കായംകുളം കാദീശാ പള്ളി സെമിത്തേരി ഓര്‍ത്തഡോക്സ് പള്ളി വക

കായംകുളം: കാദീശാ കത്തീഡ്രല്‍ സെമിത്തേരി പൂര്‍ണമായും ഓര്‍ത്തഡോക്സ് പള്ളിവകയാണെന്നും യാക്കോബായ വിഭാഗത്തിനു സെമിത്തേരിയില്‍ കയറുവാന്‍ അനുവാദം ഇല്ലെന്നും മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് ജോണ്‍, ഇടവക വികാരി ഫാ. ടി.ടി. തോമസ്, സഹവികാരി ഫാ. ഷിജി കോശി എന്നിവര്‍ പറഞ്ഞു.
യാക്കോബായ ഇടവകാംഗങ്ങള്‍ മരിച്ചാല്‍ കത്തീഡ്രലിനു നല്‍കേണ്ട ഫീസ് നല്‍കി, അനുവാദം വാങ്ങിയശേഷം പട്ടക്കാര്‍ ഒഴികെയുള്ള ബന്ധുക്കള്‍ക്കുമാത്രം സെമിത്തേരിയില്‍ കയറി ശവസംസ്കാരം നടത്തുവാന് അനുവാദമുള്ളു. ഈ അനുവാദവും അപ്പീല്‍ കേസിലുള്ള താല്‍ക്കാലിക ഉത്തരവു മാത്രമാണ്. കഴിഞ്ഞ ദിവസം നടന്ന പോലീസ് ലാത്തിചാര്‍ജ്ജില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചതായും അവര്‍ പറഞ്ഞു.
പ്രകോപനമില്ലാതെ വൈദികരെയും ഇടവകാംഗങ്ങളെയും മര്‍ദ്ദിച്ച പോലീസ് നടപടിക്കെതിരെ കത്തീഡ്രലില്‍ കൂടിയ യോഗം പ്രതിഷേധിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന അടിസ്ഥാനത്തില്‍ റാലിയും പ്രതിഷേധ സമരവും മാറ്റിവയ്ക്കാന്‍ ഇടവക മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.
കാദീശാപള്ളി സെമിത്തേരിയില്‍ കയറി വിശ്വാസികളെ ലാത്തിചാര്‍ജ്ജ് ചെയ്ത നടപടിയില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ മാവേലിക്കര ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് ആവശ്യപ്പെട്ടു.

Comments

comments

Share This Post

Post Comment