പരുമല കുരിശ്-ഒരു ചരിത്രം

വേദനയുടെയും ഉയിര്‍പ്പിന്റെ പ്രത്യാശയുടെയും പ്രതീകമാണ് കുരിശ്. അതോടൊപ്പം ത്യാഗത്തിന്റെയും ശുശ്രൂഷയുടെയും രാജത്വം വിളിച്ചറിയിക്കുന്ന വിശുദ്ധസിംഹാസനമായും പരസ്പരം ഒന്നുചേരുന്ന കൂട്ടായ്മയുടെ അടയാളമായിട്ടും വേദശാസ്ത്രജ്ഞന്മാര്‍ കുരിശിനെ വ്യാഖ്യാനിച്ചിട്ടുണ്ട്.
യേശു ക്രിസ്തുവിന്റെ ക്രൂശുമരണത്തോടെയാണ് കുരിശിന് മഹത്വം കൈവന്നത്. ദുഃഖവെള്ളിയാഴ്ചയിലെ ചിന്താവിഷയം കാല്‍വരിയില്‍ ഉയര്‍ത്തപ്പെട്ട കുരിശും അതിനോടു ചേര്‍ന്ന് നമ്മുടെ കര്‍ത്താവ് അനുഭവിച്ച കഷ്ടപ്പാടുമാണല്ലോ. കുരിശിനെ വിജയത്തിന്റെ പ്രതീകമായും രക്ഷയുടെ ആയുധമായും ഏറ്റവും വലിയ ബലിപീഠമായും വേദശാസ്ത്രജ്ഞന്മാര്‍ കാണുന്നു. കര്‍ത്താവിനെ ക്രൂശിച്ച തടി വെട്ടിയെടുത്തതായ വൃക്ഷം വിലപിക്കുന്നതായി ദുഃഖവെള്ളിയാഴ്ച ഉച്ചനമസ്കാരത്തില്‍ നാം ധ്യാനിച്ചു പാടുന്നുണ്ട്.
ഈ കുരിശടയാളം ആശ്വാസത്തിനും അഭയത്തിനും പൈശാചിക ശക്തികളില്‍ നിന്നുള്ള മോചത്തിനുമായി നാം ധരിക്കുകയും പ്രതിഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. പ്രത്യേകിച്ചും ദേവാലയങ്ങളുടെയും മറ്റു ക്രൈസ്തവ സ്ഥാപനങ്ങളുടെയും സത്യസാന്നിദ്ധ്യം സമൂഹത്തിനു നല്കുന്ന മൌസാക്ഷിയാണ് കുരിശ്.
ഇപ്പോള്‍ നാം സാധാരണയായി കണ്ടുവരാറുള്ള കുരിശ് സെന്റ് തോമസ് കുരിശ് എന്നാണ് പൊതുവേ അറിയപ്പെടുന്നത്. ഇത് ശരിക്കും പേര്‍ഷ്യന്‍ കുരിശിന്റെ ഒരു വകഭേദമായിട്ടാണ് ചരിത്ര ഗവേഷകന്മാര്‍ കാണുന്നത്. ലോകത്തിലെ വിവിധ ക്രൈസ്തവ സഭകള്‍ വ്യത്യസ്ത ആകൃതിയിലും രൂപത്തിലുമുള്ള കുരിശുകളാണ് രൂപ കല്പ ചെയ്ത് അംഗീകരിച്ച് അടയാളമാക്കിയിട്ടുള്ളത്.
പുതിയ പരുമല പള്ളിയുടെ നിര്‍മ്മാണ ഘട്ടത്തില്‍ പരുമല കുരിശ് എന്നപേരില്‍ ഒരു പുതിയ രൂപമാതൃക സംവിധാനം ചെയ്യുന്നതിന് മുമ്പാകെ എടുത്തത് വൈദിക സെമിനാരി പ്രിന്‍സിപ്പലും വിശ്രുത വേദശാസ്ത്രജ്ഞുമായ ഡോ. കെ.എം.ജോര്‍ജ് അച്ചനും, റിട്ട. ചീഫ് എന്‍ജിനിയര്‍ എ.എം. മാത്യുവുമാണ്. ഇവര്‍ കൂടിയാലോചിച്ച് പുതിയയൊരു കുരിശിന് രൂപം നല്കി. പള്ളിയുടെ പ്രധാന ആര്‍കിടെക്റ്റ് ചാള്‍സ് കൊറയയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയും അദ്ദേഹം അതില്‍ അവസാന മിനുക്കുപണികളെന്നോണം നേരിയ ചില മാറ്റങ്ങള്‍ വരുത്തി അന്തിമരൂപം നല്‍കുകയും ചെയ്തു. ഇതാണ് ഇപ്പോഴുള്ള പുതിയ പള്ളിയുടെ മുന്‍ഭാഗത്ത് ഗ്ളാസില്‍ ആലേഖനം ചെയ്തിരിക്കുന്നത്.
ഇതിനുപുറമേ പരുമലയുടെ ചരിത്ര പശ്ചാത്തലവും ഇവിടെ പ്രസക്തമാണ്. ഈ സ്ഥലത്ത് പരുമല തിരുമേനി എത്തുമ്പോള്‍ ധാരാളം പനകള്‍ ഉള്ള പനയന്നാര്‍ കാവും അതിനോട് ചേര്‍ന്ന് യക്ഷികളും അധിവസിച്ചിരുന്നതായി പറയപ്പെടുന്നു. തിരുമേനിയുടെ സാന്നിദ്ധ്യത്താലും ശക്തിയാലും യക്ഷികള്‍ അപ്രത്യക്ഷരായെന്നും കാവ് നാശോന്മുഖമായി തീര്‍ന്നെന്നും വിശ്വസിക്കപ്പെടുന്നു.
കൂടാതെ പമ്പാനദിയുടെ തീരമായതിനാല്‍ ആര്‍ദ്രതയുടെയും കരുണയുടെയും നീര്‍ച്ചാല്‍ ഒഴുകുന്ന പ്രദേശമെന്നുള്ള കാഴ്ചപ്പാടും ഇതിലുണ്ട്. വെള്ളത്തിന്റെ അരികെ നില്ക്കുന്ന പനയുടെ മാതൃകയിലാണ് കുരിശ് ഭാവന ചെയ്തിരിക്കുന്നത്. സാര്‍വ്വദേശീയതയാണ് കുരിശിന്റെ ചുറ്റുമുള്ള വൃത്താകൃതി സൂചിപ്പിക്കുന്നത്.

Comments

comments

Share This Post

Post Comment