മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായുടെ അനുരജ്ഞന പ്രഹസനം അപലപനീയം

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളി സംബന്ധിച്ചുള്ള തര്‍ക്ക വിഷയങ്ങളില്‍ മാര്‍ത്തോമ്മാ സഭാ നേതൃത്വം യാക്കോബായ വിഭാഗവുമായി ചേര്‍ന്നു നടത്തുന്ന മദ്ധ്യസ്ഥപ്രഹസനം അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കയിലെയും, യൂറോപ്പിലെയും ആഫ്രിക്കയിലെയും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ പ്രസ്ഥാവിച്ചു.
ഇന്ത്യയ്ക്കു പുറത്തുള്ള മാര്‍ത്തോമ്മാ-ഓര്‍ത്തഡോക്സ് വിശ്വാസികള്‍ സൌഹൃദമായ സാഹോദര്യത്തിലാണ് വര്‍ത്തിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പ്രേരിതമായ കപട സമാധാന ദൌത്യം “പുരക്കു തീ പിടിക്കുമ്പോള്‍ വാഴ വെട്ടുന്ന” സമീപമാണ്. വ്യവഹാരങ്ങള്‍ ഉണ്ടായപ്പോള്‍ കോടതി വിധികള്‍ മാനിച്ച് അന്തസ്സുകാട്ടിയവരാണ് മാര്‍ത്തോമ്മാ സഭ വിശ്വാസികള്‍, മഹാരഥന്മാര്‍ നേതൃത്വം കൊടുത്തിരുന്ന മാര്‍ത്തോമ്മാ സഭാ നേതൃത്വത്തോട് ആദരവോടെ വീക്ഷിച്ചിരുന്നു. കാലത്തെ വിസ്മൃതിയിലാഴ്ത്തി കവല കസര്‍ത്തു കാട്ടുന്ന ശ്രേഷ്ഠ കാതോലിക്കായുടെ നേതൃത്വത്തിലുള്ള സമര  ആഭാസത്തെ അപലപിക്കുന്നതിനു പകരം പിന്‍താങ്ങുന്ന സമീപനം “ആട്ടിന്‍തോല്‍ ധരിച്ച ചെന്നായയുടെ” സമീപനമാണെന്ന് ഇവര്‍ ഓര്‍മ്മിപ്പിച്ചു. ഒരു സാധാരണ മാര്‍ത്തോമ്മാ വിശ്വാസിയുടെ മനസല്ല ഇവിടെ പ്രകടിപ്പിക്കുന്നത്. രണ്ട് ക്രിസ്തീയ വിഭാഗങ്ങളുടെ വൈര്യത്തെ ആളിക്കത്തിക്കാനുള്ള ശ്രമമായി മാത്രമേ ഈ നടപടി വീക്ഷിക്കാനാവൂ.
ജനാധിപത്യ മുറവിളിക്കൂട്ടുന്ന യാക്കോബായ വിഭാഗം ജനാധിപത്യ വ്യവസ്ഥിതിയില്‍ അടിത്തറപാകുന്ന ജുഡീഷ്യറിയെ അപഹസിച്ച്, മദ്ധ്യസ്ഥതയ്ക്കുവേണ്ടി മുതലകണ്ണീര്‍ ഒഴുക്കുമ്പോള്‍ ക്രൈസ്തവ സുവിശേഷം ഘോഷിക്കുന്ന മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ എന്തു സാക്ഷ്യമാണ് പ്രകടിപ്പിക്കുന്നത് എന്ന് വ്യക്തമാക്കണം. രണ്ട് വര്‍ഷം മുമ്പ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിരാഹാരവൃതം അനുഷ്ഠിച്ചു എങ്കില്‍ അത് കോടതിവിധി നടപ്പിലാക്കുവാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശ്രേഷ്ഠ ബാവാ നടത്തുന്ന സമരം കോടതിവിധി നടപ്പാക്കാതിരിക്കാന്‍ വേണ്ടിയാണ്. ജനഹിത പരിശോധന നടത്തി വീതം വയ്ക്കണമെന്നു പറയുന്നത് ബാലിശമായ പരമാര്‍ശമാണ്. ഓരോ ഞായറാഴ്ചയും ഹിതപരിശോധന നടത്തി ഓരോ ദേവാലയവും ഏതു സഭയില്‍ നില്‍ക്കണമെന്നു തീരുമാനിച്ച് എങ്ങനെ ഒരു സഭ നിലനില്‍ക്കാനാവൂം? ഒരു ഇടവകയിലെ ജനങ്ങള്‍ ഭൂരിപക്ഷം, ഒരു ഞായറാഴ്ച ഇതര മതത്തില്‍ ചേരണമെന്നു തീരുമാനിച്ചാല്‍, ഒരു പള്ളിയും അതിന്റെ എല്ലാ പൈതൃകങ്ങളും വീതംവെച്ചു പിരിയാനൊക്കുമോ? ഒരു സഭയുടെ നേതൃത്വത്തോട് അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ നീതിന്യായ വ്യവസ്ഥിതിപ്രകാരം നീതി നടത്തിയെടുക്കുകയോ, അല്ലെങ്കില്‍ സ്വയം പുറത്തു പോകുകയോ ആണ് വേണ്ടത്. അല്ലാതെ ജനാധിപത്യം പുകഴ്ത്തുകയും അതു നിലനില്‍ക്കേണ്ട നീതിന്യായ വ്യവസ്ഥിതിയെ പുശ്ചിക്കുകയും വിശ്വാസികളെ അക്രമത്തിനു പ്രേരിപ്പിക്കുകയും ചെയ്യുന്ന പൊറാട്ടുനാടകങ്ങള്‍ സമൂഹത്തിനുതന്നെ ഒരു ബാധ്യതയാണ്. അന്ത്യോഖ്യായില്‍ പോലും അടിവേരുകള്‍ നഷ്ടപ്പെട്ട സുറിയാനി സഭാ നേതൃത്വം ഇന്നു പാലായനത്തിന്റെ പാതയിലാണ്. സ്വയം അസ്ഥിത്വവും അധികാരവും ഇല്ലാത്ത ഒരു ദുര്‍ബല വിദേശ സഭയുടെ കീഴില്‍ അടിമയാവാന്‍ വെമ്പുന്ന ഒരു സമൂഹത്തിന് എന്ത് അന്തസ്സാണ് പ്രകടിപ്പിക്കുവാനുള്ളത്.
പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെയും അദ്ദേഹം നയിക്കുന്ന സുറിയാനി സഭയെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് യാതൊരു വൈമുഖ്യവുമില്ല. എന്നാല്‍ മാര്‍ത്തോമ്മന്‍ പൈതൃകം സ്വത്വവും, സ്വയശീര്‍ഷകത്വവും, ഭാരതീയതയും വേറൊരു വിദേശ സഭയ്ക്കും അടിയറവെയ്ക്കാന്‍ തയ്യാറല്ല. ഇവിടെ വീതംവെച്ചു അടിച്ചു പിരിയാനല്ല ക്രൈസ്തവ നേതാക്കള്‍ ശ്രമിക്കേണ്ടത്. തെറ്റിനെ തെറ്റെന്ന് ചൂണ്ടിക്കാണിക്കാനുള്ള ആത്മബോധമാണ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്ക് ഉണ്ടാവേണ്ടതെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കോരസണ്‍ വര്‍ഗ്ഗീസ്, പോള്‍ കറുകപ്പള്ളില്‍ (ന്യൂയോര്‍ക്ക്), തോമസ് രാജന്‍ (ഡാളസ്), പി.ഐ. ജോയി (അറ്റ്ലാന്റ്), ഡോ. ജോര്‍ജ്ജ് തോമസ് (സൌത്ത് ആഫ്രിക്ക), വി.ഒ. ജോസ്, പാപ്പച്ചന്‍ ഗീവര്‍ഗ്ഗീസ് (യു.കെ.) എന്നിവര്‍ ഒരു സംയുക്ത പ്രസ്തവനയില്‍ പറഞ്ഞു.

Comments

comments

Share This Post

Post Comment