അട്ടപ്പാടി സെന്റ് ഗ്രീഗോറിയോസ് സ്കൂളിന് നല്ലപാഠം സമ്മാനം

പാലക്കാട്: അട്ടപ്പാടി സെന്റ് തോമസ് ആശ്രമം നെല്ലിപ്പതി സെന്റ് ഗ്രീഗോറിയോസ് ഇംഗ്ളീഷ് മീഡിയം സ്കൂളിന് മലയാള മാരമയുടെ നല്ല പാഠം സര്‍പ്രൈസ് സമ്മാനം ലഭിച്ചു.
ഷോളയാര്‍ പഞ്ചായത്തിലെ  കോട്ടമല ആദിവാസി ഊരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രവര്‍ത്തനമാണ് സമ്മാനത്തിന് അര്‍ഹമായത്. ആദിവാസി ഊരുകളില്‍ പോഷകാഹാര കുറവു മൂലം കുട്ടികള്‍ മരിച്ചുവീഴുന്ന സാഹചര്യത്തിലാണ് സെന്റ് ഗ്രീഗോറിയോസ് സ്കൂളിലെ കുട്ടികള്‍ സഹായ ഹസ്തവുമായി കടന്നുചെന്നത്.
സ്കൂളില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെയുള്ള കോട്ടമല ഊരില്‍ നല്ലപാഠം പ്രവര്‍ത്തകരായ കുട്ടികളും അധ്യാപകരും സര്‍വ്വേ നടത്തി. കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, വൃദ്ധര്‍, രോഗികള്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ചു. കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, വൃദ്ധര്‍, രോഗിക ള്‍എന്നിവര്‍ക്ക് പോഷകാഹാരങ്ങള്‍ നല്‍കുവാനുള്ള പദ്ധതിയാണ് സ്കൂള്‍ അധികൃതരുമായി ചേര്‍ന്ന് നടത്തിയത്
സെന്റ് തോമസ് ആശ്രമത്തിന്റെ ചുമതലയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആരോഗ്യപോഷണം പദ്ധതി കുട്ടികള്‍ക്ക് പ്രേരണയായി. അതനുസരിച്ച് കോട്ടമല ഊരിലെ 55 കുട്ടികള്‍ക്ക് പാല്‍, മുട്ട, റൊട്ടി എന്നിവ ദിവസവും നല്‍കുന്നതിനായി ഓരോ കുട്ടിയും ദിവസവും 3 രൂപ വീതം ഈ പദ്ധതിയിലേക്ക് നല്‍കുന്നു. സ്കൂളിലെ ക്ളാസ്സിനു ശേഷമുള്ള സമയങ്ങളിലും അവധി ദിനങ്ങളിലും കുട്ടികള്‍ ഊര് സന്ദര്‍ശിക്കുകയും പോഷകാഹാരങ്ങള്‍ വിതരണം നടത്തുകയും ചെയ്യുന്നു.
ഷോളയാര്‍ ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നല്ലപാഠം സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ ചലച്ചിത്രതാരം സുരേഷ് ഗോപിയില്‍ നിന്ന് വിദ്യാര്‍ത്ഥികളായ അഷ്വിന്‍ ഈശ്വര്‍, അക്സ ജോസഫ്, നല്ലപാഠം കോ-ഓര്‍ഡിറ്റേര്‍മാരായ സോഫിയ മാത്യു, പി.കുമാരി എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഓണത്തിന് മുന്നോടിയായി കോട്ടമല ഊരിലെ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ നല്‍കുവാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍.

Comments

comments

Share This Post

Post Comment