പാമ്പാടിയുടെ കാരുണ്യം അട്ടപ്പാടിയിലെ ഊരുകളിലേക്കും

പാമ്പാടി. അട്ടപ്പാടിയിലെ കുരുന്നുകള്‍ക്കു സഹായവുമായി പരിശുദ്ധ പാമ്പാടി തിരുമേനി അന്നദാന പദ്ധതിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമായി. പോഷകാഹാരക്കുറവുമൂലം പ്രശ്നങ്ങള്‍ അനുഭവിക്കുന്ന അട്ടപ്പാടിയിലെ ഒന്‍പത് കുടികളിലെ 500 കുട്ടികള്‍ക്കു ദിവസം ഒരു ഗാസ് പാലും ഒരു മുട്ടയുമാണ് പാമ്പാടി തിരുമേനി അന്നദാന പദ്ധതിയുടെ ഭാഗമായി നല്‍കുന്നതെന്നു നേതൃത്വം നല്‍കുന്ന പാമ്പാടി ദയറ മാനേജര്‍ ഫാ. മാത്യു കെ. ജോണ്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചു.
പാമ്പാടി ദയറയുടെ ആഭിമുഖ്യത്തിലാണ് പാല്‍ എത്തിക്കുന്നതിന്റെ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സന്നദ്ധ സംഘടനയാണ് മുട്ട നല്‍കുന്നത്. പാമ്പാടി ഗവ. താലൂക്ക് ആശുപത്രിയില്‍ എല്ലാ ദിവസവും ഉച്ചയ്ക്കു ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതിയാണ് പരിശുദ്ധ പാമ്പാടി തിരുമേനി അന്നദാന പദ്ധതി. അട്ടപ്പാടിയിലെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നു പദ്ധതി അംഗങ്ങളുടെ നേതൃത്വത്തില്‍ ഇവിടം സന്ദര്‍ശിച്ച ശേഷമാണ് കുടികളുടെ സംരക്ഷണം ഏറ്റെടുത്തത്.
പാമ്പാടി ഗ്രൂപ്പില്‍ പെട്ട പന്ത്രണ്ട് പള്ളികളുടെ സഹകരണവും പദ്ധതിക്കു ലഭ്യമായിട്ടുണ്ടെന്നു ഫാ. മാത്യു കെ. ജോണ്‍ പറഞ്ഞു. സംഘത്തിന്റെ നേതൃത്വത്തില്‍ അടുത്ത ദിവസം വീണ്ടും അട്ടപ്പാടിയിലേക്കു സന്ദര്‍ശനത്തിനു പോകുന്നുണ്ട്.

Comments

comments

Share This Post

Post Comment