കുരിശുംമൂട് തകര്‍ക്കല്‍; പ്രകടനവും യോഗവും നടത്തി

മാവേലിക്കര-പത്തിച്ചിറ വലിയപള്ളിയുടെ കുരിശടിക്കു നേരെ നടന്ന അക്രമണത്തില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്സ് സഭ പ്രകടനവും യോഗവും നടത്തി.
മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. കോശി മാത്യു അധ്യക്ഷത വഹിച്ചു. ഫാ. മത്തായി വിളനിലം, ഫാ. ടി.എസ്. നൈനാന്‍, ഫാ. ജോണ്‍ കൈതവന, ഫാ. ഗീവര്‍ഗീസ് പൊന്നോല, ഫാ. ജോണ്‍ സി.ഈപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
മാവേലിക്കര, കായംകുളം പോലീസിന്റെ ശ്രമഫലമായി പ്രതികളെ പിടികൂടുകയും, അവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. അറസ്റിലായ എരുവ പ്ളാമൂട്ടില്‍ അല്‍ അമീര്‍ (19), കായംകുളം പുത്തന്‍കണ്ടത്തില്‍ അബ്ദുള്‍ റഹ്മാന്‍ (18), പത്തിയൂര്‍ ചെറുകാവില്‍ കിഴക്കതില്‍ ഫൈസല്‍ (19) എന്നിവരെ കായംകുളം കോടതി റിമാന്റ് ചെയ്തു.
രക്ഷപ്പെട്ട ആറ് പേര്‍ കൊല്ലം വഴി മലപ്പുറത്തേക്കോ, തമിഴ്നാട്ടിലേക്കോ, ബാംഗ്ളൂരിലേക്കോ കടന്നിട്ടുണ്ടാകുമെന്നാണ് നിഗമം. ഇവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം, ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. മാര്‍ക്കാണ് അന്വേഷണ ചുമതല. അറസ്റിലായവരെ കൂടാതെ ഷഫീക്ക്, അബു സാഗര്‍, അന്‍ഷാദ്, സംജിത്ത്, സമീര്‍, അന്‍ഷാദ്, എന്നിവരുടെ വിവരങ്ങളും പോലീസ് ശേഖരിച്ചു.
വര്‍ഗീയ കലാപം സൃഷ്ടിക്കാനായി ആരാധാലയങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയ ഒന്‍പതംഗ സംഘത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് സൂചന കിട്ടിയതിനാല്‍ കേസ് എന്‍.ഐ.എ.യ്ക്ക് വിടുമെന്നറിയുന്നു. എന്‍.ഐ.എ.യ്ക്ക് അന്വേഷണം കൈമാറണമെന്ന ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് ഡവൈ.എസ്.പി.യെ ഡി.ജി.പി. ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് വിളിപ്പിച്ചു. ഇന്റലിജന്‍സ് ഉദ്യോഗസ്ഥരോടും ഡി.ജി.പി. വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

Comments

comments

Share This Post

Post Comment