കാതോലിക്കേറ്റ് ശതാബ്ദിയുടെ നക്ഷത്ര തിളക്കം; ആരോഗ്യ പോഷണം പദ്ധതി

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയില്‍ കാതോലിക്കേറ്റ് പു:ന സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. ശതാബ്ദി ആഘോഷത്തിന്റെ നക്ഷത്ര തിളക്കമാണ് 2013 ജൂണ്‍ മാസം മലങ്കര സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ നാഴികകല്ലായി അട്ടപ്പാടി സെന്റ് തോമസ് ആശ്രമത്തിന്റെ മുഖ്യ ചുമതലയില്‍ ആരംഭിച്ച “ആരോഗ്യ പോഷണം” പദ്ധതി. Photo Gallery
പോഷകാഹാര കുറവുമൂലം അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ചു വീഴുന്ന വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന്റെ ഫലമായി കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ ഒട്ടാകെയുള്ള ശ്രദ്ധ അട്ടപ്പാടിയിലേക്ക് തിരിയുകയുണ്ടായി. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും അട്ടപ്പാടി സന്ദര്‍ശിച്ചു. കേന്ദ്ര-സംസ്ഥാ സര്‍ക്കാരുകള്‍ സംയുക്തമായി അട്ടപ്പാടിക്കുവേണ്ടി പ്രത്യേക വികസന പാക്കേജ് പ്രഖ്യാപിക്കുകയുണ്ടായി. അതിന് നമുക്ക് ശുഭാപ്തി വിശ്വാസത്തോടെ കാണാം. Photo Gallery
എന്നാല്‍ അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരിതങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പട്ടിണി മരണങ്ങളും പകര്‍ച്ച വ്യാധികളും പോഷകാഹാരകുറവുമൂലമുള്ള മരണങ്ങളും ഒന്നും അട്ടപ്പാടിയെ സംബന്ധിച്ചിടത്തോളം പുതിയ വാര്‍ത്തകളല്ല. ഇവയൊക്കെ നേരത്തെ തന്നെ ഉണ്ടായിരുന്ന പ്രശ്നങ്ങള് തന്നെയാണ്. ഇപ്പോള്‍ മാത്രമെ അവ മാധ്യമങ്ങളുടെ ശ്രദ്ധയില്‍പെട്ടുള്ളു എന്നു മാത്രം. അതുകൊണ്ടുതന്നെ ആയിരിക്കണം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിഷന്‍ മുന്‍ഗണനകളില്‍ ഒരിക്കലും അട്ടപ്പാടിയിലെ ആദിവാസികള്‍ കടന്നു വരാതിരുന്നത്.
മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയ ഡോ.ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണ്. തിരുമേനിയുടെ നേതൃത്വത്തില്‍ സഭാമിഷന്‍ ബോര്‍ഡും മിഷന്‍ സൊസൈറ്റിയും ഉത്തരേന്ത്യയിലെ അവികസിത ജനവിഭാഗത്തിന്റെ വികസത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുമേനി കാലം ചെയ്തെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനവും പ്രാര്‍ത്ഥനയും സഭയുടെ മിഷന്‍ പ്രവര്‍ത്തനത്തെ നയിച്ചുകൊണ്ടിരിക്കുന്നു.
