പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി മലങ്കരയുടെ നിധി: ഫാ. അലക്സാണ്ടര്‍ പി. ഡാനിയേല്‍

പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 80-ാം ചരമവാര്‍ഷികവേള മലങ്കര സഭയെ സംബന്ധിച്ചിടത്തോളം സുവര്‍ണ്ണ ചരിത്ര നിമിഷങ്ങളാണ്. കാരണം വളര്‍ച്ചയുടെ ആധുനിക കാലഘട്ടത്തിലൂടെയാണ് സഭ കടന്ന് പോകുന്നത്. മലങ്കര സഭയുടെ കാതോലിക്കേറ്റിന്റെ ശതാബ്ദിയും മലങ്കര സഭയുടെ പഠിത്തവീടായ സെമിനാരിയുടെ ദ്വിശതാബ്ദിയും ആഘോഷിച്ചിരിക്കുന്നു. പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനി ലക്ഷ്യംവച്ച വളര്‍ച്ചയാണ് ഈ വിധത്തിലുള്ള സഭയുടെ ഉന്നമനം എന്നതിന് തര്‍ക്കമില്ല. കലുഷിതമായ ഒരു കാലഘട്ടത്തില്‍ സഭയുടെ മെത്രാപ്പോലീത്തയായും മലങ്കര മെത്രാനായും സഭയ്ക്ക് നേതൃത്വം കൊടുക്കുകയും യാതൊരുവിധത്തിലുമുള്ള അധീശ്വത്വവും സഭയില്‍ വ്യാപരിക്കുവാന്‍ അനുവദിക്കാതെ നിതാന്ത ജാഗ്രതയോടെ തന്റെ സഭയുടെ സ്വാതന്ത്യ്രം സംരക്ഷിക്കുവാന്‍ തന്റെ സര്‍വ്വസ്വവും ത്യജിക്കുവാന്‍ സര്‍വ്വദാ സന്മനസ്സോടെ ജീവിച്ചുതീര്‍ത്ത ഒരു പരിശുദ്ധ പിതാവായിരുന്നു വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ് ആറാമന്‍ എന്ന മലങ്കര സഭാ ഭാസുരന്‍. പരിശുദ്ധ പരുമല തിരുമേനിയുടെ അരുമശിഷ്യനായി പരുമല സെമിനാരിയില്‍ നിന്ന് ശുശ്രൂഷ ആരംഭിച്ച് മലങ്കര മെത്രാപ്പോലീത്തായുടെ ആസ്ഥാനമായ പഴയ സെമിനാരിയില്‍ കബറടങ്ങുന്നതുവരെ തന്റെ ജീവിതം സഭയ്ക്കുവേണ്ടിയുള്ള ഐത്യഹാസികങ്ങളായ അനേക പോരാട്ടങ്ങള്‍ക്ക് വേണ്ടിയുള്ള തയ്യാറാകലായിരുന്നു. പരുമല സെമിനാരിയില്‍ മല്പാന്‍ എന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ പരിപാലനവും പരിശീലനത്തിന്റെയും മുഖ്യചുമതലക്കാരനായി പരുമല തിരുമേനി കല്പിച്ചാക്കിയതും വട്ടശ്ശേരില്‍ മല്പാനച്ചനെ ആയിരുന്നു. കൂടാതെ നവീകരണ വിഭാഗമായിരുന്ന മാര്‍ത്തോമ്മാ സമുദായക്കാരുടെ കലശലായ പലവിധത്തിലുള്ള വെല്ലുവിളികള്‍ സഭയുടെ ശുശ്രൂഷയ്ക്ക് തടസ്സമായി നിന്ന ഒരു സന്ദര്‍ഭം കൂടിയായിരുന്നു വട്ടശ്ശേരില്‍ മല്പാനച്ചന്റെ പരുമല സെമിനാരിയിലെ ശുശ്രൂഷക്കാലം. നവീകരണ വിഭാഗത്തിന്റെ വെല്ലുവിളികളെ സധൈര്യം നേരിടുകയും വിശുദ്ധ വേദപുസ്തകാടിസ്ഥാനത്തിലും, സഭയുടെ ആരാധന ജീവിതമാതൃകയുടെ മഹാത്മ്യം വിവരിച്ചും, കൂദാശ ജീവിതത്തിന്റെ പൂര്‍ണ്ണതയെ സംബന്ധിച്ചും സഭാ ചരിത്രത്തില്‍ പരിശുദ്ധന്മാരുടെ മദ്ധ്യസ്ഥതയും പിതാക്കന്മാരുടെ സ്ഥാനത്തെ സംബന്ധിച്ചും, വിവിധങ്ങളായ വിഷയങ്ങളെ ആസ്പദമാക്കി “മതോപദേശസാരം” എന്ന ഗ്രന്ഥം വഴിയായും പ്രഭാഷണ വഴിയായും സഭയുടെ യശ്ശസ്സ് ഉയര്‍ത്തി, സര്‍വ്വപ്രതിസന്ധികളെയും തരണം ചെയ്യുവാന്‍ സഭയെ പ്രാപ്തമാക്കിയ പരിശുദ്ധ പിതാവിനെയാണ് നമുക്ക് ഓര്‍ക്കുവാനുള്ളത്.
പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി സത്യവിശ്വാസ സ്ഥിരതയുടെ തികഞ്ഞ പ്രതീകമായ വ്യക്തിയായിരുന്നു. അതുകൊണ്ടാണ് യാതൊരു വിധത്തിലുമുള്ള ന്യൂതനകളും തന്റെ ശുശ്രൂഷ കാലഘട്ടത്തില്‍ സഭയുടെ വളര്‍ച്ചയ്ക്ക് തടസമാകാതിരിക്കുവാന്‍ പ്രത്യേക ധിഷണയോടുകൂടി സഭാ കാര്യങ്ങള്‍ നോക്കി കാണുവാന്‍ അദ്ദേഹം ശ്രമിച്ചത്. പരിശുദ്ധനായ പത്രോസ് ശ്ളീഹ രണ്ടാം ലേഖം ഒന്നാം അദ്ധ്യായം 16-ാം വാക്യത്തില്‍ ചൂണ്ടികാണിക്കുന്നത് വട്ടശ്ശേരില്‍ തിരുമേനി തന്റെ സഭ പ്രവര്‍ത്തകരെയും ഓര്‍മ്മിപ്പിക്കുന്ന വചനം തന്നെയാണ്. “ഞങ്ങള്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശക്തിയും പ്രത്യക്ഷതയും നിങ്ങളോട് അറിയിച്ചത് നിര്‍മ്മിതകഥകളെ പ്രമാണിച്ചിട്ടല്ല അവന്റെ മഹിമ കണ്ട സാക്ഷികളായിട്ടത്രേ”. വട്ടശ്ശേരില്‍ തിരുമേനി മലങ്കര മെത്രാപ്പോലീത്ത എന്ന മകുടം അണിഞ്ഞത് കേവലം അലങ്കാരമായിട്ടോ പ്രശസ്തിക്കുവേണ്ടിയോ അയിരുന്നില്ല, മറിച്ച് യേശുക്രിസ്തുവിന്റെ ഉത്തമമായ സാക്ഷ്യം ഉള്‍കൊണ്ടും അത് തലമുറകളിലൂടെ സഭയുടെ വിശ്വാസമായി പൂര്‍ണത പ്രാപിക്കണം എന്നും പരിശുദ്ധ പിതാവ് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് വിശ്വാസം വില്പചരക്കായിട്ടല്ല സന്നിവേശിക്കേണ്ടത് മറിച്ച് ദൃഡിശ്ചയത്തിലൂടെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റണം എന്ന് പഠിക്കുകയും പഠിപ്പിക്കുകയും മാതൃകയാക്കുകയും ചെയ്തു. പ്രാര്‍ത്ഥനയിലൂടെ പ്രതിബന്ധങ്ങള്‍ നീങ്ങി ശാശ്വതമായ ഒരു പരിഹാരം ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ചിന്തിക്കുകയും രാത്രിയിലും പകലിലും തന്റെ സഭയ്ക്കുവേണ്ടി ഉണര്‍ന്നിരുന്ന പിതാവിന്റെ സാന്നിദ്ധ്യം ഇന്നും സഭയ്ക്ക് അനുഗ്രഹവും കൃപാവര്‍ഷത്തിന് മുഖാന്തിരവും ആയിതീരുന്നു എന്ന് അവിതര്‍ക്കമില്ലാത്തതാണ്.
