ബാബുവിന്റെ കാരുണ്യത്തിന്റെ വീട് കാതോലിക്ക ബാവ കൂദാശ ചെയ്തു

കുന്നംകുളം: മനുഷ്യത്വത്തിന്റെ പര്യായമായ ബാബു ഒരിക്കല്‍ക്കൂടി ഓര്‍ക്കപ്പെട്ട നിമിഷങ്ങളായിരുന്നു അടുപ്പുട്ടി നിവാസികള്‍ക്ക് ശനിയാഴ്ച. പനയ്ക്കല്‍ വീട്ടില്‍ ബാബു തന്റെ ജീവിതം നാലുപേര്‍ക്ക് ദാനമായി നല്കി വിട്ടുപിരിഞ്ഞതോടെ ഒറ്റപ്പെട്ടത്‌ േരാഗികളായ മാതാപിതാക്കളും ഭിന്നശേഷിയുള്ള സഹോദരങ്ങളും. കാരുണ്യത്തിന്റെ തൂവല്‍സ്പര്‍ശമായി പുതിയ വീട് ബാബുവിന്റെ കുടുംബങ്ങള്‍ക്ക് ശനിയാഴ്ച സമര്‍പ്പിച്ചു.
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കബാവ സ്‌നേഹവീട് കൂദാശ ചെയ്തു. കുന്നംകുളത്തിന്റെ ഉത്തമ മാതൃകയാണ് ബാബുവും കുടുംബവും എന്ന് പറഞ്ഞ ബാവ പിതാവ് പാപ്പച്ചന്റെ കയ്യില്‍ വീടിന്റെ താക്കോല്‍ ഏല്പിച്ചു. മസ്തിഷ്‌കമരണം മൂലം ജനവരി രണ്ടിന് വിട്ടുപിരിഞ്ഞ കുടുംബത്തിന് നാല്മാസംകൊണ്ടാണ് വീട് പണിത് നല്കിയത്. ബാബു സ്മാരക കുടുംബ സഹായസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒമ്പതേകാല്‍ ലക്ഷം രൂപയ്ക്കാണ് ചുറ്റുമതിലോട് കൂടിയ വീടും കുടിവെള്ള പദ്ധതിയും നടപ്പിലാക്കിയത്.
കൂദാശ ചെയ്ത പരിശുദ്ധ കാതോലിക്കബാവ ഒരു ലക്ഷം രൂപയാണ് വീട് പണിക്ക് നല്കിയത്. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഒന്നേകാല്‍ ലക്ഷവും നല്കി. വിദ്യാര്‍ത്ഥികളും ചുമട്ടുതൊഴിലാളികളും തങ്ങളുടെ ഓഹരികളും കുടുംബ സഹായ സമിതി ചെയര്‍മാന്‍ ഉമാപ്രേമനെ ഏല്പിച്ചു. രണ്ട് കിടപ്പുമുറികളും അടുക്കളയും സിറ്റ്ഔട്ടും ഭക്ഷണ മുറിയും അടങ്ങിയ വീടിന്റെ പാല്‍കാച്ചാനെത്തിയ അമ്മ തങ്കമണി മകനെക്കുറിച്ചോര്‍ത്തപ്പോള്‍ വാവിട്ട് കരഞ്ഞു. ആശ്വാസ വാക്കുകളുമായി ബാബു എം. പാലിശ്ശേരി എം.എല്‍.എ., ആസൂത്രണബോര്‍ഡ് അംഗം സി.പി. ജോണ്‍, നഗരസഭാ ചെയര്‍മാന്‍ സി.കെ. ഉണ്ണികൃഷ്ണന്‍, ടി.വി. ചന്ദ്രമോഹന്‍, എം. ബാലാജി, ഷാജി ആലിക്കല്‍, ലെബീബ് ഹസ്സന്‍ തുടങ്ങിയവരും ചടങ്ങിനെത്തി. ബാബുവിന്റെ ഓര്‍മ്മയ്ക്കായി അമ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളപദ്ധതിയും നടപ്പിലാക്കി.
വാര്‍ത്ത അയച്ചത്: ജിജി വര്‍ഗീസ്

Comments

comments

Share This Post

Post Comment