എട്ടുനോമ്പാചരണവും സുവിശേഷ പ്രസംഗമഹായോഗങ്ങളും

പത്തംതിട്ട: പുത്തന്‍പീടിക സെന്റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ കഴിഞ്ഞ വര്‍ഷങ്ങളായി ആഘോഷിച്ചുവരുന്ന എട്ടുനോമ്പാചരണവും സുവിശേഷ പ്രസംഗ മഹായോഗവും സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ നടത്തപ്പെടുന്നു. Notice
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ സഖറിയാസ് മാര്‍ അപ്രേം, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ.യാക്കൂബ് മാര്‍ ഐറേനിയോസ്, ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.
നോമ്പിന്റെ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബ്ബാന, ഗാനശുശ്രൂഷ, വചന ശുശ്രൂഷ എന്നിവ നടത്തുന്നു. ഫാ. ജോര്‍ജ്ജ് വര്‍ഗീസ് മണ്ണാറക്കുളഞ്ഞി, ഫാ. സ്പെന്‍സര്‍ കോശി ആയൂര്‍, ഫാ. ലെസ്ളി പി.ചെറിയാന്‍ വയലത്തല, ഫാ.ഡോ. റെജി മാത്യു, ഫാ. പ്രൊഫ. കുര്യന്‍ ഡാനിയേല്‍ നിരണം, ഫാ. പി.കെ. ഗീവര്‍ഗീസ് കല്ലൂപ്പാറ, ഫാ. ജോജി എം. ഏബ്രഹാം പുറമറ്റം, പ്രൊഫ. ജേക്കബ് ജോര്‍ജ്ജ് എന്നിവര്‍ വചനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.
നോമ്പിന്റെ ഒന്നാം ദിവസമായ ഞായറാഴ്ച പരിശുദ്ധ ബാവാ തിരുമസ്സുകൊണ്ട് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതും തുടര്‍ന്ന്  തീര്‍ത്ഥാടനവാരം ഉദ്ഘാടനം ചെയ്യുന്നതുമാണ്. പെരുന്നാളിനോട് അനുബന്ധിച്ച് ഭദ്രാസന പ്രാര്‍ത്ഥാനയോഗ സംയുക്ത മീറ്റിംഗ്, വനിതാ സംഗമം, അഖണ്ഡ പ്രാര്‍ത്ഥന, മധ്യസ്ഥ പ്രാര്‍ത്ഥന എന്നിവ നടത്തപ്പെടുന്നു.
സെപ്റ്റംബര്‍ ഏഴാം തീയതി ശനിയാഴ്ച ഭക്തിനിര്‍ഭരമായ പകല്‍ റാസയും ആഘോഷപൂര്‍വ്വമായ ചെമ്പെടുപ്പ് റാസയും തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരുടെ നേതൃത്വത്തില്‍ നേര്‍ച്ച പായസത്തിനായുള്ള ചെമ്പില്‍ അരിയിടില്‍ കര്‍മ്മവും നടത്തപ്പെടുന്നതാണ്. നോമ്പിന്റെ എട്ടാം ദിവസം അഭിവന്ദ്യ ക്രിസോസ്റമോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് നേര്‍ച്ച വിളമ്പോടുംകൂടി പെരുന്നാള്‍ സമാപിക്കും.
ഇടവക വികാരി ഫാ. ജോണ്‍ ഫിലിപ്പോസ്, ട്രസ്റി തോമസ് വര്‍ഗീസ് കുറുങ്ങാട്ട്, സെക്രട്ടറി കെ.എ. ജോര്‍ജ്ജ് കെങ്കിരേത്ത്, ഇടവക മാനേജിംഗ് കമ്മിറ്റി, പെരുന്നാള്‍ കമ്മിറ്റി, യുവജനപ്രസ്ഥാനം എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്‍കുന്നു.

Comments

comments

Share This Post

Post Comment