കുന്നംകുളത്തു നിന്നൊരു സാമുദായിക സൗഹൃദ മാതൃക

നമ്മുടെ മാധ്യമങ്ങളില്‍ പലപ്പോഴും വന്നുനിറയുന്നത് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകളാണ്. എന്നാല്‍ ചിലപ്പോഴൊക്കെ പ്രത്യാശജനകമായ കാര്യങ്ങളും അതില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പക്ഷേ അര്‍ഹിക്കുന്ന പരിഗണനയും പ്രാധാന്യവും അത്തരം വാര്‍ത്തകള്‍ക്ക് ലഭിച്ചെന്നുവരില്ല. സമൂഹവും അത് കാര്യമായെടുത്തു ചര്‍ച്ച ചെയ്യുന്ന പതിവും പൊതുവെ ഇല്ല. അതെന്തായാലും കലുഷമായ സാഹചര്യങ്ങളില്‍ ശുഭപ്രതീക്ഷ പ്രദാനം ചെയ്യുന്ന ഈ വൃത്താന്തങ്ങള്‍ക്ക് വര്‍ധിച്ച സാമൂഹിക പ്രസക്തിയുണ്ട്.
അത്തരമൊരു വിവരമാണ് പുതുവര്‍ഷപ്പുലരിയില്‍ കുന്നംകുളത്തുനിന്ന് മലയാളികള്‍ക്ക് ലഭ്യമായത്. അയല്‍ക്കാരനും മറ്റൊരു മതക്കാരനുമായ സഹോദരന്റെ മരണത്തിന്റെ സങ്കടത്തിലും വേദനയിലും ഭാഗഭാക്കായിക്കൊണ്ട് ഒരു ആരാധനാലയത്തിലെ പ്രധാനമായ ആഘോഷം മാറ്റിവെക്കുക എന്ന അസാധാരണമായ മാതൃകയാണ് ഈ വാര്‍ത്തയിലെ മഹത്തായ ഉള്ളടക്കം.
ചിറ്റഞ്ഞൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ പെരുന്നാള്‍ ആഘോഷമാണ് അയല്‍പക്കത്തുള്ള ഹിന്ദുമത വിശ്വാസിയായ അതുല്‍കൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. രണ്ടാഴ്ച മുമ്പാണ് വാഹനാപകടത്തില്‍ അതുല്‍ മരണപ്പെട്ടത്. അതോടെ കുടുംബം അനാഥമായി. അതുലിന്റെ അമ്മയും പെങ്ങളും മാത്രമുള്ള കുടുംബത്തിന്റെ ദുഃഖവും ദൈന്യതയും പങ്കുവെക്കാനാണ് ചര്‍ച്ച് ഭാരവാഹികളും വിശ്വാസികളും തീരുമാനിച്ചത്.
മാതൃകാപരമായ ഈ മഹനീയ നീക്കത്തിന് നേതൃത്വം നല്‍കിയത് ചര്‍ച്ചിലെ വികാരി ഫാദര്‍ പത്രോസ് ജി. പുലിക്കോട്ടില്‍ എന്ന ബഹുമാന്യ പണ്ഡിതനാണ്. പണ്ഡിതന്‍ എന്ന് അദ്ദേഹത്ത സംബന്ധിച്ച് നമുക്ക് ഉറപ്പിച്ചുപറയാം. അദ്ദേഹം മതവും തന്റെ ആദര്‍ശമാര്‍ഗമായ ബൈബിള്‍ ദര്‍ശനവും ആഴത്തില്‍ പഠിക്കുകയും ഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.അതുകൊണ്ടാണ് വിശ്വാസികളായ അനുയായിവൃന്ദത്തെ ഇങ്ങനെയൊരു ഉദാത്തമായ തീരുമാനത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധ്യമായത്.
സ്ഥലത്തെ ഹിന്ദു, മുസ്‌ലിം സഹോദരന്മാരെ കൂടി വിളിച്ചുചേര്‍ത്താണ് ഫാദര്‍ ഇതു സംബന്ധിച്ച ആലോചന നടത്തിയതും തീരുമാനം എടുത്തതും. അയല്‍പക്കത്തെ വീട്ടില്‍ ഒരു കുടുംബം ഇത്രവലിയ ദു:ഖത്തില്‍ കഴിയുമ്പോള്‍ ആഘാഷവും സന്തോഷവുമായി പെരുന്നാള്‍ കൊണ്ടാടുന്നതിലെ അനൗചിത്യവും ശരികേടും വിലയിരുത്തിയ യോഗം അതു മാറ്റിവെക്കാന്‍ തന്നെ ഉറച്ച തീരുമാനമെടുത്തു. മരണവീട്ടില്‍ മാത്രമല്ല, ഗ്രാമത്തിനാകെ അത് വലിയൊരു നന്മയും കരുണയും കൊണ്ടുവരികയും ചെയ്തു.
