മാര്‍ ക്ളിമ്മീസ് സഭയുടെയും സമൂഹത്തിന്റെയും ശക്തിസ്രോതസ്: മന്ത്രി കെ.എം. മാണി

പത്തനംതിട്ട: പ്രകൃതിസ്നേഹിയും പരിസ്ഥിതി സംരക്ഷകനും സഭയുടെയും സമൂഹത്തിന്റെയും ശക്തിസ്രോതസ്സും ചൈതന്യവുമാണ് അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ളിമ്മീസെന്ന് മന്ത്രി കെ.എം. മാണി. തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്തയുടെ പൌരോഹിത്യ സുവര്‍ണ ജൂബിലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുമുഖപ്രതിഭയും ആശയങ്ങളെ പ്രവൃത്തിയാക്കുന്ന ജീവിതത്തിന് ഉടമയുമാണ് കുറിയാക്കോസ് മാര്‍ ക്ളിമ്മീസെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.
സാധാരണക്കാര്‍ക്ക് ഏതെല്ലാം മേഖലകളില്‍ കടന്നുചെന്ന് പ്രവര്‍ത്തിക്കാമെന്ന് അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് തെളിയിച്ചു. ഇടയശ്രേഷ്ഠന്മാര്‍ മാതൃകയായി എങ്ങനെ ജീവിക്കണമെന്ന് സഭയ്ക്കും സമൂഹത്തിനും അദ്ദേഹം കാണിച്ചുതന്നതായും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
ലോകം നേരിടുന്ന പരിസ്ഥിതി വെല്ലുവിളികളെ അതിജീവിക്കാന്‍ മാര്‍ ക്ളിമ്മീസ് തിരുമേനിയുടെ ജീവിതവും ദര്‍ശനങ്ങളും മാതൃകാപരമാണെന്നു ജസ്റ്റിസ് സുരേന്ദ്രമോഹന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. സഹജീവികളോടുള്ള സ്നേഹവും സാന്ത്വനവുമാണ് താന്കണ്ട അഭിവന്ദ്യ തിരുമേനിയുടെ ഏറ്റവും വലിയ ഗുണമെന്ന് ക്ഷേമപദ്ധതികളുടെ ഉദ്ഘാനം നിര്‍വഹിച്ച മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു.  ചെങ്ങന്നൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ  ജൂബിലി സന്ദേശം നല്‍കി.
മംഗളപത്ര സമര്‍പ്പണം ഭദ്രാസന സെക്രട്ടറി ഫാ. ടൈറ്റസ് ജോര്‍ജ് നിര്‍വഹിച്ചു. ആന്റോ ആന്റണി എം.പി., അഡ്വ. കെ.ശിവദാസന്‍ നായര്‍ എം.എല്‍.എ., മാര്‍ത്തോമ്മ സഭ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ് എപ്പിസ്ക്കോപ്പ, ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ്, ഡോ. സഖറിയാ മാര്‍ അപ്രേം, അഡ്വ. എ.സുരേഷ്കുമാര്‍, മുന്‍ എം.എല്‍.എ. ജോസഫ് എം.പുതുശ്ശേരി, തോമസ് ജോണ്‍സണ്‍ കോര്‍ എപ്പിസ്ക്കോപ്പ, ഫാ. യോഹന്നാന്‍ ശങ്കരത്തില്‍, ഫാ. റോയി മാത്യു, ഫാ. ചെറിയാന്‍ ടി.ശാമുവേല്‍, ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, റെജി മാത്യു മൈലപ്ര, ഫാ. തോമസ് കെ.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment