ബഹറിന്‍ കത്തീഡ്രലില്‍ വി.ഗീവര്‍ഗീസ് സഹദായുടെ പെരുന്നാള്‍ ആചരിച്ചു

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വി.ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തിലും, മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ സഹകാര്‍മികത്വത്തിലുമാണ് പെരുന്നാള്‍ ചടങ്ങുകള്‍ നടന്നത്.
6ന് വൈകിട്ട് നടന്ന സന്ധ്യാപ്രാര്‍ത്ഥനയ്ക്കും പ്രഭാഷണത്തിനും പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നല്‍കി. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ബഹറിനില്‍ രാജകുടുംബവും ക്രൈസ്തവരും തമ്മില്‍ പ്രത്യേകിച്ച് ഓര്‍ത്തഡോക്സ് വിശ്വാസികളുമായി നല്ല ബന്ധമാണെന്നും അത് ഓരോ ഭരണാധികാരികളുമായി സംസാരിക്കുമ്പോള്‍ തന്നെ മനസ്സിലാവുന്നുണ്ടെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. തുടര്‍ന്ന് നടന്ന ഭക്തിനിര്‍ഭരമായ റാസയ്ക്കും, ശ്ളൈഹിക വാഴ്വിനും  വിശ്വാസികള്‍ പ്രാര്‍ത്ഥാപൂര്‍വ്വം പങ്കുചേര്‍ന്നു.
7ന് രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മുംബൈ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായും അഭിവന്ദ്യ തിരുമേനിയും നേതൃത്വം വഹിച്ച പെരുന്നാള്‍ ശുശ്രൂഷയില്‍ വന്നുചേര്‍ന്ന വിശ്വാസികള്‍ക്ക് ഇടവക വികാരി ഫാ. വര്‍ഗീസ് യോഹന്നാന്‍, ട്രസ്റി തോമസ് കാട്ടുപറമ്പില്‍, സെക്രട്ടറി സാബു ജോണ്‍ എന്നിവര്‍ നന്ദിയും അറിയിച്ചു.
വാര്‍ത്ത അയച്ചത്: ഡിജു ജോണ്‍

Comments

comments

Share This Post

Post Comment