അട്ടപ്പാടിയില്‍ തുടര്‍ച്ചയായുണ്ടായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ ഡോ.ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ശിഷ്യരും സഭാമിഷന്‍ ബോര്‍ഡിന്റെ സാരഥികളുമായ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത (ചെയര്‍മാന്‍), ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത (കോ-ചെയര്‍മാന്‍), ഫാ.കെ.ഐ.ഫിലിപ്പ് റമ്പാന്‍ (ഡയറക്ടര്‍) എന്നിവര്‍ 2013 മെയ് 28ന് സഭാമിഷന്‍ ബോര്‍ഡിന്റെയും ദുബൈ ഫ്രണ്ട്സ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ 400 കുട്ടികള്‍ക്ക് രണ്ടരലക്ഷം രൂപയുടെ സ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുകയും തുടര്‍ന്ന് നാല് ശിശുക്കള്‍ മരണപ്പെട്ട അട്ടപ്പാടിയിലെ നെല്ലിപ്പതി ഊര് സന്ദര്‍ശിക്കുകയും ചെയ്തു. അട്ടപ്പാടി സെന്റ് തോമസ് ആശ്രമത്തില്‍ തിരിച്ചെത്തിയ പിതാക്കന്മാര്‍ തുടര്‍ നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു. ഈ ആലോചനയുടെ ഫലമായിട്ടാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശതാബ്ദി നക്ഷത്ര തിളക്കം എന്നു വിശേഷിപ്പിക്കാവുന്ന ആദിവാസി ഊരുകളില്‍ “ആരോഗ്യ പോഷണം” പദ്ധതി രൂപം കൊണ്ടത്.
ആദ്യ ഘട്ടമായി നെല്ലിപ്പതി, ഭൂതുവഴി, ചുണ്ടുകുളം, കോട്ടമല എന്നീ ഊരുകളിലെ 295 കുട്ടികള്‍ക്ക് ദിവസവും വൈകുന്നേരം പാല്‍, മുട്ട, ബ്രഡ് എന്നിവ കൊടുക്കാന്‍ ആരംഭിച്ചു. പതിഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന അമ്മമാര്‍ക്കും വൃദ്ധജനങ്ങള്‍ക്കും ആഹാരം നല്‍കുന്നുണ്ട്. പുഴുങ്ങിയ മുട്ട, കാച്ചിയ പാല്‍ എന്നിവ ആശ്രമത്തില്‍ തയ്യാറാക്കി വാഹനങ്ങളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഊരുകളിലെത്തിച്ചാണ് വിതരണം നടത്തുന്നത്. ഭൂതുവഴി ഊരിലെ 85 കുട്ടികള്‍ക്കുള്ള പോഷകാഹാര വിതരണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വ്വഹിച്ചത്. ഓര്‍ത്തഡോക്സ് സഭയുടെ സാമൂഹിക വികസന പ്രവര്‍ത്തനങ്ങളിലെ പുതിയ കാല്‍വയ്പായി മുഖ്യമന്ത്രി ഈ പദ്ധതിയെ പ്രകീര്‍ത്തിക്കുകയുണ്ടായി.
2013 ജൂണ്‍ 2-ന് ആരംഭിച്ച “ആരോഗ്യ പോഷണം” പദ്ധതി ഇപ്പോള്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. 2013 ജൂണ്‍ 30-ന് മുമ്പായി അട്ടപ്പാടിയിലെ വിവിധ ഊരുകളിലായി 500 കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്ന ബ്രഹത്തായ പദ്ധതിയായി ഇത് മാറുകയാണ്. പുതുതായി വെങ്കകടവ്, ഗുഡ്ഡയൂര്‍, കാരറ, കതിരമ്പതി എന്നീ ഊരുകളിലെ സര്‍വ്വേ പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ നാല് ഊരുകളിലായി 205 കുട്ടികള്‍കൂടി “ആരോഗ്യ പോഷണം” പദ്ധതിയുടെ ഉപയോക്താക്കളാകുകയാണ്.
