പൌലോസ് പ്രഥമന്‍ ബാവായുടെ 101-ാമത് ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി

പാമ്പാക്കുട ചെറിയപള്ളിയില്‍ സഭയെ വൈദേശിക ശക്തികളില്‍ നിന്ന് മോചിപ്പിച്ച് കാതോലിക്കേറ്റിന്റെ കുടക്കീഴില്‍ ഒരുമിപ്പിച്ച് നിര്‍ത്തി സ്വാതന്ത്യ്രത്തിലേക്ക് നയിച്ച പുണ്യപിതാവ്, മലങ്കര സഭയുടെ ഒന്നാം കാതോലിക്കാ പരിശുദ്ധ ബസേലിയോസ് പൌലോസ് പ്രഥമന്‍ ബാവാ (മുറിമറ്റത്തില്‍ ബാവാ) യുടെ 101-ാമത് ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടി. Photo Gallery
ഇന്നലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. മുറിമറ്റത്തില്‍ ബാവായുടെ ജീവിതം സഭയ്ക്കും സമൂഹത്തിനും മാത്രികയാണെന്ന് അനുസ്മരണ സമ്മേളനത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വികാരി ഫാ. ഏബ്രഹാം പാലപ്പിള്ളില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ, ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ, പഴയ സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, വന്ദ്യ സ്കറിയാ പി. ചാക്കോ കോര്‍-എപ്പിസ്കോപ്പാ, ഫാ. ടി.വി. അന്ത്രയോസ്, ഫാ. വി.എം. പൌലോസ്, ഫാ. എന്‍.എ. പൌലോസ്, ഫാ. ജോണ്‍ കുര്യാക്കോസ്, ഫാ. ജോസഫ് മാലയില്‍, ഫാ. തോമസ് ചകിരിയില്‍, ഫാ. റോബിന്‍ മര്‍ക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
മലങ്കരയിലെ പ്രഥമ കാതോലിക്കാ ബസേലിയോസ് പൌലോസ് പ്രഥമന്‍ ബാവായുടെ മാതൃ ഇടവകയായ കോലഞ്ചേരി പള്ളിയില്‍ നിന്നും, നീറാംമുകളില്‍ നിന്നും, പിറവം മേഖലയില്‍ മുളക്കുളം, ഓണക്കൂര്‍ ഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകരെത്തി. കോലഞ്ചേരി, നീറാംമുകള്‍ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ചുണ്ടി, മീമ്പാറ, പൂത്തൃക്ക, വഴി സംയുക്തമായാണ് ബാവായുടെ കബറിങ്കലെത്തിയത്.
കോലഞ്ചേരി പള്ളിയുടെ ചാപ്പലായ കോട്ടൂര്‍ പള്ളിയില്‍ തീര്‍ത്ഥാടന സംഘത്തെ സ്വീകരിച്ചു. തീര്‍ത്ഥാടക സംഘത്തെ പാമ്പാക്കുട കവലയില്‍ പാമ്പാക്കുട വലിയ പള്ളി വികാരിയും ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റിയുമായ ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ഹാരമിട്ട് സ്വീകരിച്ചു. തുടര്‍ന്ന് പാമ്പാക്കുട ചെറിയ പള്ളിയുടെ ചാപ്പലായ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ചാപ്പലില്‍ മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ ചേര്‍ന്ന് സ്വീകരിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥ, പ്രസംഗം, ധൂപപ്രാര്‍ത്ഥ എന്നിവയും നടന്നു.

Comments

comments

Share This Post

Post Comment