ക്രൈസ്തവ സഹോദരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമാണു പള്ളി പെരുന്നാളുകള്‍. അയല്‍ക്കാരനായ ഒരു സഹോദരന്റെ വേര്‍പാടിന്റെ ദു:ഖത്തില്‍ അനുശോചിച്ചുകൊണ്ട് അത്തരമൊരു ആഘോഷപരിപാടി തന്നെമാറ്റിവെക്കുക എന്നത് ഒരിക്കലും ചെറിയൊരു കാര്യമല്ല. കേരളത്തിലെ സാമുദായിക സൗഹൃദരംഗത്ത് അതിമഹത്തായ ഒരു മാതൃകയുടെ അടയാളപ്പെടുത്തലാണ് ചിറ്റഞ്ഞൂര്‍ ഗ്രാമവാസികളും അവിടത്തെ സെന്റ് മേരീസ് ചര്‍ച്ച് ഭാരവാഹികളും ചേര്‍ന്നു നടത്തിയിരിക്കുന്നത്.
നിസ്സാരമായ കാര്യങ്ങളിലെ കശപിശയും സൗന്ദര്യപ്പിണക്കങ്ങളും വളര്‍ത്തിവലുതാക്കി വര്‍ഗീയാസ്വാസ്ഥ്യങ്ങള്‍ സൃഷ്ടിച്ച അനുഭവദുരന്തങ്ങള്‍ നാടിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. അല്‍പം ശ്രദ്ധയും സൂക്ഷ്മതയും ക്ഷമയും സര്‍വ്വോപരി സന്മനസ്സും കാണിച്ചാല്‍ അതില്‍ പലതും ഒഴിവാക്കാന്‍ കഴിയും. മാത്രവുമല്ല, ഒന്നു മനസ്സുവെച്ചാല്‍ ചില സന്ദിഗ്ദ്ധ സന്ദര്‍ഭങ്ങളെ വലിയ സൗഹാര്‍ദ്ദ സംരംഭങ്ങളാക്കി മാറ്റാനും സാധിക്കും.
പക്ഷേ അതിനു പലപ്പോഴും തടസ്സം നില്‍ക്കുന്നത് അനാവശ്യമായ വാശിയും കുടിലമായ കിടമത്സരങ്ങളുമാണ്. സമുദായങ്ങള്‍ ചില കാര്യങ്ങളില്‍ തൂക്കം ഒപ്പിക്കാന്‍ പരസ്പരം മത്സരിക്കുന്നു. ”അവര്‍ ചെയ്തു, അതുകൊണ്ട് ഇനി നമുക്കും ചെയ്യണം. അവര്‍ ചെയ്ത അതേ തോതില്‍തന്നെ വേണം.” അഹിതകരമായ കാര്യങ്ങളില്‍ മാത്രമല്ല, ചിലപ്പോള്‍ നിര്‍ദ്ദോഷമായ ചില വിഷയങ്ങളിലും ഈ ദുര്‍വ്വാശി പ്രശ്‌നങ്ങള്‍ക്ക് വഴിമരുന്നിടുന്നു. അവരുടെ ജാഥ ഇത്ര; അതിനാല്‍ ഇനി നമ്മുടെ ജാഥയും ഇത്രവേണം. ”അവരുടെ പരിപാടിക്ക് ഇത്ര സമയം റോഡ് ബ്ലോക്ക് ഉണ്ടായി. അതുകൊണ്ട് നമ്മളും നമ്മുടെ ശക്തിയും വലിപ്പവും കാണിക്കാന്‍ ഇത്ര സമയമെങ്കിലും ഗതാഗത തടസ്സം സൃഷ്ടിച്ചേ മതിയാകൂ!” ഇങ്ങനെ പോകുന്നു ബാലിശവും അര്‍ത്ഥശൂന്യവുമായ പിടിവാശികളുടെ പൊടിപ്പൂരങ്ങള്‍.
