തേവോദോസിയോസ് അവാര്‍ഡ് സിസ്റര്‍ യൂലിത്തിക്ക്

ദുബായ്: സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ പ്രഥമ വികാരിയും, മലങ്കര സഭയില്‍ ഉത്തരേന്ത്യന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ത്യാഗോജ്വലമായ നേതൃത്വം നല്‍കിയ കല്‍ക്കട്ടാ ഭദ്രാസനാധിപും ആയിരുന്ന ഭാഗ്യസ്മരണാര്‍ഹനായ അഭിവന്ദ്യ സ്തേഫാനോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ പാവനസ്മരണാര്‍ത്ഥം ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം 2008 മുതല്‍ ഗള്‍ഫ് മേഖലാ കേന്ദ്രീകരിച്ച് സമൂഹത്തിലെ സാമൂഹിക-സേവന-ജീവകാരുണ്യ കര്‍മ്മപഥങ്ങളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തു വരുന്ന ഏറ്റവും അര്‍ഹതപ്പെട്ട വ്യക്തിത്വത്തിന് നല്‍കി വരുന്ന “മാര്‍ തേവോദോസിയോസ് അവാര്‍ഡ്” ഈ വര്‍ഷം മുതല്‍ അഖില മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഏറ്റവും അര്‍ഹതപ്പെട്ട വ്യക്തിത്വത്തിന് നല്‍കുന്നു.
പ്രസ്തുത അവാര്‍ഡിന് ഈ വര്‍ഷം അര്‍ഹയായിരിക്കുന്നത് കോട്ടയം പുലിക്കുട്ടിശേരിയിലുള്ള ഹന്നാ ഭവന്റെ സാരഥികളില്‍ ഒരാളായ ബഹു. സിസ്റര്‍ യൂലിത്തി ആണെന്നുള്ള വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ക്യാന്‍സര്‍ രോഗിയായ ബഹു. സിസ്ററിന്റെ നേതൃത്വത്തില്‍ നാനാജാതി മതസ്ഥരായ നാല്പതോളം സ്ത്രീകള്‍ ഹന്നാഭവനില്‍ സംരക്ഷിക്കപ്പെടുന്നു. ഇവരില്‍ മന്ദബുദ്ധികള്‍, വൃദ്ധകള്‍, തളര്‍വാതരോഗികള്‍, ബുദ്ധിസ്ഥിരതയില്ലാത്തവര്‍, ഊമകള്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
അവാര്‍ഡ് തിരുമേനിയുടെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ പാത്താമുട്ടം സ്ളീബാ പള്ളിയില്‍ നവംബര്‍ മാസം 5-ാം തീയതി നടക്കുന്ന ഓര്‍മപ്പെരുന്നാളില്‍ പരിശുദ്ധ കാതോലിക്കാ ബാവാ സമ്മാനിക്കും.

Comments

comments

Share This Post

Post Comment