ആചാരത്തനിമയിലും ഭക്തിനിറവിലും ചന്ദനപ്പള്ളി ചെമ്പെടുപ്പ്

ചന്ദനപ്പള്ളി: ആചാരത്തനിമയുടെയും ഭക്തിനിര്‍ഭരതയുടെയും അന്തരീക്ഷത്തില്‍ ചന്ദനപ്പള്ളി ചെമ്പെടുപ്പ് നടന്നു. വ്യാഴാഴ്ച വൈകിട്ട് മൂന്നിന് പള്ളിയില്‍ നിന്ന് ചെമ്പെടുപ്പ് റാസ പുറപ്പെട്ടു. മുത്തുക്കുടകളും ചെണ്ടമേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന റാസയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ചന്ദനപ്പള്ളി ജംഗ്ഷില്‍ റാസയ്ക്ക് പൌരസ്വീകരണം നല്‍കി. പ്രൊഫ. ഇറവങ്കര പ്രസംഗിച്ചു. തുടര്‍ന്ന് ചെമ്പിന്‍മൂട്ടിലേക്ക് റാസ നടന്നു. ചെമ്പിന്‍മൂട്ടില്‍ പാതിവേവിച്ച ചോറടങ്ങിയ രണ്ട് ചെമ്പുകള്‍, കുറുകെ കെട്ടിയ മുളന്തുണ്ടുകളില്‍ പിടിച്ച് എടുത്തുയത്തിയതോടെ ചന്ദനപ്പള്ളി ചെമ്പെടുപ്പ് തുടങ്ങി. ആഘോഷപൂര്‍വ്വം മുളങ്കമ്പുകളില്‍ കെട്ടിയ ചെമ്പുകളുമായി വിശ്വാസികള്‍ക്ക് നടുവിലൂടെ പള്ളിക്ക് സമീപമുള്ള കുതിരപ്പുരയിലേക്ക് നീങ്ങി. പൂക്കളും വെറ്റിലയും വിതറി വിശ്വാസികള്‍ ചെമ്പെടുപ്പ് ഘോഷയാത്രയെ വരവേറ്റു. കുതിരപ്പുരയില്‍ ഇറക്കിവെച്ച ചെമ്പുകളിലെ പാതിവേവിച്ച ചോറ് വിശ്വാസികള്‍ക്ക് നേര്‍ച്ചയായി വിളമ്പി. ഇങ്ങനെ 11 ചെമ്പുകളിലെ ചോറാണ് വിശ്വാസികള്‍ക്ക് വിളമ്പിയത്.
രാവിലെ ചെമ്പിന്‍മൂട്ടില്‍വെച്ച ചെമ്പില്‍ ആചാരപ്രകാരം അങ്ങാടിക്കല്‍ വടക്ക് മേക്കാട്ട് നായര്‍ത്തറവാട്ടിലെ കാരണവര്‍ അരിയിട്ടതോടെയാണ് ചന്ദനപ്പള്ളി ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വിശ്വാസികള്‍ വീടുകളില്‍ നിന്ന് നേര്‍ച്ചയായി കൊണ്ടുവന്ന അരി ചെമ്പുകളില്‍ ഇട്ടുകൊണ്ടിരുന്നു. ഇങ്ങനെ കൊണ്ടുവന്ന അരി, പാതിവേവിച്ചതാണ് ചെമ്പെടുപ്പിനും, നേര്‍ച്ച വിളമ്പിനും ഉപയോഗിച്ചത്.
രാവിലെ പള്ളിയില്‍ നടന്ന മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. മാത്യൂസ് മാര്‍ തേവോദോസിയോസ്, അലക്സിയോസ് മാര്‍ യൌസേബിയോസ് എന്നീ മെത്രാപ്പോലീത്തമാര്‍ സഹകാര്‍മികരായിരുന്നു. 11ന് നടന്ന തീര്‍ത്ഥാടക സംഗമത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. ജസ്റിസ് സുരേന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. കുടുംബജീവിതം പ്രാര്‍ത്ഥയിലധിഷ്ഠിതമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്ജ് പുരസ്കാരം സാഹിത്യകാരന്‍ ബന്ന്യാമിന് ജസ്റിസ് സുരേന്ദ്രമോഹന്‍ സമ്മാനിച്ചു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ., തോമസ് എം. പുതുശ്ശേരി, വികാരി ഫാ. രാജു ഡാനിയേല്‍, ട്രസ്റി വര്‍ഗീസ് കെ. ജെയിംസ്, കെ.ജി. ജോയിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment