പരി. വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ 21, 22 തീയതികളില്‍

 

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധായ പരി. ഗീവര്‍ഗ്ഗീസ് മാര്‍ ദീവന്നാസ്യോയോസ് (വട്ടശ്ശേരില്‍ തിരുമേനി) തിരുമേനിയുടെ 80-ാം ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 16 മുതല്‍ 22 വരെ പഴയ സെമിനാരിയില്‍ ഭക്തിപുരസ്സരം ആചരിക്കുന്നു.
പെരുന്നാള്‍ ചടങ്ങുകള്‍ക്ക് പ്രാരംഭം കുറിച്ചുകൊണ്ട് 16-ാം തീയതി ഞായറാഴ്ച രാവിലെ 8ന് ആരംഭിക്കുന്ന വി. കുര്‍ബ്ബാനയെ തുടര്‍ന്ന് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിക്കും. 18 മുതല്‍ 20 വരെ കണ്‍വന്‍ഷന്‍ പ്രസംഗം. കണ്‍വന്‍ഷന്‍ പ്രസംഗങ്ങളുടെ ഉദ്ഘാടനം 18-ാം തീയതി ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ നിര്‍വ്വഹിക്കും. പ്രൊഫ. തോമസ് കുരുവിള, ഫാ. കെ. വി. ഏലിയാസ്, ഫാ.  മോഹന്‍ ജോസഫ് എന്നിവര്‍ കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കും.
21-ാം തീയതി വൈകുന്നേരം 6 മണിക്ക് കോട്ടയം ചെറിയപള്ളിയില്‍ സന്ധ്യാനമസ്ക്കാരവും തുടര്‍ന്ന് പഴയ സെമിനാരിയിലേക്ക് പ്രദക്ഷിണവും നടത്തപ്പെടും. 7മണിക്ക് സെമിനാരിയില്‍ സന്ധ്യാനമസ്ക്കാരവും 8മണിക്ക് ഫാ. ജോസഫ് സാമുവേല്‍ കറുകയില്‍ കോര്‍ എപ്പിസ്ക്കോപ്പാ അനുസ്മരണ പ്രഭാഷണം നടത്തും,  9 മണിക്ക് ധൂപപ്രാര്‍ത്ഥന, ശ്ളൈഹിക വാഴ്വ്.
22-ാം തീയതി രാവിലെ 7 മണിക്ക് പ്രഭാതനമസ്ക്കാരം, 8 മണിക്ക് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന പരി. ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും മറ്റ് മെത്രാപ്പോലീത്തന്മാരുടെയും കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. 10 മണിക്ക് പ്രദക്ഷിണം, ധൂപപ്രാര്‍ത്ഥന, ശ്ളൈഹിക വാഴ്വ്. 11 മണിക്ക് സ്മൃതി ഓഡിറ്റോറിയത്തില്‍ അഖില മലങ്കര മര്‍ത്തമറിയം വനിതാ സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസിന്റെ അദ്ധ്യക്ഷതയില്‍ പരി. കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. വിനി വി. ജോണ്‍ മുഖ്യപ്രഭാഷണം നടത്തും.
സോഫിയാ സെന്ററില്‍ മാത്യൂസ് മാര്‍ തേവോദോസ്യോസിന്റെ അദ്ധ്യക്ഷതയില്‍ നടത്തപ്പെടുന്ന സന്യാസ സംഗമത്തില്‍ ഫാ. സഖറിയാ നൈനാന്‍ മുഖ്യസന്ദേശം നല്‍കും. പഴയസെമിനാരി ചാപ്പലില്‍ സണ്‍ഡേസ്കൂള്‍ അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി മേഖലാ സമ്മേളനം പരി. കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മുഖ്യപ്രഭാഷണം നടത്തും.

 

Comments

comments

Share This Post

Post Comment