്നെ പരിശീലന കേന്ദ്രവും സ്ഥാപിച്ചു. പന്ത്രണ്ടായിരത്തിലധികം ശിഷ്യരാണ് ഈ കാലയളവില്‍ അച്ചന്റെ കളരിയില്‍ പഠിച്ചിറങ്ങിയത്. ഇവരില്‍ 50 പേര്‍ക്ക് ബ്ളാക്ക്ബെല്‍റ്റ് നേടി.
നാല് ബിരുദങ്ങള്‍ക്കൊപ്പം ഹീലിംഗ് ഇന്‍ ഈസ്റേണ്‍ സ്പിരിച്ച്വാലിറ്റിയില്‍ പി.എച്ച്.ഡി.യുമെടുത്ത ജേക്കബ് 1999ല്‍ ആണ് ശെമ്മാശനായത്. രോഗത്തിനു പകരം ആരോഗ്യത്തിനു പ്രാധാന്യം നല്‍കുക എന്ന സന്ദേശവുമായി 13 വര്‍ഷം മുമ്പ് കൊട്ടാരക്കര പുലമണില്‍ പ്രാണിക് ഹീലിംഗ് ആന്റ് ട്രെയിനിംഗ് സെന്റര്‍ തുടങ്ങി. ലോകത്തിന്റെ പല കോണുകളിലും സഞ്ചരിച്ച് യോഗ, ഹീലിംഗ്, റെയ്കി സെമിനാറുകള്‍ സംഘടിപ്പിക്കാറുണ്ട്. 2009ല്‍ ഹീലര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡും ലഭിച്ചു.
കുമ്പസാരക്കൂട്ടില്‍ പാപങ്ങളിറക്കി ജീവിതത്തോട് തോല്‍വി സമ്മതിക്കുന്നവര്‍ക്കുള്‍പ്പെടെ അച്ചന്റെ കര്‍മ്മബലം കരുത്തു പകരുന്നുണ്ട്. സ്വയം പര്യാപ്തതയും സ്വാശ്രയശീലവും പുതിയ തലമുറയില്‍ വളര്‍ത്തിയെടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ഫാ. ജേക്കബ് ജോണ്‍ പറഞ്ഞു. ഭാര്യ നിഷയും മക്കള്‍ സാന്ദ്രയും ശ്രേയയും അച്ചന്റെ വഴിയിലൂടെയാണ് കടന്ന് വരുന്നത്. അച്ചന്റെ മെയ് വഴക്കവും യോഗയും ചുരികതലപ്പിന്റെ മിന്നല്‍ പിണരുമൊന്നും ദൈവവഴിക്കൊരു തടസ്സമേയല്ലെന്ന് കാലവും തെളിയിച്ചു.

Comments

comments

Share This Post