ബഹനാന്‍ സഹദായുടെ അപൂര്‍വ ചിത്രം കോട്ടയം ചെറിയ പള്ളിയില്‍

കോട്ടയം. കോട്ടയം ചെറിയപള്ളിയിലെ ചിത്ര സമുച്ചയത്തില്‍ ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്റേതെന്നു കരുതപ്പെട്ടിരുന്ന ചിത്രം നാലാം നൂറ്റാണ്ടില്‍ രക്തസാക്ഷിയായ പേര്‍ഷ്യന്‍ പരിശുദ്ധന്‍ മാര്‍ ബഹനാന്‍ സഹദായുടേതാണെന്നു തിരിച്ചറിഞ്ഞു.
ഗവേഷകനായ ഡോ. എം. കുര്യന്‍ തോമസാണ് ബഹനാന്‍ സഹദായുടേതാണ് ഈ ചിത്രമെന്നു സ്ഥിരീകരിച്ചത്. ലോകത്തില്‍ ഇത്തരത്തിലുള്ള ഏക ചിത്രമാണിതെന്ന് അദ്ദേഹം പറയുന്നു.
കോട്ടയം ചെറിയപള്ളിയുടെ മുറ്റത്തുള്ള പള്ളിമേടയുടെ രണ്ടാം നിലയില്‍ മലങ്കര മെത്രാപ്പോലീത്താമാരുടെ കിടപ്പുമുറിയിലുള്ള ചിത്രങ്ങളില്‍ ഒന്നാണ് അക്കാലത്തെ ബ്രിട്ടീഷ് സൈനിക യൂണിഫോം ധരിച്ച ബഹനാന്‍ സഹദായുടേത്. 1821-നും 1825-നും ഇടയില്‍ രചിക്കപ്പെട്ട അഞ്ചു ചിത്രങ്ങളാണ് ഈ മുറിയിലുള്ളത്. മെത്രാപ്പോലീത്താമാരുടെ കിടപ്പു മുറിയിലുള്ള ചിത്രമായതിനാല്‍ ഇത് അധികമാരുടേയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
ജനല്‍ പോലെ അടച്ചു വയ്ക്കാവുന്ന ചിത്ര സമുച്ചയത്തില്‍ ക്രൂശിതനായ ക്രിസ്തു, പത്രോസ് ശ്ലീഹ, പൌലോസ് ശ്ലീഹ, ഗീവര്‍ഗീസ് സഹദാ എന്നിവര്‍ക്കൊപ്പമാണ് ഒരു ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനും ഏതാനും സൈനികരും ഒരു സ്ത്രീയും ഉള്‍പ്പെട്ട ചിത്രമുള്ളത്. പള്ളിമേട പണിയിച്ച പുന്നത്ര മാര്‍ ദീവന്നാസ്യോസ് മൂന്നാമന്‍ മലങ്കര മെത്രാപ്പോലീത്തായ്ക്ക് സുപരിചിതനായിരുന്ന തിരുവിതാംകൂറിലെ ബ്രിട്ടീഷ് റസിഡന്റ് കേണല്‍ മണ്‍റോയുടെ ചിത്രമാണിതെന്നായിരുന്നു കരുതപ്പെട്ടിരുന്നത്.
പരിശുദ്ധന്മാരുടെ ചിത്രത്തോടൊപ്പം ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥന്റെ ചിത്രം വരാനുള്ള സാധ്യതയില്ലെന്ന വിലയിരുത്തലില്‍ പള്ളി സെക്രട്ടറി പ്രസാദ് ഏബ്രഹാം വര്‍ഗീസ് വിശദീകരണത്തിനായി ഗവേഷകനായ ഡോ. എം. കുര്യന്‍ തോമസിന്റെ സഹായം തേടുകയായിരുന്നു. നാലാം നൂറ്റാണ്ടില്‍ സഹോദരിയായ സാറായ്ക്കും നാല്പത് അനുചരന്മാര്‍ക്കുമൊപ്പം രക്തസാക്ഷിയായ പരിശുദ്ധനാണ് ബഹനാന്‍ സഹദാ.
