ദേവലോകത്ത് സംയുക്ത ഓര്‍മ്മ പ്പെരുന്നാള്‍ ജനുവരി 2,3, തീയതികളില്‍


കോട്ടയം: ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന ഭാഗ്യസ്മരണാര്‍ഹരായ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ 50-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായുടെ 38-ാം ഓര്‍മ്മയും, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 17-ാം ഓര്‍മ്മയും സംയുക്തമായി 2014 ജനുവരി 2,3 തീയതികളില്‍ ആചരിക്കുന്നു.
31ന് രാവിലെ 7ന് കുറിച്ചി വലിയപള്ളി വികാരി ഫാ. ജോണ്‍ ശങ്കരത്തിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, പ്രസംഗം. ജനുവരി 1ന് രാവിലെ 7ന് ഫാ. കെ.പി. മര്‍ക്കോസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 8ന് പുതുവത്സര സമര്‍പ്പണ പ്രാര്‍ത്ഥന, വൈകിട്ട് 5.30ന് സന്ധ്യാനമസ്കാരം, 6.15ന് ഗാനശുശ്രൂഷ, പ്രസംഗം. 2ന് രാവിലെ 8.30ന് പ്രഭാത നമസ്കാരം, 7.30ന് ഫാ. ഷാജി എം. ബേബിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 5.30ന് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം, തുടര്‍ന്ന് തീര്‍ത്ഥാടകരോടൊപ്പം മാര്‍ ഏലിയാ കത്തീഡ്രലില്‍ നിന്നും പ്രദക്ഷിണം ദേവാലയത്തിലേക്ക്. വൈകിട്ട് 6.30ന് അരമന ചാപ്പലില്‍ സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, 7.45ന് ഫാ. ടി.ജെ. ജോഷ്വാ അനുസ്മരണ പ്രസംഗം നടത്തും.
ജനുവരി 3ന് രാവിലെ 7ന് പ്രഭാത നമസ്കാരം, 8ന് പരിശുദ്ധ വലിയ ബാവായുടെ സാന്നിദ്ധ്യത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രസംഗം, പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച എന്നിവ നടക്കുമെന്ന് അരമന മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു.

ബസേലിയോസ് ഒൌഗേന്‍ പ്രഥമന്‍ ബാവാ
അതിപ്രഗല്‍ഭനും പ്രതാപിയുമായിരുന്ന മൂന്നാം കാതോലിക്കായുടെ പിന്‍ഗാമിയായി സ്ഥാനമേറ്റ മാര്‍ ബസേലിയോസ് ഒൌഗേന്‍ പ്രഥമന്‍ വിനയത്തിന്റെയും സൌമ്യതയുടെയും ആള്‍രൂപമായിരുന്നു. പക്ഷേ, ആരാധനാസാഹിത്യം, ദൈവശാസ്ത്രം, സുവിശേഷ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍ ഇൌടുറ്റവയാണ്, അവിസ്മരണീയങ്ങളാണ്. പെരുമ്പാവൂര്‍ തുരുത്തി കുടുംബത്തിലെ ചോറ്റാകുളത്തുംകര അബ്രഹാം കത്തനാരുടെ പുത്രനായി 1884ല്‍ ജനിച്ച മത്തായി കൌമാരത്തില്‍ത്തന്നെ ശെമ്മാശനായി. പാമ്പാക്കുടയിലെ മല്‍പാന്‍ പാഠശാലയില്‍നിന്നു വൈദികവിദ്യാഭ്യാസവും കോട്ടയം എംഡി സെമിനാരി ഹൈസ്കൂളില്‍നിന്നു പ്രാഥമിക ഇംഗ്ലിഷ് വിദ്യാഭ്യാസവും നേടിയ മത്തായി ശെമ്മാശന്റെ ജീവിതത്തില്‍ വഴിത്തിരിവായതു സിറിയയില്‍ നിന്നെത്തിയ സ്ലീബാ ശെമ്മാശനുമായുള്ള ചങ്ങാത്തമാണ്. സ്ലീബാ ശെമ്മാശന്റെ ദ്വിഭാഷിയായി കേരളം മുഴുവന്‍ കൂടെ നടന്ന മത്തായി ശെമ്മാശന്‍ സുറിയാനി ഭാഷയില്‍ അഗാധമായപാണ്ഡിത്യം കൈവരിച്ചു. ഒടുവില്‍ സ്ലീബാശെമ്മാശന്‍ സ്വന്തം നാട്ടിലേക്കു മടങ്ങിയപ്പോള്‍ മത്തായി ശെമ്മാശനും കൂടെക്കൂടി. തുറബ്ദീനിലുള്ള മാര്‍ ഒൌഗേന്റെ ദയറായില്‍ താമസിക്കവേ സ്വന്തം പേരുപേക്ഷിച്ച് ‘ഒൌഗേന്‍ എന്ന നാമം അദ്ദേഹം സ്വീകരിച്ചു.
1908ല്‍ ജറുസലേമിലെ മാര്‍ മര്‍ക്കോസിന്റെ ദയറായില്‍വച്ചു റമ്പാന്‍ സ്ഥാനമേറ്റു സന്യാസിയായ അദ്ദേഹം 1909ല്‍ കേരളത്തിലേക്കു മടങ്ങിയശേഷമാണു വൈദികപട്ടം സ്വീകരിച്ചത്. വിദേശവാസത്തിനിടയില്‍ സുറിയാനി ഭാഷയുടെ ഉറവിടത്തില്‍ നിന്നു ലഭിക്കാവുന്നത്രയും വിജ്ഞാനം അദ്ദേഹം സ്വായത്തമാക്കി. ആരാധനാ സംബന്ധിയായ അമൂല്യഗ്രന്ഥങ്ങള്‍ വായിക്കുക മാത്രമല്ല, അനവധി കൃതികള്‍ മലയാളത്തിലേക്കു മൊഴിമാറ്റം നടത്താനും ഒൌഗേന്‍ റമ്പാന്‍ ശ്രദ്ധവച്ചു. വിശുദ്ധ കുര്‍ബാനയുടെ ഒടുവില്‍ വൈദികര്‍ ചൊല്ലുന്ന ‘ഹുത്തോമ്മോ പദ്യരൂപത്തില്‍ തയാറാക്കിയതും പള്ളി കൂദാശ, പട്ടംകൊട തുടങ്ങിയവയുടെ ശുശ്രൂഷാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയതുമെല്ലാം അദ്ദേഹമായിരുന്നു. ‘സുറിയാനി ഭാഷയില്‍, അദ്ദേഹത്തിന്റെ ജീവിതകാലത്ത് ഇൌ നാട്ടിലും സിറിയാ നാട്ടില്‍പോലും ഇത്ര തികഞ്ഞ പാണ്ഡിത്യമുള്ളവര്‍ വേറെ ഉണ്ടായിരുന്നോ എന്നു സംശയമാണ് എന്നു കോനാട്ട് ഏബ്രഹാംമല്‍പാന്‍ അനുസ്മരിച്ചിട്ടുള്ളതു ശ്രദ്ധേയമാണ്.
പ്രവാസി മലയാളികള്‍ക്ക് ആരാധനാ സൌകര്യമൊരുക്കുന്ന കാര്യത്തില്‍ ഒരു മുന്‍നിര പ്രവര്‍ത്തകനായിരുന്നു ഒൌഗേന്‍ റമ്പാന്‍. ബാഹ്യകേരള ഭദ്രാസനം രൂപീകൃതമാകുന്നതിന് ഏറെനാള്‍ മുന്‍പ് മദ്രാസിലെ സുറിയാനി ക്രിസ്ത്യാ നികളുടെ പ്രയോജനാര്‍ഥം ആംഗ്ലിക്കന്‍ പള്ളിയില്‍ ആരാധന നടത്തുന്നതിന് അദ്ദേഹം നേതൃത്വം നല്‍കി. മദ്രാസില്‍നിന്നു മടങ്ങിയെത്തിയ ഒൌഗേന്‍ റമ്പാന്‍ കൂത്താട്ടുകുളം വടകര പള്ളി കേന്ദ്രമാക്കി സുവിശേഷ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അധഃകൃതോദ്ധാരണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും അദ്ദേഹം ഏറെ തല്‍പരനായിരുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ മാതൃകയില്‍ അനേകം ദലിതരെ ക്രിസ്തുസഭയിലേക്ക് ആനയിച്ച അദ്ദേഹത്തെ സ്ലീബാദാസ സമൂഹത്തിന്റെ തലതൊട്ടപ്പനായും വിശേഷിപ്പിക്കാം.
1927ല്‍ ഒൌഗേന്‍ മാര്‍ തിമോത്തിയോസ് എന്ന പേരില്‍ മെത്രാപ്പൊലീത്തായായി ഉയര്‍ത്തപ്പെട്ട അദ്ദേഹം പിറവം സെമിനാരിയിലും മൂവാറ്റുപുഴ അരമനയിലുമൊക്കെ താമസിച്ചു വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെട്ടു വന്നു. നമ്മുടെ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ഉള്‍പ്പെടെ അനേകം പ്രഗല്‍ഭര്‍ പഠിച്ചിറങ്ങിയ കൂത്താട്ടുകുളം വടകര സെന്റ് ജോണ്‍സ് ഹൈസ്കൂള്‍, കോടനാട്ട് മാര്‍ ഒൌഗേന്‍ ഹൈസ്കൂള്‍ എന്നിവ അദ്ദേഹം സ്ഥാപിച്ച വിദ്യാലയങ്ങളാണ്. കോലഞ്ചേരി ഹൈസ്കൂള്‍, പിറവം പള്ളിവക മിഡില്‍ സ്കൂള്‍, പാമ്പാക്കുട മാര്‍ തിമോത്തിയോസ് ഹൈസ്കൂള്‍ എന്നിവ സ്ഥാപിക്കാനും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. തന്റെ മുന്‍ഗാമിയുടെ നിത്യസ്മാരകമായി സഭാകേന്ദ്രമായ കോട്ടയത്ത് 1964ല്‍ ആരംഭിച്ച ബസേലിയസ് കോളജിന്റെ സ്ഥാപനത്തിനും ഒൌഗേന്‍ ബാവായുടെ പിന്തുണയും പ്രോല്‍സാഹനവും ഉണ്ടായിരുന്നു.
1964ല്‍ കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍വച്ചു പൌരസ്ത്യ കാതോലിക്കായായി അദ്ദേഹത്തെ സ്ഥാനാരോഹണം ചെയ്തു. പതിറ്റാണ്ടുകളായി പോരടിച്ചു നിന്ന ഇരുവിഭാഗങ്ങളും രമ്യതപ്പെട്ടു നടത്തിയ കാതോലിക്കാ വാഴ്ചയില്‍ അന്നത്തെ പാത്രിയര്‍ക്കീസ് ബാവായും ഇരുവിഭാഗങ്ങളിലും പെട്ട അനവധി മെത്രാപ്പൊലീത്താമാരും പങ്കെടുത്തിരുന്നു. സ്വതവേ ശാന്തനും സാത്വികനുമായിരുന്നു അദ്ദേഹം. എങ്കിലും തന്റെ സഭയുടെ സ്വാതന്ത്യ്രത്തിനും വിശ്വാസസംരക്ഷണത്തിനും വേണ്ടി വീറോടെ പൊരുതാന്‍ പ്രായാധിക്യത്തിലും ഒൌഗേന്‍ ബാവാ സന്നദ്ധനായിരുന്നു. തന്റെ അന്ത്യനാളുകളില്‍ മാര്‍ത്തോമ്മാശ്ലീഹായുടെ പൌരോഹിത്യവും ഭാരതസഭയുടെ ആത്മാഭിമാനവും ചോദ്യംചെയ്യപ്പെട്ടപ്പോള്‍ പാറപോലെ ഉറച്ചുനിന്ന് അദ്ദേഹം ഗര്‍ജിച്ചതു മറക്കാറായിട്ടില്ല: ”നമ്മുടെ സ്ഥാനമോ ജീവന്‍തന്നെയുമോ പോയാലും വിശുദ്ധ തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്റെ മഹിമയ്ക്കു കുറവുവരുന്ന യാതൊന്നും നാം ചെയ്യുന്നതല്ല.
സഭാ നയതന്ത്രബന്ധങ്ങളിലും ശ്രദ്ധേയങ്ങളായ കാല്‍വയ്പുകള്‍ നടത്താന്‍ ഒൌഗേന്‍ ബാവായ്ക്കു സാധിച്ചു. 1964 ഡിസംബറില്‍ ബോംബെയില്‍ നടന്ന ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ സംബന്ധിക്കാനെത്തിയ പോള്‍ ആറാമന്‍ മാര്‍പാപ്പയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ച ആഗോള സഭാചരിത്രത്തിലെ ഒരു അവിസ്മരണീയ സന്ദര്‍ഭമായിരുന്നു. 1965 ജനുവരിയില്‍ ആഡിസ് അബാബയില്‍ ചേര്‍ന്ന പൌരസ്ത്യ ഒാര്‍ത്തഡോക്സ് സഭാ തലവന്മാരുടെ സുന്നഹദോസില്‍ പങ്കെടുത്തതും മാര്‍ തോമ്മാശ്ലീഹായുടെ തിരുശേഷിപ്പ് മൂസ്സലില്‍നിന്ന് ഏറ്റുവാങ്ങിദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞതും അദ്ദേഹത്തിന്റെ സുവര്‍ണനേട്ടങ്ങള്‍തന്നെ. ജീവിത സായാഹ്നത്തില്‍ തന്റെ ഉന്നതസ്ഥാനങ്ങള്‍ പിന്‍ഗാമിക്കു കൈമാറി നല്ലൊരു മാതൃക സൃഷ്ടിച്ചാണ് 1975 ഡിസംബര്‍ എട്ടിന് അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.
ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ
1929 മുതല്‍ 1964 വരെ മാര്‍ത്തോമ്മാശ്ലീഹായുടെ പൌരസ്ത്യ സിംഹാസനത്തില്‍ ആരൂഢനായിരുന്നു മലങ്കരസഭയ്ക്കു ധീരോദാത്ത നേതൃത്വം നല്‍കിയ മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാസഭയുടെ നവോത്ഥാനത്തിന്റെ മഹാശില്‍പിയായാണ് അറിയപ്പെടുന്നത്. 16 വര്‍ഷം മെത്രാപ്പൊലീത്തായായും 34 വര്‍ഷത്തോളം പൌരസ്ത്യ കാതോലിക്കായായും പ്രവര്‍ത്തിച്ച ‘വലിയ ബാവായുടേതു സുദീര്‍ഘമായ ‘ഇന്നിങ്സ് റെക്കോര്‍ഡ് ആണ്.
കോട്ടയം ജില്ലയിലെ കുറിച്ചിയില്‍ പ്രശസ്തമായ കല്ലാച്ചേരില്‍ കുടുംബത്തില്‍ 1874ല്‍ ജനിച്ച പുന്നൂസ് എന്ന ബാലനാണു പരിശുദ്ധ പരുമല തിരുമേനിയുടെയും വട്ടശേരില്‍ ഗീവര്‍ഗീസ് മല്‍പാന്റെയും ശിക്ഷണത്തില്‍ പൌരോഹിത്യ ശുശ്രൂഷയിലേക്ക് ആനയിക്കപ്പെട്ടത്. വൈദികവിദ്യാഭ്യാസത്തോടൊപ്പം ഇംഗ്ലിഷ് ഭാഷാപഠനത്തിനും സമയം കണ്ടെത്തിയ അദ്ദേഹം സഭയുടെ അടിസ്ഥാന വിശ്വാസ കാര്യങ്ങളില്‍ ഏറെ അവഗാഹം നേടുകയുണ്ടായി. ‘രഹസ്യ പ്രാര്‍ഥന, ‘സഹദേന്മാരുടെ ചരിത്രം, ‘പറുദൈസ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചതു സന്യാസവൈദികനായി (റമ്പാന്‍) സ്ഥാനമേറ്റ ആദ്യനാളുകളിലായിരുന്നു.
പരിശുദ്ധ പരുമല തിരുമേനി കാലംചെയ്തതിനെ തുടര്‍ന്ന് (1902) പരുമല സെമിനാരിയുടെ ചുമതല ഏറ്റെടുത്ത പുന്നൂസ് റമ്പാന്‍ 1912ല്‍ ശ്രേഷ്ഠഗുരുവിന്റെ അതേ സ്ഥാന നാമത്തോടെ (ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ്) മെത്രാപ്പൊലീത്തായായി അഭിഷിക്തനായി. മലങ്കരയിലെ രണ്ടാം കാതോലിക്കാ ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ (വാകത്താനം) കാലംചെയ്തതിനെത്തുടര്‍ന്ന് 1929 ഫെബ്രുവരി 15നു മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ എന്നപേരില്‍ പൌരസ്ത്യ കാതോലിക്കായായി ഉയര്‍ത്തപ്പെട്ടു. വട്ടശേരില്‍ മാര്‍ ദിവന്നാസിയോസ് ഇഹലോകവാസം വെടിഞ്ഞപ്പോള്‍ മലങ്കര മെത്രാപ്പൊലീത്താ എന്ന വലിയ ഉത്തരവാദിത്തവും അദ്ദേഹത്തില്‍ വന്നുചേര്‍ന്നു.
ഇന്നു പൌരസ്ത്യ കാതോലിക്കേറ്റിന്റെ പ്രൌഢ ആസ്ഥാനമായി ശോഭിക്കുന്ന കോട്ടയം ദേവലോകം അരമന സ്ഥാപിതമാകുന്നതു വലിയ ബാവായുടെ ഭരണകാലത്താണ്. മലങ്കരസഭയുടെ ഇന്നത്തെ സുസ്ഥിരമായ ഭരണക്രമീകരണത്തിന്റെ നട്ടെല്ലായ ഭരണഘടന (1934)പാസാക്കാനും നടപ്പില്‍ വരുത്താനും നിയോഗമുണ്ടായതും അദ്ദേഹത്തിനായിരുന്നു. രാജ്യാന്തര ക്രൈസ്തവസഭാ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയും എക്യുമെനിക്കല്‍ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാന്‍ അദ്ദേഹം ശ്രദ്ധവച്ചു.
സഭകളുടെ ലോക കൌണ്‍സില്‍ (ഡബ്ല്യുസിസി) രൂപീകരിക്കുന്നതിനു മുന്നോടിയായി നടന്ന 1937ലെ എഡിന്‍ബറോ സമ്മേളനത്തില്‍ ഗീവര്‍ഗീസ് ദ്വിതീയന്‍ബാവായും പ്രതിനിധി സംഘവും പങ്കെടുത്തതു ലോകശ്രദ്ധ ആകര്‍ഷിക്കുകയുണ്ടായി.
ഭാരത ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍ ആദ്യമായി രണ്ടു പിതാക്കന്മാരെ- പരുമല മാര്‍ ഗ്രിഗോറിയോസിനെയും കോതമംഗലത്ത് യല്‍ദോ മാര്‍ ബസേലിയോസിനെയും വിശുദ്ധരെന്നു നാമകരണം ചെയ്ത സുന്നഹദോസില്‍ അധ്യക്ഷത വഹിച്ചു പ്രഖ്യാപനം നിര്‍വഹിക്കാനും അദ്ദേഹത്തിനു ദൈവനിയോഗമു
ണ്ടായി.
സുറിയാനി ഭാഷയില്‍ മാത്രം ലഭ്യമായിരുന്ന ആരാധനാക്രമങ്ങള്‍ മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്തു കൂടുതല്‍ ജനകീയ പങ്കാളിത്തം ഉറപ്പാക്കാനുള്ള നടപടികള്‍ക്കു നേതൃത്വം നല്‍കിയതും ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ ആയിരുന്നു. മലങ്കരസഭയുടെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനം – പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് 1952ല്‍ സ്ഥാപിതമായതിന്റെ പിന്നിലെ വലിയ പ്രചോദനവും ബാവാതിരുമേനി തന്നെ ആയിരുന്നു.
രണ്ടാം ലോകമഹായുദ്ധകാലത്തു തിരിച്ചടികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന ബ്രിട്ടിഷ് ജനതയുടെ മനോവീര്യം തകരാതെ അവരിലെ ദേശസ്നേഹത്തിന്റെ സ്പന്ദനങ്ങളെ തൊട്ടുണര്‍ത്തിയ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനു തുല്യനായിരുന്നു മലങ്കരസഭയുടെ മഹാചാര്യനായിരുന്ന വലിയ ബാവാ. സമുദായക്കേസില്‍ അടിക്കടിയുണ്ടായ പരാജയങ്ങളില്‍ ഖിന്നരായ സഭാവിശ്വാസികളെ അചഞ്ചലമായ ശുഭാപ്തിവിശ്വാസത്തോടും ദൃഢചിത്തതയോടും നയിച്ച ആ സര്‍വസൈന്യാധിപന്‍ 1958ലെ സുപ്രീം കോടതി വിധിയിലൂടെ അന്തിമ വിജയം നേടി. ഏകപക്ഷീയമായി വിജയം ആഘോഷിക്കാതെ, എല്ലാവരെയും തിരുസഭയുടെ അകത്തളങ്ങളിലേക്ക് ഇരുകൈകളും നീട്ടി സ്വാഗതം ചെയ്ത പുണ്യാത്മാവായിരുന്നു അദ്ദേഹം.
