അഖില മലങ്കര ബാലസമാജം 31-ാം വാര്‍ഷിക ക്യാമ്പ് പരുമല സെമിനാരിയില്‍

പരുമല:  മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അഖില മലങ്കര ബാലസമാജം 31-ാം വാര്‍ഷിക ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.
ഞായറാഴ്ച പരുമല സെമിനാരിയില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫാ. ജയിംസ് മര്‍ക്കോസ്, ജനറല്‍ സെക്രട്ടറി ഫാ. റിഞ്ചു പി. കോശി, ട്രഷറര്‍ ഷൈജു ജോണ്‍, ജോയിന്റ് സെക്രട്ടറിമാരായ ജേക്കബ് തോമസ്, ആനി ജോണ്‍ ശങ്കരത്തില്‍ എന്നിവര്‍ സംബന്ധിച്ചു.
2014 ഫെബ്രുവരി 7,8,9 തീയതികളില്‍ പരുമല സെമിനാരിയില്‍ വച്ചാണ് വാര്‍ഷിക ക്യാമ്പ് നടക്കുന്നത്. “നാം ക്രിസ്തു ശരീരത്തിന്റെ അവയവങ്ങള്‍ (1 കൊരി 12:27)” എന്നതാണ് ചിന്താവിഷയം.
7ന് വൈകിട്ട് 6.30ന് ചേരുന്ന സമ്മേളനം അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ മുന്‍ ഭാരവാഹികളെ ആദരിക്കും. പരുമല സെമിനാരി മാനേജര്‍ വന്ദ്യ ഔഗേന്‍ റമ്പാന്‍, വന്ദ്യ ഗീവര്‍ഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍, ഡോ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ ചിന്താവിഷയാവതരണം നടത്തും.
8ന് രാവിലെ 7ന് ഫാ. എബി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ഫാ. എബി ഫിലിപ്പ് കാര്‍ത്തികപ്പള്ളി വേദപഠന ക്ളാസ് നടത്തും. ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. സഖറിയാ ചിറത്തിലാട്ട്, പ്രിയാ ജേക്കബ്, ഫാ. ഐസക്ക് ബി. പ്രകാശ്, ഫാ. തോമസ് പി. മുകളില്‍, ഫാ. റിഞ്ചു പി. കോശി, ഫാ. തോമസ് ജോണ്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ ക്ളസെടുക്കും.
9ന് 10.30ന് സമാപന സമ്മേളനം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മുന്‍ എം.എല്‍.എ. ജോസഫ് എം. പുതുശ്ശേരി സമാപന സന്ദേശവും സമ്മാനദാനവും നിര്‍വഹിക്കും. ജേക്കബ് തോമസ് കൃതജ്ഞത അര്‍പ്പിക്കും.

Comments

comments

Share This Post

Post Comment