ആരോഗ്യ പോഷണം’പദ്ധതിക്ക് ഇതിനോടകം വമ്പിച്ച പിന്‍തുണയാണ് ലഭിച്ചിട്ടുള്ളത്. പ.കാതോലിക്കാ ബാവാ ബസ്സേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ പദ്ധതിയെ ആശീര്‍വദിക്കുകയുണ്ടായി. നിരണം ഭദ്രാസനത്തിലെ കല്ലൂപ്പാറ സെന്റ് മേരീസ് പള്ളിയിലെ യുവജനപ്രസ്ഥാനം പ്രവര്‍ത്തകര്‍ ഇതിലേക്ക് ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച 60,500/- രൂപ ആശ്രമത്തില്‍ ഏല്‍പ്പിക്കുകയും ഒരു ദിവസം ഊരുകളിലെ പോഷകാഹാര വിതരണത്തില്‍ പങ്കെടുക്കുകയും ചെയ്തു. പാമ്പാടി ദയറാ മാനേജരും കേരള ഓര്‍ഫനേജസ് അസോസിയേഷന്‍ പ്രസിഡണ്ടുമായ ഫാ.മാത്യു കെ.ജോണ്‍ ഊരുകള്‍ സന്ദര്‍ശിക്കുകയും 200 കുട്ടികള്‍ക്ക് ആവശ്യമായ പാല്‍, മുട്ട എന്നിവ ഒരു വര്‍ഷത്തേക്ക് നല്‍കാമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു. നിരണം, കോട്ടയം, കണ്ടനാട്, കൊട്ടാരക്കര-പുനലൂര്‍, ചെങ്ങന്നൂര്‍ ഭദ്രാസനങ്ങളും സഹായം വാഗ്ദാം ചെയ്തിട്ടുണ്ട്.
ഒരു കുട്ടിയ്ക്ക് ഒരു ദിവസം പോഷകാഹാരം കൊടുക്കുന്നതിന് 20/- രൂപാ നിരക്കില്‍ ഒരു മാസത്തേക്ക് 600/- രൂപായും ഒരു വര്‍ഷത്തേക്ക് 7200/- രൂപായുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഏകദേശം 40 ലക്ഷം രൂപ ഒരു വര്‍ഷത്തേക്ക് ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി വിജയിക്കണമെങ്കില്‍ സഭാംഗങ്ങളുടെയും സഭാ സ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും പൊതുജനങ്ങളുടെയും അകമഴിഞ്ഞ സഹായം അത്യാവശ്യമാണ്. 2013 ജൂണ്‍ 2-ന് ആരംഭിച്ച ഈ പദ്ധതി 2014 മെയ് 31ന് പൂര്‍ത്തീകരിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്. ഓരോ ഘട്ടത്തിലുമുള്ള മൂല്യ നിര്‍ണ്ണയത്തിനു ശേഷം ആവശ്യമെങ്കില്‍ പദ്ധതി ഒരു വര്‍ഷത്തിനു ശേഷം അട്ടപ്പാടിയിലെ ഇതര ഊരുകളിലേക്കുംകൂടി വ്യാപിപ്പിക്കുന്നതാണ്.
പദ്ധതിയുടെ ഡയറക്ടറായി സെന്റ് തോമസ് ആശ്രമം സുപ്പീരിയര്‍ ഫാ.എം.ഡി.യൂഹാനോന്‍ റമ്പാനും ട്രഷറാറായി ആശ്രമം മാനേജര്‍ ഫാ.എസ്.പോളും കോ-ഓര്‍ഡിനേറ്ററായി മിഷന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.സിബി തരകനും പ്രവര്ത്തിക്കുന്നു.
നിങ്ങളുടെ സംഭാവനകളും വിലയേറിയ അഭിപ്രായങ്ങളും താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ അയയ്ക്കുക.
ഡയറക്ടര്‍
ആരോഗ്യ പോഷണം” പദ്ധതി
സെന്റ് തോമസ് ആശ്രമം
നെല്ലിപ്പതി, അഗളി
പാലക്കാട് ജില്ല, പിന്‍: 678581
Ph: 04924 – 254430
Mob: +919447277690
E-mail: frmdjohn@gmail.com

Bank Details
SB A/c No.0287053000013959
A/c Name: “Arogya Poshanam”
South Indian Bank
Goolikkadavu Branch, Palakkad
IFSC Code: SIBL0000287

Comments

comments

Share This Post

Post Comment