ദീര്‍ഘകാലമായി എപ്പിസ്കോപ്പല്‍-വൈദിക മേല്‍ക്കോയ്മ നിലനിന്നുവന്ന സഭയില്‍ അല്‍മായ നേതൃത്വത്തെവളര്‍ത്തിയെടുത്ത് അവരെ സഭയുടെ ശക്തിദുര്‍ഗമാക്കിയതും മറ്റാരുമായിരുന്നില്ല. 1956 നവംബര്‍ ഒന്നിനു കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ സമസ്ത കേരളീയര്‍ക്കുമായി ബാവാ തിരുമേനി നല്‍കിയ ആശംസ ഏറെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റുകയുണ്ടായി. ഭാരതത്തിന്റെ അഖണ്ഡതയെയും സുരക്ഷയെയും വെല്ലുവിളിച്ചു ചൈന നമുക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന നടത്താന്‍ ഉദ്ബോധിപ്പിച്ചും 20 പവന്‍ രാജ്യരക്ഷാനിധിയിലേക്കുള്ള സംഭാവനയായി അന്നത്തെ മുഖ്യമന്ത്രി ആര്‍. ശങ്കറെ ഏല്‍പിച്ചും അദ്ദേഹം മാതൃക കാട്ടിയതും മറക്കാവതല്ല.
പ്രശസ്ത സഭാ ചരിത്രകാരനായ ഡോ. സാമുവല്‍ ചന്ദനപ്പള്ളിയുടെ വാക്കുകള്‍ ശ്രദ്ധിക്കുക ‘സ്വന്തവും ചിന്താബന്ധുരവുമായ ഒരു ജീവിതദര്‍ശനം കേരളീയ സമൂഹത്തിനു നല്‍കിയ മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ 20-ാം നൂറ്റാണ്ട് ദര്‍ശിച്ച അപൂര്‍വ പ്രതിഭകളില്‍ ഒരാളായിരുന്നു. ഒാര്‍ത്തഡോക്സ് സഭയെ രാജ്യത്തിന്റെ പൊതുധാരയിലേക്കു കൊണ്ടു വരാനും 20-ാം നൂറ്റാണ്ടിലെ പരിഷ്കൃത സമൂഹത്തിന്റെ പക്വതയാര്‍ന്ന വീക്ഷണം അവരിലേക്കു സംക്രമിപ്പിക്കാനും മാര്‍ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്റെ ആസൂത്രിതവും അചുംബിതവുമായ ആശയങ്ങള്‍ക്കു കഴിഞ്ഞു. മലങ്കരയുടെ വലിയ മാര്‍ ബസേലിയോസിനെ അവിസ്മരണീയനാക്കാന്‍ ഇതിലധികം എന്തു വേണം?
ബസേലിയസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ
ഡോക്ടറാകണമെന്ന ആഗ്രഹത്തിലിറങ്ങിയ വ്യക്തി ആത്മാക്കളുടെ വൈദ്യനും സഭയുടെ അമരക്കാരനുമായി മാറുന്ന ചരിത്രമാണ് 1907ല്‍ കോട്ടയം വട്ടക്കുന്നേല്‍ കുടുംബത്തില്‍ ജനിച്ച കുട്ടച്ചന്‍ എന്ന മാത്യൂസി ന്റേത്. മെഡിക്കല്‍ പഠനത്തിനൊരുങ്ങു ന്നതിനിടയില്‍ കേവലം ഒരു രസത്തിനുവേണ്ടി ആരംഭിച്ച സുറിയാനി പഠനം മാത്യൂസിന്റെ ദൈവവിളിയുടെ തുടക്കമായി. കാലത്തിന്റെ ഗതി മനസിലാക്കി സഭാമക്കളെ ദൈവത്തിങ്കലേക്കു നയിക്കാന്‍ പറ്റിയ സഭയുടെ ഭാവിവിധാതാക്കളെ അന്വേഷിച്ചു നടന്ന ക്രാന്തദര്‍ശികളായ വട്ടശേരില്‍ തിരുമേനിയും പുത്തന്‍കാവില്‍ തിരുമേനിയും അതിനുത്തരം കണ്ടെത്തിയത് മാത്യൂസിലാണ്.
