വിലക്കു ലംഘിച്ച് തൃക്കുന്നത്തു പള്ളിയില്‍ കടന്ന ശ്രേഷ്ഠ ബാവായ്ക്ക് എതിരെ കേസ്

ആലുവ. സഭാ തര്‍ക്കത്തെ തുടര്‍ന്നു പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന തൃക്കുന്നത്തു സെമിനാരി പള്ളിയില്‍ കോടതി ഉത്തരവു ലംഘിച്ചു പുലര്‍ച്ചെ കടന്നുകയറി കുര്‍ബാന അര്‍പ്പിച്ച ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവായും നാലു മെത്രാപ്പൊലീത്തമാരും അടക്കം 104 പേരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. ബാവാ ഒഴികെയുള്ളവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.
ശ്രേഷ്ഠ ബാവാ, മെത്രാപ്പൊലീത്തമാരായ ഏലിയാസ് മാര്‍ അത്താനാസിയോസ്, ഡോ. മാത്യൂസ് മാര്‍ അന്തീമോസ്, യാക്കോബ് മാര്‍ അന്തോണിയോസ്, കുര്യാക്കോസ് മാര്‍ യൌസേബിയോസ്, സഭാ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും എട്ടു വൈദികരും അടക്കം 104 പേര്‍ക്ക് എതിരെയാണു കേസ്. ബാവായുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
മറ്റുള്ളവരെ നെടുമ്പാശേരി, ബിനാനിപുരം സ്റ്റേഷനുകളില്‍ എത്തിച്ചാണു ജാമ്യത്തില്‍ വിട്ടത്. ഓര്‍ത്തഡോക്സ് സഭാംഗവും സെമിനാരി മാനേജരുമായ ഫാ. യാക്കോബ് തോമസിനും രണ്ടു വൈദിക വിദ്യാര്‍ഥികള്‍ക്കും മര്‍ദനമേറ്റു. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പള്ളിയുടെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കോടതി ഉത്തരവു ലംഘിച്ച്, ഗേറ്റും വാതിലും പൊളിച്ചു പള്ളിയില്‍ പ്രവേശിച്ചു കുര്‍ബാന അര്‍പ്പിച്ചതിനും സെമിനാരി മാനേജര്‍ ഫാ. യാക്കോബ് തോമസിനെ തടഞ്ഞുവച്ചു മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനുമാണ് കേസ്. പള്ളിയില്‍ നിന്നു പൊലീസുകാര്‍ തോളില്‍ തൂക്കിയെടുത്താണ് ബാവായെ പൊലീസ് ജീപ്പില്‍ കയറ്റിയത്.
പുലര്‍ച്ചെ മൂന്നു മണിയോടെ ബാവായുടെ നേതൃത്വത്തില്‍ കാറിലും പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ ആംബുലന്‍സിലുമായാണ് സംഘം എത്തിയതെന്നു പൊലീസ് പറഞ്ഞു. കിഴക്കുവശത്തെ ഗേറ്റിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന ഇവര്‍ പടിഞ്ഞാറുവശത്തെ ഗേറ്റ് പൂര്‍ണമായി പൊളിച്ചുനീക്കി. പിന്നീടു പ്രധാന വാതിലിന്റെ അടിയിലെ പലക പൊളിച്ച് ഒരാള്‍ അകത്തു കടക്കുകയും തടിയുടെ സാക്ഷ നീക്കി വാതില്‍ തുറന്നു മറ്റുള്ളവരെ പ്രവേശിപ്പിക്കുകയുമായിരുന്നു.
പള്ളിയുടെ അകം കഴുകി വൃത്തിയാക്കിയ ശേഷം മെഴുകുതിരി വെളിച്ചത്തിലായിരുന്നു കുര്‍ബാന. നാലു മണിയോടെ പ്രഭാത പ്രാര്‍ഥനയ്ക്ക് ഒരുങ്ങുന്നതിനിടെ ഫാ. യാക്കോബ് തോമസ്, പള്ളിമുറ്റത്തു വാഹനങ്ങള്‍ വരുന്നതും ആളുകള്‍ നടക്കുന്നതും കണ്ട് അവിടേക്കു ചെന്നു. അവിടെ ഉണ്ടായിരുന്നവര്‍ ഫാ. യാക്കോബിനെ പള്ളിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി നെഞ്ചില്‍ ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. നെറ്റിയില്‍ മുറിവുണ്ട്.
