യു.എന്‍. പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങി

ബഹ്റൈന്‍: ലോകത്തിനു മുന്നില്‍ കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി പൊതുജന സേവനത്തിനുള്ള ഐക്യരാഷ്ട്രസഭാ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങി. പൊതുജന സേവനത്തിനുള്ള “ഓസ്ക്കാര്‍” എന്ന് അറിയപ്പെടുന്ന പുരസ്കാരം യു.എന്‍. അണ്ടര്‍ സെക്രട്ടറി ജനറല്‍ വു ഹോങ്ബോയാണ് സമ്മാനിച്ചത്.
ഇ-ഗവണ്‍മെന്റിന്റെയും ഭരണ പരിഷ്കാരങ്ങളുടെയും സഹായത്തോടെ എല്ലാവര്‍ക്കും മികച്ച ഭാവി സൃഷ്ടിക്കുകയെന്ന വിഷയത്തെക്കുറിച്ച് നാലുദിവസമായി യു.എന്‍. പബ്ളിക് ഫോറം നടത്തിയ കണ്‍വന്‍ഷന്റെ പ്ളിനറി സെഷനിലാണ് അവാര്‍ഡ് സമ്മാനിച്ചത്. എണ്‍പത് രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥ മേധാവികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
ജനാധിപത്യം ശക്തിപ്പെടുന്നത് ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അന്തരം കുറയുമ്പോഴാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. പൊതുജനസമ്പര്‍ക്ക പരിപാടിയുടെ അടുത്തഘട്ടം പൂര്‍ണമായും വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ അഭൂതപൂര്‍വമായ പദ്ധതിയെന്നാണ് ജനസമ്പര്‍ക്ക പരിപാടിയെ യു.എന്‍. വിലയിരുത്തിയത്. 600 അപേക്ഷകളില്‍ നിന്നാണ് ജനസമ്പര്‍ക്ക പരിപാടിയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളും പരീക്ഷണങ്ങളും പരിശോധിച്ചാണ് ഐക്യരാഷ്ട്രസഭാ പുരസ്കാരം നല്‍കുന്നത്.

Comments

comments

Share This Post

Post Comment