പിതാക്കന്മാരുടെ പ്രോല്‍സാഹനത്താല്‍ കല്‍ക്കട്ടാ ബിഷപ്സ് കോളജില്‍നിന്ന് ഉന്നത നിലവാരത്തില്‍ ബി.ഡി. ബിരുദം കരസ്ഥമാക്കിയ മാത്യൂസിന്റെ വേദശാസ്ത്ര – സഭാ ചരിത്രപരിജ്ഞാനം എല്ലാവരാലും അംഗീകരിക്കപ്പെട്ടു. പിന്നീട് കോട്ടയം പഴയ സെമിനാരിയിലെ അധ്യാ പകനും പ്രിന്‍സിപ്പലുമൊക്കെയായി നിയമിക്കപ്പെട്ട അദ്ദേഹം 1945ല്‍ ശെമ്മാശ്ശനായും 1947ല്‍ കശ്ശീശായായും പട്ടം കെട്ടപ്പെട്ടു. ഒരു വൈദി കന്‍ എന്ന നിലയില്‍ സഭയിലാകമാനം നിറഞ്ഞു ശോഭിച്ച അദ്ദേഹം 1960ല്‍ മെത്രാപ്പോലീത്തയായും 1975ല്‍ പൌരസ്ത്യ കാതോലിക്ക യായും മലങ്കര മെത്രാപ്പോലീത്തായുമായി അവരോധിക്കപ്പെട്ടപ്പോള്‍ മലങ്കരസഭയുടെ ചൈതന്യം വര്‍ധിക്കുന്നു എന്നത് എത്രപേര്‍ തിരിച്ചറിഞ്ഞു എന്നറിയില്ല.
ഭാരത സ്വാതന്ത്യ്രം എന്നപോലെ ഭാരതസഭയുടെ സ്വാതന്ത്യ്രവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കണമെന്ന നിര്‍ബന്ധം ഇൌ പിതാവിനുണ്ടായിരുന്നു. ‘ഭിന്നിച്ചാല്‍ വീണുപോകും – സന്ധിച്ചാല്‍ നിലനില്‍ക്കും എന്ന മുദ്രാവാക്യത്തോടുകൂടി കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യത്തിനുവേണ്ടി അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. മലങ്കര സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു ശക്തി കൂട്ടുകയും ബാഹ്യ കേരളത്തിലേക്കു അതു വ്യാപിക്കുകയും ചെയ്തതിലും അദ്ദേഹത്തിന്റെ പങ്കു ശ്രദ്ധേയമാണ്. ഭൂതകാലത്ത് വെട്ടിത്തിളങ്ങിയിരുന്ന ആത്മീയ പൌരുഷം ആധുനിക തലമുറയിലേക്കു സംക്രമിപ്പിക്കാന്‍ ആഗ്രഹിച്ചു പരിശുദ്ധ പിതാവ് തന്റെ പൂര്‍വികരുടെ കബറിടങ്ങളെ പവിത്രീകരിച്ചു തീര്‍ഥാടന കേന്ദ്രങ്ങളാക്കി. തലമുറകളില്‍നിന്നു തലമുറകളിലേക്കു പകരുന്ന ആത്മീയ ധാരകളാണ് സുജന മര്യാദയുള്ള ഒരു ജന സമൂഹത്തിന്റെ സമ്പത്തെന്ന് മനസിലാക്കി പ്രവര്‍ത്തിച്ചു. അതിന്റെ പുണ്യഫലം അനുഭവിക്കുന്നത് ഇന്നത്തെ തലമുറയാണ്.

 

Comments

comments

Share This Post

Post Comment