അദ്ദേഹം ധരിച്ചിരുന്ന ജൂബ വലിച്ചു കീറി. ഫാ. യാക്കോബിനെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോലഞ്ചേരി മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിലാക്കി. ബഹളം കേട്ട് എത്തിയ വൈദിക വിദ്യാര്‍ഥികളായ റിജോ മാത്യു, സ്റ്റാലിന്‍ തോമസ് എന്നിവര്‍ക്കും മര്‍ദനമേറ്റു. ഫാ. യാക്കോബ് സെമിനാരിയില്‍ ഓടിയെത്തി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് ഒരു പൊലീസുകാരനും ഡ്രൈവറും ജീപ്പില്‍ സ്ഥലത്തെത്തി സംഭവം സ്ഥിരീകരിച്ച ശേഷം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ റൂറല്‍ എസ്പി സതീഷ് ബിനോയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി. ഇതോടെ പള്ളിയില്‍ ഉണ്ടായിരുന്നവര്‍ വാതില്‍ അകത്തു നിന്നു പൂട്ടി. ചുറ്റിലും പൊലീസ് നിലയുറപ്പിച്ച ശേഷം വാതില്‍ ബലമായി തുറന്നു ബാവാ അടക്കമുള്ളരെ പുറത്തേക്കു നീക്കുകയായിരുന്നു. ഇതിന് ചെറിയ തോതില്‍ ബലപ്രയോഗം വേണ്ടിവന്നു. രാവിലെ ആറരയോടെയാണ് ബാവായെയും മറ്റുള്ളവരെയും നീക്കം ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടു യാക്കോബായ സഭാ നേതൃത്വം പുത്തന്‍കുരിശില്‍ യോഗം ചേര്‍ന്നു തൃക്കുന്നത്തു സെമിനാരിയില്‍ പ്രവേശിക്കാന്‍ അതീവ രഹസ്യമായി തീരുമാനിക്കുകയായിരുന്നു എന്നു ഡിവൈഎസ്പി വി.കെ. സനില്‍കുമാര്‍, സിഐ ബി. ഹരികുമാര്‍ എന്നിവര്‍ പറഞ്ഞു.
വിവരം ചോരാതിരിക്കാന്‍ ആലുവയിലുള്ള ആരെയും അറിയിച്ചില്ല. പ്രതികള്‍ എത്തിയ ആംബുലന്‍സില്‍ നിന്നു കമ്പിവടി, 30 കിലോ അരി, ബ്രെഡ്, ഓറഞ്ച്, മിനറല്‍ വാട്ടര്‍ കന്നാസുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. പള്ളിയില്‍ പ്രവേശിച്ചശേഷം പുറത്തിറങ്ങാതെ അവിടെത്തന്നെ തുടരാനായിരുന്നു പദ്ധതിയെന്നു പൊലീസ് കരുതുന്നു. സഭാ തര്‍ക്കത്തെ തുടര്‍ന്നു നാലു പതിറ്റാണ്ടോളമായി പൂട്ടിക്കിടക്കുകയാണ് തൃക്കുന്നത്തു സെമിനാരി പള്ളി. ഏതാനും വര്‍ഷമായി സഭാ പിതാക്കന്മാരുടെ ഓര്‍മപ്പെരുനാള്‍ ദിവസം ഇരു വിഭാഗങ്ങള്‍ക്കും വെവ്വേറെ ആരാധന നടത്താന്‍ കോടതി അനുമതി നല്‍കിയിരുന്നു.
ജനുവരി 25നു കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്ക്ക് എത്തിയ ശ്രേഷ്ഠ ബാവാ പൊലീസ് ദേഹപരിശോധന നടത്തിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം പള്ളിയില്‍ കയറാതെ തിരിച്ചുപോയി. കനത്ത സുരക്ഷയിലാണ് സെമിനാരിയും പരിസരവും. മുന്നൂറോളം പൊലീസുകാര്‍ സ്ഥലത്തുണ്ട്.

Comments

comments

Share This Post

Post Comment