പേര്‍ഷ്യന്‍, സുറിയാനി, കോപ്ടിക് പാരമ്പര്യത്തില്‍ പ്രമുഖ പരിശുദ്ധനാണെങ്കിലും അദ്ദേഹം യൂറോപ്യന്‍ ക്രൈസ്തവര്‍ക്ക് അപരിചിതനാണ്. അതിനാല്‍ പതിനാറാം നൂറ്റാണ്ടു മുതല്‍ കേരള ക്രൈസ്തവര്‍ പിന്തുടര്‍ന്നുവന്ന റോമന്‍ കത്തോലിക്കാ ചിത്രകലാ പാരമ്പര്യത്തില്‍ മാര്‍ ബഹനാന്‍ സഹദാ ഇല്ലായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തന്റെ കിടക്കമുറിയില്‍ പരിശുദ്ധന്മാരുടെ ചിത്രം വരപ്പിച്ച ചെറിയപള്ളിയിലെ മുന്‍ വികാരിയും ഇടവകാംഗവുമായ പുന്നത്ര മാര്‍ ദീവന്നാസ്യോസ് മൂന്നാമന്‍ മലങ്കര മെത്രാപ്പോലീത്താ, അന്നു നിലവിലുണ്ടായിരുന്ന റോമന്‍ കത്തോലിക്കാ ചിത്രകലാ പാരമ്പര്യപ്രകാരം ക്രൂശിതനായ ക്രിസ്തു, പത്രോസ് ശ്ലീഹ, പൌnലോസ് ശ്ലീഹ, ഗീവര്‍ഗീസ് സഹദാ എന്നിവരുടെ ചിത്രങ്ങള്‍ വരപ്പിച്ചു.
പക്ഷേ ആ പാരമ്പര്യത്തില്‍ ബഹനാന്‍ സഹദായ്ക്കു മാതൃകയില്ലാത്തതിനാല്‍ സുറിയാനി വിവരണങ്ങളെ അടിസ്ഥാനമാക്കി പരിശുദ്ധന് രൂപം കൊടുക്കേണ്ടിവന്നു. രാജകുമാരന്‍, സഹചാരികളായ സൈനികര്‍ എന്നിങ്ങനെ ബഹനാന്‍ സഹദായെ കുറിച്ചുള്ള പശ്ചാത്തല വിവരണമനുസരിച്ച് അക്കാലത്തു സുപരിചിതമായ ഏക വിദേശ സൈനിക യൂണിഫോം ധരിപ്പിച്ച് അവരെ ചിത്രീകരിച്ചതിനാലാണ് ചിത്രത്തില്‍ ബ്രിട്ടീഷ് യൂണിഫോം ഇടംപിടിച്ചതെന്ന് ഡോ. കുര്യന്‍ തോമസ് പറയുന്നു. ചിത്രത്തിലുള്ള സാറാ പോര്‍ച്ചുഗീസുകാര്‍ കേരളത്തില്‍ പ്രചരിപ്പിച്ച വേഷവിധാനത്തിലുമാണ്.
താഴത്തങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന കല്‍ക്കുരിശാണ് കോട്ടയത്തെ ക്രൈസ്തവ വിശ്വാസികളുടെ ആദ്യത്തെ ആരാധനാലയമായി കരുതപ്പെടുന്നത്. ആ കല്‍ക്കുരിശ് ബഹനാന്‍ സഹദായുടെ നാമത്തില്‍ സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. കല്‍ക്കുരിശിനോട് ചേര്‍ന്ന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒരു ചാപ്പലും സ്ഥിതി ചെയ്തിരുന്നു. ഇങ്ങനെ ബഹനാന്‍ സഹദായോട് പുന്നത്ര മാര്‍ ദീവന്നാസ്യോസ് മൂന്നാമന്‍ മലങ്കര മെത്രാപ്പോലീത്തയ്ക്ക് ഉണ്ടായിരുന്ന ബഹുമാനമാവാം ചെറിയപള്ളി ഇടവകാംഗമായ അദ്ദേഹത്തെക്കൊണ്ട് ബഹനാന്‍ സഹദായുടെ ചിത്രം വരയ്ക്കാന്‍ പ്രേരിപ്പിച്ചത്.
സാന്താക്ലോസിന്റെ ഭൌതികാവശിഷ്ടം എറണാകുളം ജില്ലയിലെ പാമ്പാക്കുടയില്‍ ഉണ്ടെന്നു ഒരു ദശാബ്ദം മുമ്പ് കണ്ടുപിടിച്ച് ശ്രദ്ധേയനായ ഗവേഷകനാണ് ഡോ. എം. കുര്യന്‍ തോമസ്.
2014 ജനുവരിയില്‍ ചെറിയപള്ളി മ്യൂസിയം ഉദ്ഘാടനം ചെയ്യുന്നതോടെ ഈ അത്യപൂര്‍വ ചിത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്ന് വികാരി ഫാ. ഏബ്രഹാം കോര, സഹവികാരിമാരായ ഫാ. പി.എ കുറിയാക്കോസ്, ഫാ. തോമസ് ജോര്‍ജ്, ട്രസ്റ്റി പി. എ. ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment