രോഗികള്‍ക്ക് ആശ്വാസമായി കരുതലിന്റെ കാരുണ്യതീരം

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്ന നിര്‍ധന രോഗികള്‍ക്കായി വണ്ടാനത്തെ മാര്‍ ഗ്രിഗോറിയോസ് കാരുണ്യ തീരം ഗൈഡന്‍സ് സെന്ററിന്റെ വാതിലുകള്‍ എപ്പോഴും തുറന്നുതന്നെ കിടക്കുന്നു. ഇവിടെ രോഗിക്കും കൂട്ടിരുപ്പുകാര്‍ക്കും താമസവും ആഹാരവും തീര്‍ത്തും സൌജന്യം.
ദൂരെ നിന്നു വരുന്നവര്‍ക്കു ലോഡ്ജ് മുറികളിലെ വാടകയില്‍ നിന്നു രക്ഷനേടാനായി 13,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളില്‍ മുപ്പതു മുറികള്‍ക്കു പുറമെ നാലു വാര്‍ഡുകളിലായി 40 കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.
ശാന്തമായ അന്തരീക്ഷത്തില്‍ രോഗികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ പ്രത്യേകം പ്രാര്‍ഥനാലയവും ഇവിടെ ഒരുക്കിയിട്ടുണ്ട്. സദാസമയം സേവന സന്നദ്ധരായി റോബിന്‍ വര്‍ഗീസ്, ബബിന്‍ ബാബു, ബ്രദര്‍ മാത്യു സി. ജോസഫ് എന്നിവരുമുണ്ട്. രാത്രിയില്‍ രോഗിക്കും സഹായിക്കും കെട്ടിടത്തില്‍ തന്നെ ചൂടു കഞ്ഞിയും പയറും അച്ചാറും തയാറാക്കി നല്‍കും.
ആശുപത്രിയില്‍നിന്നു സെന്ററിലേക്കു നടന്നു വരാവുന്ന ദൂരം മാത്രം. രോഗം ഭേദമായി മടങ്ങുന്നവര്‍ക്കു കാരുണ്യതീരത്തോടു തീര്‍ത്താല്‍ തീരാത്ത കടപ്പാടു മാത്രം. ആലപ്പുഴ വഴിച്ചേരി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയുടെ നവതി ആഘോഷ പദ്ധതിയുടെ ഭാഗമായാണു കാരുണ്യതീരം യാഥാര്‍ഥ്യമാക്കിയത്.
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്തയാണു സ്ഥാപനത്തിന്റെ പ്രസിഡന്റ് പദം അലങ്കരിക്കുന്നത്. ഫാ. വി. ജോണ്‍സണ്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനും തിരികെ സെന്ററിലേക്കു കൊണ്ടുവരാനും വാന്‍ വാങ്ങാനുള്ള തയാറെടുപ്പിലാണു സംഘാടകര്‍.

Comments

comments

Share This Post

Post Comment