കാതോലിക്കാ ബാവായും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി

വത്തിക്കാന്‍ സിറ്റി. സഭകള്‍ തമ്മില്‍ വ്യത്യസ്തതകള്‍ നിലനില്‍ക്കുമ്പോഴും മുന്‍വിധികള്‍ ഒഴിവാക്കി പരസ്പര ധാരണയോടെ സഹകരിച്ചു സാമൂഹിക തിന്മകള്‍ക്കെതിരെ ഒരുമിച്ചു പ്രവര്‍ത്തിക്കാമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുമായുള്ള കൂടിക്കാഴ്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു. ത്യാഗത്തിന്റെ അള്‍ത്താരയിലേക്കു സ്നേഹത്തോടെ മുന്നേറാമെന്നു മാര്‍പാപ്പ ആഹ്വാനം ചെയ്തു. Video
ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായും 1990ല്‍ തുടങ്ങിവച്ച കത്തോലിക്ക  ഒാര്‍ത്തഡോക്സ് ചര്‍ച്ചയും ആവശ്യമുള്ള സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും ആരാധനാ കേന്ദ്രങ്ങളും സെമിത്തേരികളും പൊതുവായി ഉപയോഗിക്കുന്ന പതിവും തുടരുമെന്നും പറഞ്ഞ മാര്‍പാപ്പ പുതിയ സഹകരണ മേഖലകള്‍ കണ്ടെത്താന്‍ ശ്രമിക്കണമന്നും നിര്‍ദേശിച്ചു. 1983ല്‍ റോമില്‍വച്ചും 1986ല്‍ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍വച്ചും ഇരു സഭാതലവന്മാരും തമ്മില്‍ കൂടിക്കണ്ട വിവരം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസംഗത്തില്‍ അനുസ്മരിച്ചു.
വത്തിക്കാനില്‍ ലഭിച്ച സ്നേഹപൂര്‍വവും ഹൃദ്യവുമായ സ്വീകരണത്തിനു പരിശുദ്ധ കാതോലിക്കാ ബാവാ നന്ദി പറയുകയും മലങ്കര സന്ദര്‍ശനത്തിനായി മാര്‍പാപ്പയെ ക്ഷണിക്കുകയും ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നേതൃത്വം ലോകസമാധാനത്തിനും സഭകള്‍ തമ്മിലുള്ള സഹകരണത്തിനും വഴിതെളിക്കട്ടെ എന്നു ബാവാ ആശംസിച്ചു.
തോമസ് മാര്‍ അത്തനാസിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഫാ. ഡോ. കെ.എം. ജോര്‍ജ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, എക്യുമെനിക്കല്‍ റിലേഷന്‍സ് സെക്രട്ടറി ഫാ. ഏബ്രഹാം തോമസ്, ജേക്കബ് മാത്യു കളഞ്ഞിക്കൊമ്പില്‍ എന്നിവരടങ്ങുന്ന സഭാ പ്രതിനിധി സംഘം ഇന്നലെ രാവിലെ 11 മണിക്കാണു മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. പൊതുസ്വീകരണത്തിനുശേഷം പാപ്പയും പരിശുദ്ധ കാതോലിക്കാ ബാവായും തമ്മില്‍ 10 മിനിറ്റ് നേരം സ്വകാര്യ കൂടിക്കാഴ്ച നടത്തി. ബാവാ വിശുദ്ധ പത്രോസിന്റെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ഥന നടത്തുകയും മാര്‍പാപ്പ നല്‍കിയ വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തു.

Comments

comments

Share This Post

Post Comment