നമ്മുടെ ആര്‍ഭാട (ശവ) സംസ്കാരം – ബെന്യാമിന്‍

വളരെ ദൂരെ നിന്നേ പാട്ടുകേള്‍ക്കാം. വഴിക്കിരുവശവും വലിയ ഫ്ലെക്സ് ബോര്‍ഡുകള്‍. എത്തിച്ചേരുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍. വെള്ളപ്പൂക്കള്‍കൊണ്ട് അലങ്കരിച്ച വലിയ കവാടം. മുറ്റത്തു ചുവന്ന പരവതാനി. അതിലൂടെ നമ്മെ സ്വീകരിച്ചാനയിക്കാന്‍ പ്രത്യേക ദൌത്യസംഘം!
ഒരു കല്യാണപ്പന്തലിലേക്കാണു കടന്നുചെല്ലുന്നതെന്നു നിങ്ങള്‍ വിചാരിച്ചുവോ? അതോ സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന ഒരു വലിയ താരനിശയിലേക്കോ? ഏതെങ്കിലും സംഘടനകളുടെ വാര്‍ഷികാഘോഷ പരിപാടികളിലേക്ക്…? എങ്കില്‍ നിങ്ങള്‍ക്കു വല്ലാതെ തെറ്റിപ്പോയിരിക്കുന്നു. മധ്യതിരുവിതാംകൂറിലെ ഒരു മരണവീട്ടിലേക്കാണു നാം കടന്നുചെന്നിരിക്കുന്നത്. സിനിമയിലല്ല, നിത്യജീവിതത്തില്‍.
അന്തിച്ചു നില്‍ക്കരുത്. ഇനിയുമുണ്ട് പുതിയ നാട്ടുനടപ്പുകള്‍. സംഗീതം പൊഴിക്കുന്ന സ്വര്‍ഗപ്പെട്ടിയിലാണ് അമ്മച്ചിയെ കിടത്തിയിരിക്കുന്നത്.
തമിഴ്നാട്ടില്‍ നിന്നുള്ള പൂക്കളുടെ മലഞ്ചെരുവിലാണ് അതു വച്ചിരിക്കുന്നത്. അവരെ കണ്ടു നമിച്ചു കഴിഞ്ഞാല്‍ നേരെ ലഘുപാനീയത്തിന്റെ സ്റ്റാളിലേക്കാണു നമുക്കു പോകേണ്ടത്. അതും കഴിഞ്ഞാല്‍ സ്റ്റൈലില്‍ അലങ്കരിച്ച കസേരകള്‍ നിരത്തിയ പന്തലിലേക്കു കടന്നിരിക്കാം. അതു ശീതീകരിച്ചതാണ്. അവിടെ ഒട്ടേറെ ക്ളോസ്ഡ് സര്‍ക്യൂട്ട് ടിവികള്‍. മരിച്ചുകിടക്കുന്ന അമ്മച്ചിയുടെ ദൃശ്യമാണവയില്‍. പ്രാര്‍ഥനക്കാരുടെ ദൃശ്യം. വൈദികരുടെ ദൃശ്യം. കാഴ്ചക്കാരുടെ ദൃശ്യങ്ങള്‍.
പിന്നെ അമ്മച്ചിയുടെ പൂര്‍വകാല ചിത്രങ്ങള്‍. അമ്മച്ചി ഉണ്ണുന്നത്, ഉറങ്ങുന്നത്, ഉമ്മ കൊടുക്കുന്നത്, ഒാമനത്തിങ്കള്‍ താരാട്ടു പാടുന്നത്. അതിങ്ങനെ മാറിമാറി കാണിച്ചുകൊണ്ടിരിക്കും. ഇനി അന്നേദിവസം തിരക്കുകള്‍ കാരണം അവിടേക്കു കടന്നുചെല്ലാന്‍ കഴിയാതെ പോയവര്‍ തീരെ വിഷമിക്കേണ്ടതില്ല. നിങ്ങള്‍ എവിടെ ആയിരിക്കുന്നുവോ അവിടെയിരുന്ന് ആ ദൃശ്യങ്ങള്‍ എല്ലാം കണ്ടു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയുംവിധം ഒാണ്‍ലൈന്‍ ലൈവ് ടെലികാസ്റ്റ്…!
