പരുമലയുടെ മാനസപുത്രന് വിടചൊല്ലി

പരുമല: പത്തനാപുരവും മലബാറും പോലെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായ്ക്ക് പരുമലയോടും എന്നും പ്രിയമായിരുന്നു.
ബാല്യകാലത്തില്‍ കുഞ്ഞോമ്മാച്ചായും പിന്നീട് സി.ടി. തോമസ് അച്ചനായും നിരവധി തവണ പദയാത്രയായി മാവേലിക്കരയില്‍ നിന്നും പത്തനാപുരത്തുനിന്നും പരുമലയിലെത്തിയിരുന്ന പരിശുദ്ധ വലിയ ബാവാ തന്റെ അന്ത്യനാളുകള്‍ കഴിച്ചുകൂട്ടിയതും പരിശുദ്ധായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന മണ്ണിലാണ്.
മലബാര്‍ ഭദ്രാസന അധിപനായിരുന്നപ്പോഴും എല്ലാ വര്‍ഷവും പരുമല പെരുന്നാളിന് എത്തുന്ന പതിവ് അദ്ദേഹം തെറ്റിച്ചിരുന്നില്ല. പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഒരാഴ്ചക്കാലം പരുമല തീര്‍ത്ഥാടനവാരമായി ക്രമീകരിക്കുന്നതില്‍ തോമസ് മാര്‍ തീമോത്തിയോസ് വഹിച്ച പങ്ക് വലുതാണ്.
തന്റെ മുന്ഗാമി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ അനുഗ്രഹ കൈവെയ്പ്പോടെ സഭയുടെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തതും പരുമല പള്ളിയില്‍ വെച്ചാണ്. പിന്‍ഗാമിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് വഴിയൊരുക്കി സ്ഥാനത്യാഗം ചെയ്തതും പരുമലയുടെ മണ്ണില്‍വെച്ചാണ്.
എല്ലാ വര്‍ഷവും പരുമല തീര്‍ത്ഥാടന വാരത്തോട് അനുബന്ധിച്ചാണ് ഈ വലിയ ഇടയന്റെ ജന്മദിനമെന്നതും പരിശുദ്ധന്റെ ഈ മണ്ണുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം ദൃഡമാക്കുന്നു. സഭയുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധന്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തില്‍ കണ്ണീരൊഴുക്കി പ്രാര്‍ത്ഥനക്കെത്തുന്ന ഈ ശ്രേഷ്ഠ പിതാവിന് പമ്പയുടെ പുണ്യതീരം ഇന്നലെ രാത്രി വിടചൊല്ലുമ്പോള്‍ പലരുടെയും കണ്ണുകളില്‍ ഈറണിഞ്ഞിരുന്നു.

Comments

comments

Share This Post

Post Comment