ഭക്തിസാന്ദ്രമായി പുതുപ്പള്ളി വെച്ചൂട്ട്

പുതുപ്പള്ളി: പുതുപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന വെച്ചൂട്ടില്‍ പങ്കെടുക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. കുഞ്ഞുങ്ങള്‍ക്ക് വൈദികരുടെ നേതൃത്വത്തില്‍ ആദ്യചോറൂട്ടും നടത്തി.
രാവിലെ നടന്ന ഒമ്പതിന്മേല്‍ കുര്‍ബ്ബാനയ്ക്ക് സൌത്ത്-വെസ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്നായിരുന്നു വെച്ചൂട്ട്. 751 പറ അരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കിയത്. മാങ്ങാക്കറിയും മോരും ചേര്‍ത്ത വെച്ചൂട്ട് പാളകൊണ്ടു നിര്‍മ്മിച്ച പ്ളേറ്റിലായിരുന്നു വിളമ്പിയത്. വി.ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പിങ്കല്‍ നടന്ന അഖണ്ഡ പ്രാര്‍ത്ഥനാ ചടങ്ങിലും ആയിരങ്ങള്‍ പങ്കെടുത്തു. വെച്ചൂട്ടിനെ തുടര്‍ന്ന് കോഴി ലേലം, അങ്ങാടി ഇരവിനെല്ലൂര്‍ കവല ചുറ്റി പ്രദക്ഷിണം എന്നിവയും നടന്നു. പെരുന്നാള്‍ സമാപനത്തിലെ പ്രധാന നേര്‍ച്ചയായ അപ്പവും കോഴിയിറച്ചിയും വിളമ്പിനു ശേഷമാണ് തീര്‍ത്ഥാടക സമൂഹം മടങ്ങിയത്.
വികാരി ഫാ. മാത്യു വര്‍ഗീസ് വലിപീടികയില്‍, ഫാ. എം.കെ. ഫിലിപ്പ് മാടാംകുന്നേല്‍, ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍, കൈക്കാരന്മാരായ ലിജോയ് വര്‍ഗീസ് കളപ്പുരയ്ക്കല്‍, കെ. ജോര്‍ജ്ജ് കെടുവത്ത് കരോട്ട്, സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍ എന്നിവര്‍ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങുകളില്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment