എളിയവരുടെ ക്രിസ്തു: ഫാ.ബിജു പി തോമസ്

ഓരോ ദിവസവും ദൈവം വ്യത്യസ്ഥങ്ങളായ അനുഭവങ്ങള് നല്കി ഓരോ മനുഷ്യനെയും അനുഗ്രഹിക്കുന്നു. അനുഭവങ്ങള് ഒന്നും വെറുമൊരനുഭവത്തിനല്ല. ദൈവ സ്നേഹം അനുഭവിപ്പതിന്നും ദൈവസ്നേഹം നല്കുന്നതിമെന്നു വിശ്വസിക്കുന്നു.
ഇന്നു സ്കൂളില് ക്രിസ്തുമസ് ആഘോഷിക്കുകയാണ്. കുട്ടികള് മദ്ധ്യ വര്ഗത്തില്പെട്ടവരാണ്. സമ്പന്നതയില് നിന്നുള്ള ആഘോഷം. കഴിഞ്ഞ വര്ഷം പ്രായം ചെന്നവരെ സംരക്ഷിച്ചിരിക്കുന്ന വൃദ്ധഭവനത്തിലായിരുന്നതു ഓര്മ്മ വന്നു. ചില കാര്യങ്ങള് ചെയ്യുവാന് എന്നെ പ്രോത്സാഹിപ്പിക്കുന്ന സാമൂഹിക പ്രവര്ത്തകയുടെ ഫോണ് വന്നു.
ഞങ്ങള്, ഞങ്ങളെന്നുപറഞ്ഞാല്   സ്കൂള് കാരോള് ഗായകസംഘത്തിലെ 25 കുട്ടികളും ഏതാനും അദ്ധ്യാപകരും പ്രധാനദ്ധ്യാപകനും ഒപ്പം ഞാനും ഒരു ചേരി പ്രദേശത്തു പോയി. മനോഹര നഗരം എന്നാണു ഞങ്ങള് വസിക്കുന്ന നഗരത്തിന്റെ വിശേഷണ നാമം (city beautiful) . നന്നായി രൂപകല്പന ചെയ്തു പണിത സുന്ദര നഗരം.  വിശേഷണത്തിന്നപവാദമാണ്   ഈ  ചേരി പ്രദേശം. ഒരു നഗരത്തിനും ചേരി പ്രദേശം ഒഴിവാക്കാനൊക്കുകയില്ല. നഗരവത്ക്കരണത്തിന്റെ    ഉപോല്പ്പന്നമെന്നോ അനിവാര്യ ഘടകമെന്നോ നമുക്കിതിന്നെ വിളിക്കാം. ചേരികളില്ലെങ്കില്, ചേരിവാസികളില്ലെങ്കില്   നഗരങ്ങള് ചീഞ്ഞു നാറും. സമ്പന്ന ഗ്രഹങ്ങളും പഞ്ച നക്ഷത്ര സ്ഥാപനങ്ങളും നാറും. നഗരത്തിന്റെ  അനിവാര്യതയിലേക്കാണ് ഞങ്ങളെത്തി നില്ക്കുന്നത്.
ഇതൊരു കമ്മുണിറ്റി  സെന്റര് ആണ്. ഏകദേശം 150 കുട്ടികള് ഉണ്ടാകും. അവരുടെ മുതിര്ന്ന കുട്ടികള് കുറെ ഉണ്ട്. കുറെ അമ്മമാരും ഉണ്ട്. കാരോള് സംഘം ഏതാനും ക്രിസ്തുമസ് ഗീതങ്ങള് വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പാടി. ഗായക സംഘത്തിന്റെ വേഷവും ശ്രോതാക്കളുടെ വേഷവും ഒട്ടും ചേരാത്തതായി തോന്നി.  എന്നെ  ഏറ്റം ആകര്ഷിച്ചത് കുട്ടികളുടെ അച്ചടക്കമാണ്. യാതൊരു ബാഹ്യ പ്രേരണനയും കൂടാതെ അവര് സ്വയം ശിക്ഷണത്തില് പങ്കെടുത്തത് ഞങ്ങളെ അല്പം നാണം കെടുത്തി കാണണം.
