മതസൗഹാര്‍ദപ്പെരുമയുമായി ഘോഷയാത്രയ്ക്ക് സ്വീകരണം

ചാരുംമൂട്: പടനിലം പരബ്രഹ്മ ക്ഷേത്രത്തിലേക്കുള്ള ‘കരകൂടല്‍’ ഘോഷയാത്രയ്ക്ക് പടനിലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നല്‍കിയ സ്വീകരണം നൂറനാടിന്റെ മതസൗഹാര്‍ദപ്പെരുമയ്ക്ക് തെളിവായി. കഴിഞ്ഞദിവസം ക്ഷേത്രത്തിലേക്ക് നടന്ന ഘോഷയാത്രയെ ഇടവകവികാരി ഫാ. വില്‍സണ്‍ ശങ്കരത്തിലിന്റെ നേതൃത്വത്തിലാണ് എതിരേറ്റത്.
സ്വീകരണച്ചടങ്ങില്‍ ക്ഷേത്രഭരണസമിതി പ്രസിഡന്റ് പി.ബി. ഉത്തമനെ ഫാ. വിന്‍സണ്‍ ശങ്കരത്തില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. ക്ഷേത്രത്തിലെ വിളക്കുകള്‍ തെളിയിക്കുന്നതിനുള്ള എണ്ണ ക്ഷേത്രഭരണസമിതി ഭാരവാഹികള്‍ക്ക് കൈമാറി. വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആചാരമാണിത്. പടനിലം സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ പെരുന്നാള്‍ റാസയ്ക്ക് എല്ലാ വര്‍ഷവും പടനിലം ക്ഷേത്ര ഭരണസമിതിയും ക്ഷേത്രത്തിന് മുമ്പില്‍ സ്വീകരണം നല്‍കിവരുന്നു. ഇടവക ട്രസ്റ്റി സി.ഒ. ജോണ്‍, ക്ഷേത്ര ഭരണസമിതി ഭാരവാഹികളായ കെ.എസ്. സേതുനാഥ്, ജി. ഗോപന്‍, രാധാകൃഷ്ണന്‍ രാധാലയം, ജി. മോഹനന്‍, സി.ആര്‍. വേണുഗോപാല്‍, പള്ളി മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജാതി വ്യവസ്ഥയും ഉച്ച നീചത്വവും പ്രബലമായിരുന്ന കാലഘട്ടത്തില്‍ പിന്നാമ്പുറങ്ങളില്‍ നില്‍ക്കേണ്ടിവന്നവര്‍ക്ക് ഭക്തിയുടെ പുഷ്പാര്‍ച്ചന നടത്താന്‍ പ്രോജ്ജ്വലിച്ചുനിന്ന ക്ഷേത്രമാണ് പടനിലം പരബ്രഹ്മ സന്നിധാനം. ജാതിമത ഭേദമെന്യേയുള്ള ഭക്തരാണ് ക്ഷേത്രദര്‍ശനത്തിനെത്തുന്നത്. കായംകുളം രാജാവിന്റെ പടനിലങ്ങള്‍ ഒന്നിലേറെയുണ്ടെങ്കിലും ‘പടനിലം’ എന്ന് ചരിത്രത്തില്‍ സ്ഥാനംപിടിച്ച സ്ഥലമാണിത്.
ഓംകാര പ്രതിഷ്ഠയുള്ള ക്ഷേത്രമാണിത്. മേല്‍ക്കൂര ഇല്ലാത്തതും ആല്, മാവ്, ഇലഞ്ഞി തുടങ്ങിയ വൃക്ഷങ്ങളാലും വള്ളിപ്പടര്‍പ്പുകളാലും പ്രകൃതിനിര്‍മിതമായ ശ്രീലകവുമായി പടിഞ്ഞാറോട്ട് അഭിമുഖമായി ക്ഷേത്രം നിലകൊള്ളുന്നു.

Comments

comments

Share This Post

Post Comment