സഭയുടെ തനതായ ഭരണനിര്‍വ്വണത്തിന് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി നല്‍കിയിട്ടുള്ള സംഭാവനകള്‍ സഭ ചരിത്രത്തിലെ ഒരു പുതിയ അദ്ധ്യായത്തിനാണ് തുടക്കം കുറിച്ചത്. നിയതമായ ചട്ടങ്ങളും കാനോനകളും വകുപ്പുകളും എഴുതികൊണ്ട് സഭയുടെ ഭരണഘടനയ്ക്ക് വേണ്ടിയുള്ള ഉദ്ധ്യമം ആരംഭിച്ചത് ഈ പിതാവിന്റെ ഏറ്റവും വലിയ ദര്‍ശനമായിരുന്നു. കാതോലിക്കേറ്റ് സ്ഥാപിച്ചുകൊണ്ട് മലങ്കര സഭയെ പൌരസ്ത്യ സഭകളുടെ കൂട്ടത്തില്‍ ലക്ഷണമൊത്ത സഭയാക്കി മാറ്റിയെങ്കില്‍, ഭരണഘടന എന്ന ചട്ട നിര്‍മ്മിതിലൂടെ ഏത് വെല്ലുവിളികളെയും അതിജീവിക്കുവാന്‍ സഭ പര്യാപ്തമാകുന്നു എന്നും തെളിയിച്ചു. 1958-1995 ഇന്ത്യന്‍ സുപ്രീം കോടതി വിധികള്‍ ഈ ഭരണഘടനയ്ക്കു നല്‍കിയ സാധുകരണം വട്ടശ്ശേരില്‍ തിരുമേനിയുടെ ദീര്‍ഘദര്‍ശത്തിനുള്ള അംഗീകാരമായിരുന്നു. മാര്‍ത്തോമ്മാ ശ്ളീഹയുടെ സിംഹാസനത്തിന്റെ അധീകാരികതയാണ് മലങ്കര സഭയുടെ അടിസ്ഥാനം എന്നതില്‍ വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറായില്ല. സഭയുടെ സ്വയം ഭരണാധികാരവും മാര്‍ത്തോമ്മാ ശ്ളീഹായുടെ പരമാധികാരത്തിനും എതിരായി സംസാരിക്കുന്നത് കേള്‍ക്കുന്നത് കഠോരമായതാണ് എന്ന് സഭാ മക്കളെ ഓര്‍മ്മിപ്പിക്കുകയും അബ്ദുള്ള പാത്രിയര്‍ക്കീസിന്റെ അന്യായമായ അവകാശവാദങ്ങളെ നിഷ്കരണം തള്ളിയും എന്നാല്‍ പാത്രിയര്‍ക്കീസിന് ആത്മീയമായി നല്‍കേണ്ട വിധയത്വം കലവറയില്ലാതെ നല്‍കുകയും ചെയ്തു. മലങ്കര സഭയ്ക്ക് ആരുടെയും ആശീര്‍വാദത്തിനു കാത്തുനില്‍ക്കേണ്ട ആവശ്യം  ഇല്ലാ എന്ന് തീര്‍പ്പ് കല്പിച്ചുകൊണ്ട് കിഴക്കിന്റെ കാതോലിക്കമാരായി 1912-ല്‍ മുറിമറ്റത്തില്‍ മാര്‍ ഈവാനിയോസിനെ ബസേലിയോസ് പൌലോസ് പ്രഥമന്‍ എന്ന പേരില്‍ തോമാ ശ്ളീഹായാല്‍ സ്ഥാപിതമായ നിരണം പരിശുദ്ധ മര്‍ത്തമറിയം പള്ളിയില്‍വെച്ച് കിഴക്കിന്റെ കാതോലിക്കയായി വാഴിക്കുവാന്‍ ചങ്കുറ്റം മലങ്കര മക്കള്‍ക്ക് ഉണ്ടെന്ന് പരിശുദ്ധ പിതാവ് തെളിയിക്കുകയും ചെയ്തു. മലങ്കര സഭയുടെ പ്രവര്‍ത്തനം അസോസിയേഷന്‍ വിളിച്ചുകൂട്ടി തീരുമാനം ചെയ്യണം എന്ന വ്യവസ്ഥ അദ്ദേഹം നടപ്പില്‍ വരുത്തുകയും ഭരണഘടനപരമായ സ്ഥിരീകരണം നല്‍കുകയും ചെയ്തു.
പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ ദീര്‍ഘവീക്ഷണം വാക്കുകള്‍ക്ക് അതീതമായ പ്രവര്‍ത്തനമായിരുന്നു. അദ്ദേഹം സമാധാനത്തിന്റെ ശില്പിയായിരുന്നു. എന്നാല്‍ സമാധാനത്തിന്റെ മാനദണ്ഡം അടിമത്വമായിരുന്നു എന്ന് വിശ്വസിച്ചിരുന്നില്ല. സഭയ്ക്കുവേണ്ടി ആരോടും എങ്ങയുെം സമരസപ്പെടുവാന്‍ തനിക്കാവില്ല, അതേസമയം തന്റെ പ്രവര്‍ത്തനം സഭയ്ക്ക് ഭാരമാകാതിരിക്കുവാന്‍ കൂട്ടായ ആലോചനയ്ക്കും, സമതികളിലൂടെ ഉരുത്തിരിക്കുന്ന നല്ല അശയങ്ങളെ പ്രവര്‍ത്തിപദത്തില്‍ എത്തിക്കുന്നതിന് ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചു. ആരും സഭയ്ക്കു മുകളില്‍ അല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുവാന്‍ ലഭിച്ച അവസരങ്ങളില്‍ ഒക്കെ അദ്ദേഹം തയ്യാറായി. ദൈവീകദൌത്യമാണ് തന്നില്‍ വന്നു ചേര്‍ന്നിരിക്കുന്നത് എന്ന ബോധ്യത്തോടെ നിക്ഷപ്തമായ അധികാരങ്ങള്‍ സത്യസന്ധതയോടെ വിനിയോഗിച്ചു. വട്ടശ്ശേരില്‍ തിരുമേനിയുടെ പ്രവര്‍ത്തനം സഭയ്ക്ക് ശക്തിയായിരുന്നു. പിതാവിന്റെ പ്രാര്‍ത്ഥന സഭയ്ക്ക് അനുഗ്രഹമാകുന്നു. പരിശുദ്ധന്റെ ഓര്‍മ്മ വിശ്വാസികള്‍ക്കും പിന്‍ഗാമികള്‍ക്കും പ്രത്യാശയുടെ അനുഗ്രഹം ചൊരിയുന്നതാണ്. വട്ടശ്ശേരില്‍ തിരുമേനിയുടെ പ്രാര്‍ത്ഥനയും മദ്ധ്യസ്ഥതയും എന്നും മലങ്കര മക്കള്‍ക്ക് കോട്ടയായിത്തീരട്ടെ!

Comments

comments

Share This Post

Post Comment