മെത്രാപ്പോലീത്താമാരുടെ സ്ഥലമാറ്റം സംബന്ധിച്ച പ്രമേയം പാസായി

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയിലെ മെത്രാപ്പോലീത്താമാരുടെ പൊതുട്രാന്‍സ്‌ഫറും റിട്ടയര്‍മെറ്റും സംബന്ധിച്ച്‌ ആവശ്യമായ തീരുമാനങ്ങള്‍ സ്വീകരിക്കണമെന്നും അവ ഉടന്‍ പ്രാബല്യത്തില്‍ വരുത്തുവാന്‍ തക്കതായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവായോട്‌ അഭ്യര്‍ത്ഥിക്കുന്ന പ്രമേയം പഴയസെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ്‌ കമ്മറ്റി യോഗം ഐക്യകണ്‌ഠേന പാസ്സാക്കി.
ഫാ ഡാനിയേല്‍ പുല്ലേലി അവതരിപ്പിച്ച പ്രമേയത്തെ കോരസണ്‍ വര്‍ഗീസ്‌ പിന്‍തുണച്ചു. 81 സഭാ മാനേജിംഗ്‌ കമ്മറ്റി അംഗങ്ങള്‍ ഒപ്പിട്ട നിവേദനം പരിശുദ്ധ കാതോലിക്കാ ബാവായ്‌ക്ക്‌ സമര്‍പ്പിച്ചിരുന്നു.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ നിലവില്‍ ലോകത്തൊട്ടാകെ 30 ഭദ്രാസനങ്ങളാണുള്ളത്‌. സ്ഥലം മാറ്റങ്ങള്‍ അത്യാവശ്യ സാഹജര്യങ്ങളില്‍ മാത്രമേ ഇതുവരെ നടന്നിട്ടുള്ളു. എന്നാല്‍ മെത്രാപ്പോലീത്താമാരുടെ കഴിവുകള്‍ എല്ലാ ഭദ്രാസനത്തിനും ലഭിക്കത്തക്കവണ്ണം സ്ഥലം മാറ്റം ക്രമീകരിക്കണമെന്ന്‌ കാലങ്ങളായി നിലനിന്ന സഭാംഗങ്ങളുടെ ആവശ്യമാണ്‌ ഇതോടെ സഭയുടെ സത്വര പരിഗണനയില്‍ എത്തുന്നത്‌.
പരിശുദ്ധ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെത്രാപ്പോലീത്താമാരും ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 167 പ്രതിനിധികളും സംബന്ധിച്ചു.

Comments

comments

Share This Post

Post Comment