ആരോഗ്യ പോഷണത്തിന്റെ 100 ആരോഗ്യ ദിനങ്ങള്‍

അട്ടപ്പാടിയിലെ  ആദിവാസി ഊരുകളില്‍ മലങ്കര ഓര്‍ത്തഡോക്സ്  സഭ  നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന  ‘ആരോഗ്യ പോഷണം പദ്ധതി ‘ വിജയകരമായ 100 ദിനങ്ങള്‍ പിന്നിട്ടിരിക്കുന്നു. അട്ടപ്പാടി സെന്റ് തോമസ് ആശ്രമത്തിന്റെ  മുഖ്യ ചുമതലയില്‍ 2013 ജൂണ്‍ 2 നാണ് പദ്ധതി ആരംഭിച്ചത്.
പോഷകാഹാരക്കുറവുമൂലം പിഞ്ചുകുഞ്ഞുങ്ങള്‍  അട്ടപ്പാടിയില്‍ നിരന്തരമായി  മരിച്ചുകൊണ്ടിരിക്കുന്ന  പശ്ചാത്തലത്തില്‍  സഭാമിഷന്‍ ബോര്‍ഡിന്റെ സാരഥികളായ  അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രിസാസ്റ്റമോസ്, ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്  എന്നീ മെത്രാപ്പൊലീത്താമാരും വെരി റവ. കെ എ ഫിലിപ്പ് റമ്പാനും അട്ടപ്പാടി  സെന്റ തോമസ് ആശ്രമത്തില്‍ എത്തുകയും  പോഷകാഹാരക്കുറവുമൂലം നാലു ശിശുക്കള്‍ മരിച്ച നെല്ലിപ്പതി ഊര് സന്ദര്‍ശിക്കുകയും ചെയ്തു. ഊരുമൂപ്പന്റെ നേതൃത്വത്തില്‍  ഊരു നിവാസികള്‍ അഭിവന്ദ്യ  മെത്രാപ്പൊലീത്താമാരെ സ്വീകരിക്കുകയും   അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.  തുടര്‍ന്ന് ആശ്രമത്തില്‍ മടങ്ങിയെത്തിയ വന്ദ്യ പിതാക്കന്മാര്‍ ആശ്രമം സുപ്പീരിയര്‍ വെരി. റവ എം.ഡി. യൂഹാനോന്‍ റമ്പാന്‍, മാനേജര്‍ ഫാ. എസ്. പോള്‍ എന്നിവരുമായി തുടര്‍ നടപടികളെക്കുറിച്ച്  ചര്‍ച്ച നടത്തി. ഈ ചര്‍ച്ചകളുടെ  ഫലമായിട്ടാണ് മലങ്കര ഓര്‍ത്തൊഡോക്സ് സഭയുടെ മിഷന്‍ പ്രവര്‍ത്തങ്ങളിലെ  നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ‘ആരോഗ്യ പോഷണം പദ്ധതി’ രൂപം കൊണ്ടത്.
തുടക്കത്തില്‍ നെല്ലിപ്പതി ഊരിലെ 100 കുട്ടികള്‍ക്ക് ദിവസവും പോഷകാഹാരം നല്‍കുന്ന ഒരു പദ്ധതി എന്ന നിലയിലാണ് ‘ആരോഗ്യ പോഷണം പദ്ധതി’ വിഭാവം ചെയ്യപ്പെട്ടത്. പിന്നീട് ഇതിനു ലഭിച്ച  സഭാംഗങ്ങളുടെ പിന്തുണ പദ്ധതിയെ അഗളി, ഷോളയൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ  ഭൂതിവഴി, ഗുഡ്ഡയൂര്‍, കാരറ, കതിരമ്പതി, വെങ്കക്കടവ്,  എന്നീ ഊരുകളില്‍ക്കൂടി വ്യാപിപ്പിക്കുന്നതിന് ഇടയാക്കി. ഇതു കൂടാതെ പട്ടണക്കല്‍, കൂത്താടിച്ചാള, ആക്കല്ല്, അബ്ബന്നൂര്‍, പഴയൂര്‍, ഗോപ്പാരി, മാര്‍ണാട്ടി, ഭൂതയാര്‍, തുടുക്കി, ഇടവാനി, കുമ്മന്‍ കോട്ടില്‍, വെള്ളമാരി, ചൂട്ടറ, വകോട്, പരപ്പന്തറ, പെട്ടിക്കല്‍, സാമ്പാര്‍ക്കോട്, ജെല്ലിപ്പാറ, ചിണ്ടക്കി, കുളപ്പടി, കരിവടം, എന്നീ ഊരുകളില്‍ നിന്ന്  സെന്റ് തോമസ് ആശ്രമത്തിന്റെ ബാലബാലികാ ഭവനുകളില്‍ കഴിയുന്ന ആദിവാസി കുട്ടികളെയും ‘ആരോഗ്യ പോഷണം പദ്ധതി’യുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പതിനഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പാലൂട്ടുന്ന അമ്മമാര്‍, വൃദ്ധജനങ്ങള്‍ എന്നിവര്‍ക്കാണ് ഇപ്പോള്‍ ദിവസവും പോഷകാഹാരം നല്‍കുന്നത്. ഇപ്പോള്‍ 500 കുട്ടികള്‍ക്കാണ് പോഷകാഹാരം നല്‍കുന്നതെങ്കിലും അവധിക്കാലത്ത് എണ്ണം കൂട്ടേണ്ടിവന്നേക്കാം. മിക്കവാറും എല്ലാ ഊരുകളില്‍ നിന്നും വിദൂര പ്രദേശങ്ങളിലുള്ള ഗവ. ട്രൈബല്‍ ഹോസറ്റലുകളില്‍ താമസിച്ച് പഠിക്കുന്ന 170 ഓളം  കുട്ടികള്‍ അവധിക്കാലങ്ങളില്‍ ഊരിലെ സ്വന്തം വീടുകളിലേക്ക്  തിരികെ വരുമ്പോള്‍ അവര്‍ക്കും പോഷകാഹാരം കൊടുക്കേണ്ടിവരും.
സെന്റ് തോമസ്  ആശ്രമത്തിന്റെ പരിമിതമായ വിഭവശേഷി പരിഗണിച്ചാല്‍ എട്ട് ഊരുകളില്‍ പോഷകാഹാരം തയ്യാറാക്കി എത്തിച്ച് വിതരണം നടത്തുന്നത് ശ്രമകരമായ പ്രവൃത്തിയാണ്. ഇവിടെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും  സന്നദ്ധപ്രവര്‍ത്തകരുമായ ഏതാനും  വ്യക്തികളുടെ ആത്മാര്‍ത്ഥതകൊണ്ട് മാത്രമാണ് ഇതു സാധിക്കുന്നത്.
ആശ്രമം സുപ്പീരിയറും പദ്ധതിയുടെ ഡയറക്ടറുമായ  വെരി. റവ. എം.ഡി. യൂഹാനോന്‍ റമ്പാന്‍, ആശ്രമം മാനേജര്‍ ഫാ. എസ്. പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ എല്ലാദിവസവും മൂന്നു വാഹനങ്ങളില്‍ ആശ്രമത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവിലുള്ള ഊരുകളില്‍ പാല്‍, മുട്ട, ബ്രഡ്  എന്നിവ തയ്യാറാക്കി എത്തിക്കുന്നു.
അട്ടപ്പാടിയിലെ മുണ്ടമ്പാറ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തൊഡോക്സ്  പള്ളിയിലെ ( മലബാര്‍ ഭദ്രാസനം ) കമ്മിറ്റി അംഗങ്ങളും, യുവജന പ്രസ്ഥാനം പ്രവര്‍ത്തകരുമാണ് ഗുഡ്ഡയൂര്‍, കാരറ, കതിരമ്പതി എന്നീ ഊരുകളില്‍  പോഷകാഹാര വിതരണം നടത്തുന്നത്. എല്ലാ ദിവസവും ആശ്രമത്തിലെത്തുന്ന ഇടവകാംഗങ്ങളായ വോളണ്ടിയേഴ്സ് അവിടെ തയ്യാറാക്കി വച്ചിരിക്കുന്ന പോഷകാഹാര സാമഗ്രികള്‍ ഊരിലെത്തിച്ച് വിതരണം നടത്തുന്നു. അവരുടെ സേവനം  മറ്റുള്ളവര്‍ക്ക് മാതൃകയാണ്.
സഭയിലെ വിവിധ മാധ്യമങ്ങള്‍  ആരോഗ്യ പോഷണ പദ്ധതിക്ക് ഗണ്യമായ പ്രചാരം നല്‍കുകയുണ്ടായി. മലങ്കര സഭ , ബഥേല്‍ പത്രിക, മലങ്കര സഭാദീപം, ഇന്‍ഡ്യന്‍ ഓര്‍ത്തൊഡോക്സ് ഹെറാള്‍ഡ്, മാര്‍ത്തോമന്‍ ടി.വി, ഐക്കണ്‍ നംറ്റ് വര്‍ക്ക്, ജോര്‍ജ്ജിയന്‍ മിറര്‍, കതോലിക്കേറ്റ് ന്യൂസ്, ഗ്രിഗോറിയന്‍ ന്യൂസ് എന്നിവ ‘ആരോഗ്യ പോഷണം’ സംബന്ധിച്ച ലേഖനങ്ങളും, വാര്‍ത്തകളും, അറിയിപ്പുകളും പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. മലയാള മനോരമ പത്രം ഗണ്യമായ പ്രാധാന്യത്തോടെ  വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു.
ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി. തോമസ്  മാര്‍ അത്താനാസ്യോസ്  മെത്രാപ്പൊലീത്ത  യുവജന പ്രസ്ഥാനം പ്രവര്‍ത്തകരുമായി മൂന്ന് ഊരുകള്‍ സന്ദര്‍ശിക്കുകയും  ഭക്ഷണ സാധനങ്ങള്‍ നല്‍കുകയും ചെയ്തു. തുടര്‍ന്ന് അഭി. പിതാവ് ഭദ്രാസനത്തിലെ എല്ലാ ഇടവകകള്‍ക്കും ഇതു സംബന്ധിച്ച് രണ്ടു തവണ കല്‍പ്പനകള്‍ അയച്ചു. അവിടെ നിന്ന് മാര്‍ത്താമറിയം വനിതാ സമാജം, ബാല സമാജം പ്രവര്‍ത്തകരും ഊരുകള്‍ സന്ദര്‍ശിച്ച് വസ്ത്രങ്ങള്‍ വിതരണം ചെയ്തു. നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി. ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പൊലീത്തയുടെ  നിര്‍ദ്ദേശ പ്രകാരം ഭദ്രാസനത്തിലെ വൈദീകര്‍ 40 കുട്ടികള്‍ക്ക് ഒരുമാസത്തെ പോഷകാഹരത്തിനുള്ള പണം സംഭാവയായി നല്‍കി.
അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഗീവറുഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത രണ്ടു ദിവസങ്ങളിലായി എട്ട് ഊരുകളും സന്ദര്‍ശിക്കുകയും  500 കുട്ടികള്‍ക്ക് രണ്ടു ദിവസം  പോഷകാഹാരം നല്‍കുന്നതിന് ഭദ്രാസനത്തിന്റെയും, യുവജന പ്രസ്ഥാനത്തിന്റെയും വകയായി 20,000 രൂപ സംഭാവനയായി നല്‍കുകയും ചെയ്തു. പാമ്പാടി ദയറാ മാനേജരും  കേരളാ ഓര്‍ഫനേജസ് അസോസ്സിയേഷന്‍ പ്രസിഡന്റുമായ  ഫാ. മാത്യു കെ ജോണും സന്നദ്ധ പ്രവര്‍ത്തകരും രണ്ടു പ്രാവശ്യം ഊരുകള്‍ സന്ദര്‍ശിച്ചു. 500 കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ പാല്‍ പാമ്പാടി മാര്‍ കുറിയാക്കോസ് ദയറായുടെ വകയായി പ. പാമ്പാടി തിരുമേനിയുടെ നാമത്തില്‍ നല്‍കിക്കൊണ്ടിരിക്കുന്നു.ന്യൂയോര്‍ക്കിലെ വെസ്റ് സെയ്വില്ലെ  സെന്റ് മേരീസ് ഓര്‍ത്തൊഡോക്സ് പള്ളി വികാരി വെരി. റവ. പൌലോസ് ആദായി കോര്‍ എപ്പിസ്കോപ്പായുടെ ഉത്സാഹത്താല്‍ ഇടവകയില്‍ നിന്ന് ഗണ്യമായ തുക സംഭാവനയായി ലഭിച്ചു. നിരണം ഭദ്രാസനത്തിലെ കല്ലൂപ്പാറ സെന്റ്. മേരീസ് പള്ളിയിലെ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ ബക്കറ്റ് പിരിവിലൂടെ 60500 രൂപ സമാഹരിച്ച് നല്‍കുകയും, ഊരുകളില്‍ എത്തി പോഷകാഹാര വിതരണത്തില്‍ പങ്കെടുക്കുകയും ചെയ്തു. കൊച്ചി ഭദ്രാസനത്തിലെ അയ്യംപള്ളി സെന്റ്.കുറിയാക്കോസ് ഓര്‍ത്തൊഡോക്സ് ഇടവക വ്യത്യസ്തമായ ഒരു മാതൃക കാണിച്ചു. ഈ വര്‍ഷത്തെ പെരുന്നാള്‍ സംഭാവയായി പെരുന്നാളിനു  ചെലവഴിച്ച തുകയുടെ പത്തു ശതമാനം (10%) മായ 10,000 രൂപ ‘ആരോഗ്യ പോഷണം ‘പദ്ധതിയിലേകു നല്‍കി. ഓര്‍ത്തൊഡോക്സ് സഭാംഗങ്ങളും ഇതര സഭാംഗങ്ങളുമായ വ്യക്തികള്‍ ‘ ആരോഗ്യ പോഷണം’ പദ്ധതിയെ സഹായിച്ചുകൊണ്ടിരിക്കുന്നു.
അട്ടപ്പാടിയില്‍ മലങ്കര ഓര്‍ത്തൊഡോക്സ് സഭ നടപ്പാക്കിക്കൊണ്ടിരിക്കുന്ന  ആരോഗ്യ പോഷണം പദ്ധതി കേരള സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഭൂതിവഴി ഊരിലെ പോഷകാഹാര വിതരണം ബഹു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിര്‍വ്വഹിച്ചത്. സഭയുടെ പ്രവര്‍ത്തത്തെ പ്രകീര്‍ത്തിച്ചു കൊണ്ട്         ബഹു. പട്ടിക വര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി കുമാരി പി.കെ. ജയലക്ഷ്മി കത്തയക്കുകയും, പ്രസ്താവന നടത്തുകയും ചെയ്തു. ഇതര സ്ഥാപനങ്ങള്‍ക്കും മാതൃകയാകാവുന്ന ഈ പദ്ധതി നടപ്പില്‍ വരുത്തിയതിന് സഭാനേതൃത്വത്തെയും, സെന്റ് തോമസ് ആശ്രമത്തെയും മന്ത്രി അഭിന്ദിച്ചു.
നെല്ലിപ്പതി ഊരിലെ  100 കുട്ടികളുടെ പോഷകാഹാര വിതരണത്തിന്റെ ചിലവ് സഭയുടെ മിഷന്‍ ബോര്‍ഡാണ് വഹിക്കുന്നത്. കോട്ടമല ഊരിലെ 55 കുട്ടികള്‍ക്ക് നെല്ലിപ്പതി സെന്റ് ഗ്രിഗോറിയോസ് ഇംഗ്ളീഷ് മീഡിയം സ്കൂളിലെ കുട്ടികള്‍ പോഷകാഹാരം നല്‍കുന്നു. ഈ പ്രവര്‍ത്തിയെ മലയാള മനോരമയുടെ നല്ലപാഠം പദ്ധതി അംഗീകരിക്കുകയും അതിന് പ്രത്യേക പുരസ്കാരം നല്‍കുകയും ചെയ്തു.
ആരോഗ്യ പോഷണത്തിന്റെ കഴിഞ്ഞ 100 ദിങ്ങള്‍ സാര്‍ത്ഥകങ്ങളായിരുന്നു. ദിവസം 10,000 രൂപ ചിലവു വരുന്ന ഈ പദ്ധതി ഇത്രയും ദിവസം തടസ്സങ്ങളില്ലാതെ മുമ്പോട്ടുപോയത് ദൈവത്തിന്റെ അളവറ്റ കൃപയാലും പദ്ധതിയെ സ്നേഹിക്കുന്ന സഭാംഗങ്ങളുടെ പ്രാര്‍ത്ഥയാലുമാണ്
ഇനി 265 ദിവസങ്ങള്‍  കൂടി പദ്ധതി മുന്നോട്ട് പോകേണ്ടതുണ്ട്. അതിനു സഭാംഗങ്ങളുടെയും, സഭയിലെ വിവിധ പ്രസ്ഥാനങ്ങളുടെയും നിര്‍ല്ലോഭമായ സഹായവും സഹകരണവും  ആവശ്യമാണ്.
സഭയിലെ ഓരോ ഭദ്രാസനവും അട്ടപ്പാടിയിലെ ഓരോ ഊര് ആരോഗ്യപോഷണത്തിനായി ഏറ്റെടുത്താല്‍ അത് സാര്‍ത്ഥകമായ ഒരു കര്‍മ്മമായിരിക്കും. വിവിധ ഭദ്രാസമങ്ങളിലെ സാമ്പത്തിക ശേഷിയുള്ള പള്ളികള്‍ക്കും, സഭയിലെ വിവിധ ആധ്യാത്മിക പ്രസ്ത്ഥാനങ്ങള്‍ക്കും, വ്യക്തികള്‍ക്കും ഇതു പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ. സുന്നഹദോസ് അംഗീകരിച്ച ഒരു ജീവകാരുണ്യ പദ്ധതി എന്ന നിലയില്‍ ഇതില്‍ പങ്കാളികളാകാന്‍ ഓരോ സഭാംഗത്തിനും ഉത്തരവാദിത്തമുണ്ട്.
ഡോ. സിബി തരകന്‍
(മിഷന്‍ പ്രോജക്ട് ഡയറക്ടര്‍, സെന്റ്. തോമസ് ആശ്രമം, നെല്ലിപ്പതി, അഗളി, അട്ടപ്പാടി)

Comments

comments

Share This Post

Post Comment