മാര്‍ ക്ളിമ്മീസിന്റെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലി ആഘോഷം 15ന്

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്തായുടെ പൌരോഹിത്യ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഭദ്രാസന അടിസ്ഥാനത്തിലുള്ള ആഘോഷം 2014 മാര്‍ച്ച് 15ന് 10ന് കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. Basil Pathrika March 2014
15ന് രാവിലെ 7ന് ബേസില്‍ അരമനയില്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. സഭയിലെ കോര്‍-എപ്പിസ്കോപ്പാമാര്‍, റമ്പാന്മാര്‍, വൈദീകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് ജൂബിലി സ്തോത്ര പ്രാര്‍ത്ഥനയ്ക്കുശേഷം സമ്മേളനം നടക്കും. സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബേസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ജൂബിലി ക്ഷേമപദ്ധതി ഉദ്ഘാടനം മന്ത്രി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. കേരള ഹൈക്കോടതി ജഡ്ജി സുരേന്ദ്ര മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ ജൂബിലി സന്ദേശം നല്‍കും. മംഗളപത്ര സമര്‍പ്പണം ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോര്‍ജ്ജ് നിര്‍വഹിക്കും.
വൈദീകര്‍, 82 ഇടവകകളുടെ ട്രസ്റിമാര്‍, സെക്രട്ടറിമാര്‍, ഭദ്രാസന പ്രതിനിധികള്‍, മലങ്കര അസോസിയേഷന്‍ പ്രതിനിധികള്‍, ഇടവക മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ നേതാക്കള്‍ തുടങ്ങിയവരും സംബന്ധിക്കും.
പൌരോഹിത്യ സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഒരു വര്‍ഷത്തെ ജീവകാരുണ്യ ക്ഷേമപദ്ധതികള്‍ക്കാണ് തുടക്കം കുറിക്കുക. അര്‍ബുദരോഗികള്‍ക്ക് സഹായം, ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കല്‍, ഡയാലിസിസിന് സാമ്പത്തിക സഹായം നല്‍കല്‍, രോഗികള്‍ക്ക് ചികിത്സാ ധനസഹായം, 50 വിദ്യാര്‍ത്ഥികളെ ദത്തെടുക്കല്‍ തുടങ്ങിയവ മാര്‍ ക്ളിമ്മീസ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ മുഖേന നടത്തുമെന്ന് പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ഫാ. വര്‍ഗീസ് മാത്യു, സഭാ മാനേജിംഗ് കമ്മിറ്റി അംഗം ഫാ. റോയ് മാത്യു എന്നിവര്‍ അറിയിച്ചു. സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ വാഹനങ്ങള്‍ കാതോലിക്കേറ്റ് കോളജ് ഗ്രൌണ്ടില്‍ പാര്‍ക്ക് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്ത അയച്ചത്: സുനില്‍ കെ. ബേബി

Comments

comments

Share This Post

Post Comment