യഥാര്‍ത്ഥത്തില്‍ മതത്തോടോ അതിന്റെ വിശ്വാസ പ്രമാണങ്ങളോടോ പുലബന്ധം പോലും പുലര്‍ത്താത്ത അവകാശവാദങ്ങളാണിതെല്ലാം എന്നു എല്ലാവര്‍ക്കുമറിയാം. എന്നിട്ടും മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ഇതെല്ലാം നടക്കുന്നു. അപ്പോള്‍ മതം മനുഷ്യന്റെ ഹൃദയത്തിലേക്കും അവിടെ നിന്നു ക്രമേണ തെരുവിലേക്കും ഇറങ്ങിവരുന്നു. അതു വ്യക്തിയുടെ വിചാരധാരയെ സാക്ഷാല്‍ക്കരിക്കേണ്ടതിന് പകരം അവന്റെ വികാരത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുന്നു. ശാന്തിയും സ്വച്ഛതയും പക്വതയും പ്രദാനം ചെയ്യേണ്ട മതത്തിന്റെ പേരില്‍ ബഹളവും ശബ്ദഘോഷവും കലഹവും കലാപവുമെല്ലാം ഉണ്ടായിത്തീരുന്നു.
മറ്റുള്ളവരെ കാണിക്കാനുള്ളതല്ല മതവും മത വിശ്വാസവും അതിന്റെ ആരാധനാ കര്‍മ്മങ്ങളും. പ്രദര്‍ശനാത്മകത ഒരു മതത്തിലും കരണീയമല്ല. പരിശുദ്ധ പ്രവാചകന്‍ മുഹമ്മദ് നബി(സ) അതിനെ ദൈവത്തില്‍ പങ്ക് ചേര്‍ക്കുന്ന വിശ്വാസപരമായ അപഭ്രംശമായാണ് കണ്ടത്. ഭാരതീയ സന്യാസിമാര്‍ പഠിപ്പിച്ച ആത്മീയ സാധനകളും ധാര്‍മ്മിക ശിക്ഷണങ്ങളും അഹംഭാവത്തെ നിരാകരിക്കാനും അഹംബോധത്തെ സംസ്‌കരിക്കാനും പഠിപ്പിക്കുന്നു.
മതത്തിന് ഒരു ശക്തി പ്രകടനത്തിന്റെയും ആവശ്യമില്ല. ശക്തിയല്ല, ഭക്തിയാണ് മതവിശ്വാസിക്ക് അനിവാര്യമായിരിക്കുന്നത്. എല്ലാ ശക്തിയും ആ ഭക്തിയുടെ വിശുദ്ധിയില്‍ നിന്നു ലഭ്യമാകേണ്ടതാണ്. ഭക്തിയാകട്ടെ, പ്രകടിപ്പിക്കാനുള്ളതല്ല, ദൈവത്തിനു സമര്‍പ്പിക്കാനുള്ളതാണ്.
ഹൃദയത്തിന്റെ പ്രാധാന്യം മതങ്ങളിലെല്ലാം പ്രത്യേകം ഊന്നിപ്പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ മുഴുവന്‍ നന്മയും തിന്മയും അവന്റെ ഹൃദയത്തെ ആശ്രയിച്ചാണിരിക്കുന്നതെന്നും അതിനെ സംസ്‌കരിക്കുക എന്നതാണ് ജീവിത വിജയത്തിലേക്കുള്ള മാര്‍ഗമെന്നും വിശുദ്ധ നബി(സ) വ്യക്തമാക്കി. ഹൃദയമാകുന്ന ദേശത്തെക്കുറിച്ച് ഭഗവദ് ഗീതയില്‍ പരാമര്‍ശവുമുണ്ട്. ശ്രീകൃഷ്ണന്‍ അതിനെസ്സംബന്ധിച്ച് അര്‍ജ്ജുനനെ ഉപദേശിക്കുന്നു.
ഒരു ഉര്‍ദു കവി പറയുകയാണ്: ”ഹൃദയത്തിന്റെ വാസസ്ഥാനം വിസ്മയകരം, ഹൃദയത്തിന്റെ താഴ്‌വാരവും വിചിത്രം; ഇവിടെയാണ് ഞാനെന്റെ സ്വപ്‌നച്ചെടികള്‍ നട്ടത്, പക്ഷേ മഴ പെയ്യുമെന്നതിന് എന്താണുറപ്പ്?”