ഇന്നലെ വരെ ആരും നോക്കാനും കാണാനുമില്ലാതെ കിടന്നു നരകിച്ച തള്ളയാണോ ഇതെന്ന് അതിശയപ്പെട്ടാല്‍ അതു മനസ്സില്‍ വയ്ക്കുകയേ ആകാവൂ. പുറത്തു കാണിക്കരുത്…! അല്ലെങ്കിലും ഞങ്ങള്‍ മധ്യതിരുവിതാംകൂറുകാര്‍ക്ക് ജാഡയും പൊങ്ങച്ചവും ഇത്തിരി കൂടുതലാണെന്നു പൊതുവേ ഒരു പറച്ചിലുണ്ട്. അതില്‍ അല്‍പസ്വല്‍പം സത്യമില്ലാതെയുമില്ല.
വീടുപണിയും കല്യാണവുമാണു നമുക്കു നടത്താവുന്ന ഏറ്റവും ആര്‍ഭാടം നിറഞ്ഞ കാര്യങ്ങള്‍ എന്നായിരുന്നു ഇതുവരെ കേരളത്തിന്റെ വിചാരം. അതിനെയാണു ഞങ്ങളിപ്പോള്‍ ശവസംസ്കാരം കൊണ്ടു മറികടന്നുകൊണ്ടിരിക്കുന്നത്. എത്ര തിരുമേനിമാര്‍, എത്ര അച്ചന്മാര്‍, എത്ര രാഷ്ട്രീയ നേതാക്കള്‍ എന്നീ കണക്കുകള്‍ നോക്കി പ്രൌഢി വിലയിരുത്തുന്ന കാലമൊക്കെ പോയി. അതിന്റെയൊപ്പം ഇങ്ങനെ ചില അള്‍ട്രാമോഡേണ്‍ സന്നാഹങ്ങള്‍ കൂടി ഉണ്ടെങ്കിലേ അതു നാലുപേര്‍ മതിക്കുന്ന ശവമടക്കായി മാറുകയുള്ളൂ.
‘വീട്ടിലാരെങ്കിലും ഒന്നു മരിച്ചിരുന്നെങ്കില്‍, ഒരു ശവമടക്കു നടത്തിക്കാണിച്ചു കൊടുക്കാമായിരുന്നു… എന്ന് ആത്മഗതം നടത്തുന്നവര്‍ പോലും ഞങ്ങള്‍ക്കിടയിലുണ്ട് എന്നു പറഞ്ഞാല്‍ അതു കഥാകാരന്റെ അതിശയോക്തി എന്ന് ആരും വിചാരിക്കരുത്. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍ക്കേസിന്റെ നോവലിലെ മക്കോണ്ട പോലെ വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമുള്ള കാര്യങ്ങള്‍ സംഭവിക്കുന്ന ദേശമാണിത്.
ഇതെല്ലാം സഹിക്കാം. ചെല്ലുന്നവര്‍ക്കെല്ലാം അമ്മച്ചിയുടെ അന്‍പതു വര്‍ഷം പഴയ ചിത്രം പതിച്ച ബാഡ്ജ് തരും. ‘നാലുപേര്‍ കൂടുന്നിടമല്ലേ നാണക്കേടെന്നു വരുത്തരുത് എന്നു ഞങ്ങളുടെ കടമ്മനിട്ട പാടിയിട്ടുള്ളതുകൊണ്ട് എല്ലാവരും അതു വാങ്ങി നെഞ്ചത്തു കുത്തും. ശവസംസ്കാരം കഴിയുന്നതും അതു വലിച്ചൂരി മുറ്റത്തേക്ക് ഒരേറുവച്ചു കൊടുക്കുന്നതും ഒന്നിച്ചായിരിക്കും. പിന്നാലെ വരുന്നവര്‍ അതില്‍ ചവിട്ടിയായിരിക്കും പൊതി വാങ്ങാന്‍ ഒാടുന്നത്.
ബാക്കി എന്തും ആയിക്കോട്ടെ. നിങ്ങളുടെ പണം. നിങ്ങളുടെ ഗമ. ശരീരത്തില്‍ മണ്ണു വീഴുന്നതിനു മുന്‍പു നിലത്തിട്ടു ചവിട്ടാനാണെങ്കില്‍ പൊന്നമ്മച്ചിയുടെ ഫോട്ടോ ഇങ്ങനെ അച്ചടിച്ചു വിതരണം ചെയ്യണോ മക്കളേ…?!

Comments

comments

Share This Post

Post Comment