അവരില് ചില കുട്ടികള് അവതരിപ്പിച്ച നൃത്തം അനായാസവും താളാത്മകവും  ആയിരുന്നു.  കഠിനമായ ജീവിതസാഹചര്യങ്ങളില് ജീവിക്കുന്നതിനാല് ചെറുത്തുനിന്നു ജീവിത മത്സരങ്ങളില് വിജയപീഠം പ്രാപിപ്പനുള്ള    അവരിലെ  സാധ്യത എന്നെ അത്ഭുതപ്പെടുത്തി. രമ്യ ഹര്മ്മ്യങ്ങളില് വളര്ന്നു രസിക്കുന്ന കുട്ടികള് ചെറിയ പ്രശ്നങ്ങളില് തൊട്ടാവാടികളെ പോലെ വാടി തളര്ന്നു പോകുന്ന, സമ്പന്ന കുമാരീ – കുമാരന്മാര്ക്കു ഈ കുട്ടികള്  ഒരു ചോദ്യ ചിഹ്നം തന്നെയാണ് .
കുട്ടികള്ക്കൊപ്പം ഞങ്ങള് പാടിയും താളങ്ങള് നല്കിയും ഒന്നര മണിക്കൂറുകളോളം ചിലവഴിച്ചു പിരിയുമ്പോള് കുറെ ചോദ്യങ്ങളും സംശയങ്ങളും അവശേഷിപ്പിച്ചു.
സന്തോഷത്തിന്നാധാരം പണവും മറ്റു സൗകര്യങ്ങളും അല്ല. സമീപനത്തിലെ ഭാവം ആണ്. ആയതിനാലാകം കൊച്ചു ക്രിസ്തു ഞാന് കണ്ട ചേരിയെക്കാളും വൃത്തിഹീനവും അസൗകര്യങ്ങള് നിറഞ്ഞതുമായ  സാഹചര്യത്തില് ജനിക്കുവാന് മനസ്സ് വച്ചതു. മനുഷ്യരോടൊപ്പമുള്ള  സഹവാസം സന്തോഷിപ്പാനും സന്തോഷം നല്കുവാനും എത്തിയവന് എന്നും എളിയവരോടൊപ്പമായിരുന്നു.
തന്നേക്കാള് എളിയവര് ആരും  ഒരിക്കലും ഉണ്ടാകരുതെന്ന് ക്രിസ്തുവിന്നു നിര്ബന്ധമുണ്ടായിരുന്നു. വാസ്തവത്തില് ഉന്നതരും ആഗ്രഹിക്കുന്നത് എളിയവരോടൊപ്പം കഴിയുന്നതിനാണ്. കൂടെയുള്ള വലിയവര് ആരും നമുക്ക് സന്തോഷം നല്കുന്നില്ലല്ലൊ. അവര് എന്നും അവരുടെ പ്രശ്നങ്ങളെ കുറിച്ചു വാചാലരാണ്.    എന്നും നമുക്ക് സന്തോഷവും അംഗീകാരവും  നല്കിയത് എളിയവരാണ്. സാധുക്കള് ദൈവത്തിനു വസിപ്പാന് തങ്ങളുടെ ഹൃദയം നല്കുന്നു. പത്തു പുത്തന് ഉള്ളവര് ദൈവത്തിനു ജീവിക്കുവാന് കെട്ടിടം നിര്മ്മിച്ചു നല്കുന്നു. അവര്ക്ക് ക്രിസ്തു ബാഹ്യ ആഘോഷത്തിനു ഒരു കാരണം ആകുന്നു, വിപണന സാധ്യത ആകുന്നു. സാധുക്കള്ക്ക് കൊച്ചു ശിശു  ഹൃദ യത്തിലെ   നൊമ്പരങ്ങള്ക്കു ആശ്വാസം ആകുന്നു.
ഏതാനും മണിക്കൂറുകള് ക്രിസ്തുവേശുവിന്റെ നാമത്തില് ആ ചെറിയ സമൂഹത്തിനു ആശ്വാസം പകര്ന്ന സന്തോഷം മനസ്സില് അലയടിക്കുന്നു. ഒപ്പം ചില നൊമ്പരങ്ങളും.
അടിക്കുറിപ്പ്: ചില ചിന്ത പകരുവാനായി കുറിച്ചതാണ്. വ്യക്തിപരമായ അഹം വന്നുപോയിട്ടുണ്ടെങ്കില് ആ സമൂഹത്തോടും വായനക്കാരോടും ക്ഷമാപണം

Comments

comments

Share This Post

Post Comment