മഴ പെയ്താല്‍ മാത്രമേ ഏത് ചെടിയും വളരുകയും തളിര്‍ക്കുകയും പൂക്കുകയും ചെയ്യുകയുള്ളൂ. ഹൃദയത്തിലും വേണം ഒരു കാലവര്‍ഷം, കേവലം കാലവര്‍ഷമല്ല, ഒരു കാരുണ്യ വര്‍ഷം. മതം എന്നാല്‍ കാരുണ്യം മാത്രമാണ്. അടിമുടി കരുണ. മനുഷ്യനോട് കരുണ കാണിക്കാത്തവന് ദൈവകാരുണ്യത്തിന് അര്‍ഹതയില്ലെന്ന് പുണ്യ നബി(സ) ഉണര്‍ത്തിയിരിക്കുന്നു. മനുഷ്യനെ സ്‌നേഹിക്കാതെ ദൈവ പ്രീതി കരസ്ഥമാക്കാനാവില്ല.
അയല്‍ക്കാരന്‍ മതത്തില്‍ വളരെ പ്രധാനപ്പെട്ടവനാകുന്നു. ബൈബിളിന്റെ സ്‌നേഹ കാവ്യത്തിലെ മുഖ്യകഥാപാത്രമാണ് അയല്‍ക്കാരന്‍. ‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക’ എന്ന് യേശുക്രിസ്തു ഉദ്‌ബോധിപ്പിച്ചു. ബൈബിളിലെ നല്ല സമര്യക്കാരനെ ആര്‍ക്കാണ് വിസ്മരിക്കാന്‍ കഴിയുക. അയല്‍ക്കാരന്റെ പ്രാധാന്യവും അവകാശങ്ങളും പറഞ്ഞുപറഞ്ഞു ജിബ്‌രീല്‍ മാലാഖ വിവരിച്ചപ്പോള്‍ അയാള്‍ക്കു സ്വത്തവകാശം വരെ നല്‍കേണ്ടിവരുമോ എന്ന് താന്‍ ആലോചിച്ചുപോയെന്ന് പറഞ്ഞ പുണ്യ പ്രവാചക(സ)ന്റെ കാരുണ്യം ആരെയാണ് വികാരാധീനനാക്കാതിരിക്കുക!
ക്രൈസ്തവ ദര്‍ശനം വിളംബരം ചെയ്ത സ്‌നേഹവും അയല്‍ക്കാരന് അതിനുള്ള അര്‍ഹതയും അതു പകര്‍ന്നേകാന്‍ വിശ്വാസിക്കുള്ള ബാധ്യതയും എല്ലാം പ്രായോഗികമായി അരക്കിട്ടുറപ്പിക്കുകയണ് ചിറ്റഞ്ഞൂര്‍ ചര്‍ച്ചിന്റെ അധികാരികള്‍ ചെയ്തിരിക്കുന്നത്. അവര്‍ അഹന്തയെ അവഗണിച്ചു സൗമ്യതയെ സ്വീകരിച്ചു. ആ സമീപനമാവട്ടെ മതത്തിന്റെയും ആ നാടിന്റെ തന്നെയും അന്തസ് ഉയര്‍ത്തുകയുംചെയ്തു.
ആയിരം ആഘോഷങ്ങളേക്കാള്‍ വലുതാണ് ഒരു കദനത്തിലെ ആശ്വാസം. ഒരു വ്രണിതഹൃദയത്തിന് നല്‍കുന്ന സമാശ്വാസം ഹജ്ജുല്‍ അക്ബര്‍ (ഏറ്റവും വലിയ ഹജ്ജ് തീര്‍ത്ഥാടനം) ആണെന്ന് നിസാമുദ്ദീന്‍ ഔലിയ പറയുകയുണ്ടായി. മനുഷ്യനെ ആദരിക്കലാണ് മനുഷ്യത്വം; അവിശ്വാസിയെകുറിച്ച് തെറ്റായ ഒരു വാക്കുപോലും ഉച്ചരിച്ചു പോകരുത്” എന്ന് അല്ലാമാ ഇഖ്ബാലും ഉണര്‍ത്തി.
കേരളവും ഭാരതവും ചിറ്റഞ്ഞൂരിന്റെ മാതൃകയിലേക്ക് കണ്ണും ആ കുഗ്രാമം മുഴക്കുന്ന സ്‌നേഹസ്വരത്തിലേക്ക് കാതും ചേര്‍ത്തുപിടിക്കട്ടെ! രണ്ടില്‍നിന്നും ഒരുപാട് പഠിക്കാനും പകര്‍ത്താനുമുണ്ട്. അതിനുള്ള വിവേക സംക്രമണം സുസാധ്യമാവുകയും ചെയ്യട്ടെ!
കടപ്പാട്: ചന്ദ്രിക

Comments

comments

Share This Post

Post Comment